വാക്കോണം
വാക്കുകള്‍കൊണ്ട്
ഒരു ഓണപ്പൂക്കളം
ഓണം പൂക്കളുടെ മാത്രമല്ല ഭാഷയുടെയും ഉത്സവമാണ്. പറഞ്ഞാല്‍ തീരാത്തത്ര പാട്ടുകളും കഥകളുമുണ്ട് ഓണവുമായി ബന്ധപ്പെട്ട്.
നമ്മുടെ കവികളെയും കഥയെഴുത്തുകാരെയും എന്നു പ്രചോദിപ്പിച്ചുള്ള സങ്കല്‍പ്പമാണ് ഓണത്തിന്‍റേത്. അത്തം പത്തിന് പൊന്നോണം എന്നാണല്ലോ. ഓണവുമായി ബന്ധപ്പെട്ട പത്തു വാക്കുകളെയും അതിന്റെ പിന്നിലെ കഥകളെയും കാര്യങ്ങളെയും പരിചയപ്പെടുത്തുകയാണ് പി. കെ. തിലക്.
അത്തപ്പൂവ് (ഓണപ്പൂക്കളം)
ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് വീട്ടുമുറ്റത്ത് കുട്ടികള്‍ ഒരുക്കുന്ന പൂക്കളമാണ് അത്തപ്പൂവ്. പരമ്പരാഗതരീതി അനുസരിച്ച് അത്തം നാളില്‍ ആരംഭിച്ച് പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന പൂക്കളം തീര്‍ക്കല്‍ ചടങ്ങാണിത്. ഒന്നാം ദിവസം ഒരിനം പൂവില്‍ ആരംഭിച്ച് തിരുവോണമായ പത്താം ദിവസം എത്തുമ്പോള്‍ പത്തിനം പൂക്കള്‍ കൊണ്ട് പൂക്കളം ഒരുക്കുന്നു. തുമ്പപ്പൂവാണ് പൂക്കളത്തിലെ പ്രധാന ഇനം. പൂവിളിയുമായി പൂക്കൂടകളുമേന്തി അതിരാവിലെ പൂപറിക്കാന്‍ പോകുന്ന കുട്ടികള്‍ ഓണക്കാലത്തിന്റെ മധുരസ്മൃതികളുടെ ഭാഗമാണ്. ഓണത്തോടനുബന്ധിച്ച് ഇന്ന് വീടുകള്‍ക്കു പുറമെ പൊതുസ്ഥാപനങ്ങളില്‍ അടക്കം പൂക്കളം ഒരുക്കാറുണ്ട്. വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങള്‍ ഓണപ്പൂക്കളത്തിന്റെ ഭാഗമായി കാണാം. മത്സരമായും ഇത് സംഘടിപ്പിക്കാറുണ്ട്.
ഉത്രാടപ്പാച്ചില്‍
തിരുവോണത്തിന്റെ തലേന്നാളാണ് ഉത്രാടം. ഓണം ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത് തലേന്നാളായ ഉത്രാടത്തിനാണ്. സദ്യവട്ടത്തിനുള്ള ജോലികള്‍ തലേന്ന് നടത്തണം. സ്ത്രീകള്‍ക്ക് അതിന്റെ തിരക്കാവും. അടുക്കളജോലികള്‍ യന്ത്രസഹായത്തോടെ ചെയ്യാന്‍ തുടങ്ങിയ കാലത്തിനു മുമ്പ് ഓണവിഭവങ്ങള്‍ ഒരുക്കാന്‍ ധാരാളം സമയം ആവശ്യമായിരുന്നു. പച്ചക്കറികളും മറ്റും വാങ്ങാന്‍ ഓടിനടക്കുന്നതും ഉത്രാടനാളില്‍ത്തന്നെ. കൃഷിയെ ആശ്രയിച്ചുള്ള ജീവിതം നയിച്ചിരുന്നവര്‍ കാര്‍ഷികവിഭവങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും പ്രധാനമായും ഓണത്തോട് അടുത്ത ദിവസങ്ങളിലാണ്. അതിനാല്‍ ആ വരുമാനം ഉപയോഗിച്ച് വസ്ത്രങ്ങളും മറ്റും വാങ്ങാനും പുറപ്പെടുന്നത് ഉത്രാടത്തിനാവും. അങ്ങനെ ഉത്രാടനാള്‍ തിരക്കുപിടിച്ചതായി മാറുന്നു. ഇങ്ങനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന പ്രയോഗം ഉണ്ടായത്. വിശേഷദിവസങ്ങള്‍ക്ക് നക്ഷത്രത്തിന്റെ പേരു നല്‍കുന്ന രീതി കേരളത്തിന്റെ സവിശേഷതയാണ്. അത്തം തുടങ്ങി ഇരുപത്തെട്ടു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ ചാന്ദ്രമാസം. അത്തം പത്തിനു പൊന്നോണം എന്നു പറയാറുണ്ട്. തിരുവോണം എന്ന നക്ഷത്രം വരുന്നത് അത്തം നക്ഷത്രത്തെ തുടര്‍ന്നുള്ള പത്താമത്തെ ദിസമാണ്.
പുലിക്കളി
ഓണത്തോടനുബന്ധിച്ചു നടത്തുന്ന ഒരു നാടന്‍ കലാരൂപമാണ് പുലിക്കളി. ഇതിന് കടുവകളി എന്നും പറയാറുണ്ട്. പുലിയുടെ വേഷം കെട്ടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൃത്തച്ചുവടുകള്‍ വച്ച് നീങ്ങുന്ന ഒരു ഘോഷയാത്ര ആയാണ് ഇത് നടത്തിവരുന്നത്. നാലാം ഓണത്തിന് തൃശ്ശൂരിലെ സ്വരാജ് റൗണ്ടിനു ചുറ്റുമുള്ള വീഥിയില്‍ സംഘടിപ്പിക്കുന്ന പുലിക്കളി പ്രസിദ്ധമാണ്. ഇവിടെ വിവിധ ദേശങ്ങളില്‍നിന്നുള്ള പുലിക്കളി സംഘങ്ങള്‍ മത്സരബുദ്ധിയോടെ അരങ്ങത്തെത്തുന്നു. പുലികളും വേട്ടക്കാരും വാദ്യക്കാരും ജനസഹസ്രങ്ങളുടെ അകമ്പടിയോടെ നഗരത്തെ വലയംചെയ്യുന്ന കാഴ്ച അതീവ ഹൃദ്യമാണ്. പുലിക്കളിക്ക് കൊഴുപ്പേകാന്‍ നിറപ്പകിട്ടാര്‍ന്ന കെട്ടുകാഴിചകളും ഉണ്ടാവും. ദീര്‍ഘനാളത്തെ തയ്യാറെടുപ്പ് ഇതിനു പിന്നിലുണ്ട്. കറുപ്പും കടുംമഞ്ഞയും വരകള്‍ കൊണ്ടാണ് പുലികളുടെ രൂപം ചിത്രീകരിക്കുന്നത്. പുലിമുഖം ശരീരത്തില്‍ വരച്ചുചേര്‍ത്ത് കടുവയുടെ മുഖംമൂടിയും വാലും വച്ചുകെട്ടി പുലികള്‍ പുറപ്പെടുന്നു. പുലിയുടെ രൂപം ശരീരത്തില്‍ ആലേഖനം ചെയ്യുന്ന പ്രവര്‍ത്തനം തലേന്നു രാത്രിതന്നെ ആരംഭിക്കുന്നു. ആചാരപ്രകാരം ഗണപതിക്ക് നാളികേരമുടച്ച് പുലിവേഷക്കാര്‍ അണിചേരുന്നു. നിറപ്പൊടികളും വാര്‍ണീഷും പ്രത്യേക പാകത്തിന് അരച്ചുചേര്‍ത്താണ് പുലിക്കളിക്കുള്ള നിറക്കൂട്ട് തയ്യാറാക്കുന്നത്.
കുമ്മാട്ടിക്കളി
ഓണത്തോടനുബന്ധിച്ച് തൃശ്ശൂര്‍ ജില്ലയില്‍ അരങ്ങേറുന്ന ഒരു നാടോടി കലാരൂപമാണ് കുമ്മാട്ടി. പാലക്കാടും വയനാടും കുമ്മാട്ടിക്കളി നടത്തുന്നത് മകരം, കുംഭം മാസങ്ങളിലാണ്. കാര്‍ഷികോത്സവം എന്ന നിലയിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. തൃശ്ശൂരില്‍ തിരുവോണം, അവിട്ടം, ചതയം നാളുകളില്‍ കുമ്മാട്ടി ആടാറുണ്ട്. കമുകിന്‍പോളയില്‍ ഉണ്ടാക്കിയ മുഖംമൂടികള്‍ ധരിച്ച് ശരീരമാസകലം കറുകപ്പുല്ല് വച്ചുകെട്ടി കുമ്മാട്ടികള്‍ വരുന്നു. ചെണ്ടയുടെ അകമ്പടിയോടെയാണ് കുമ്മാട്ടി അരങ്ങത്തെത്തുന്നത്. ചെണ്ടയ്ക്കു പുറമെ തകില്, ചേങ്ങില, നാദസ്വരം എന്നീ വാദ്യങ്ങളും ഉപയോഗിച്ചുവരുന്നു. തൃശ്ശൂരില്‍ വടക്കുംനാഥനുമായി ബന്ധപ്പെടുത്തി കുമ്മാട്ടിക്കളിയുടെ ഒരു ഐതിഹ്യം പ്രചരിച്ചുവരുന്നു. ശിവന്റെ ഭൂതഗണങ്ങള്‍ ഓണക്കാലത്ത് ജനങ്ങളെ സന്തോഷിപ്പിക്കാന്‍ എത്തുന്നതായാണ് അവരുടെ വിശ്വാസം. കുമ്മാട്ടിയെ സംബന്ധിച്ച് സാമൂതിരിയുമായി ബന്ധപ്പെട്ടും പുരാണകഥകളോടു ചേര്‍ത്തുമുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്.
ഓണവില്ല്
തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് പ്രസിദ്ധി നേടിയതാണ് ഓണവില്ല്. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വിശ്വകര്‍മ്മവിഭാഗത്തില്‍ ഉള്‍പ്പെട്ട ഒരു കുടുംബം ആചാരപൂപര്‍വം തയാറാക്കിയ ഓണവില്ല് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ ചിത്രീകരിച്ചാണ് ഇത് അലങ്കരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തില്‍ മുഖ്യപങ്കു വഹിച്ച തച്ചന്മാരുടെ അവകാശം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചടങ്ങ്. വാമനാവതാരവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവുമായി ഓണവില്ലിനെ ബന്ധിപ്പിക്കാറുണ്ട്. ഓണവില്ല് എന്ന പേരില്‍ ഒരു സംഗീതോപകരണം ഉണ്ട്. ഓണക്കാലത്ത് ചിലപ്രദേശങ്ങളില്‍ കെട്ടിയാടാറുള്ള ഓണത്തെയ്യത്തില്‍ (ഓണത്താര്‍) ഉപയോഗിക്കുന്ന വാദ്യമാണിത്. തെങ്ങിന്റെയോ കവുങ്ങിന്റെയോ പട്ടിക വളച്ച് ഞാണ്‍ കെട്ടിയാണ് ഇത് നിര്‍മ്മിക്കുന്നത്.
അത്തച്ചമയം
ഓണത്തോടനുബന്ധിച്ച് അത്തം നാളില്‍ നടക്കുന്ന ഒരു ആഘോഷപരിപാടിയാണ് അത്തച്ചമയം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ഇത് കൊണ്ടാടിവരുന്നത്. കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയില്‍ രാജകീയപ്രൗഢി വെളിപ്പെടുത്തുന്നതിന് സംഘടിപ്പിച്ചിരുന്ന ചടങ്ങായിരുന്നു ഇത് . രാജാവും ആശ്രിതരും ജനങ്ങള്‍ക്കു മുന്നില്‍ ആഡംബരപൂര്‍വം ഓണനാളില്‍ പ്രത്യക്ഷപ്പെട്ട് ഉപചാരങ്ങള്‍ നല്‍കുന്നു. സ്വാതന്ത്യാനന്തരം രാജഭരണം അവസാനിച്ചതോടെ അത് നിലച്ചുവെങ്കിലും 1961 ല്‍ ജനപങ്കാളിത്തത്തോടെയുള്ള ഉത്സവമായി അത് പുനരാരംഭിച്ചു. ഓണപതാക ഉയര്‍ത്തിക്കൊണ്ടാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുന്നത്. അത്തം നാളില്‍ നടക്കുന്ന ഘോഷയാത്രയില്‍ സമൂഹത്തിന്റെ എല്ലാ തുറകളില്‍ ഉള്ളവരും പങ്കുചേരുന്നു.
ഓണക്കോടി
ഓണത്തിന് അണിയുന്ന പുതുവസ്ത്രത്തെയാണ് ഓണക്കോടി എന്നു പറയുന്നത്. കാര്‍ഷികോത്സവമായ ഓണം സമ്പല്‍സമൃദ്ധിയുടെ കാലംകൂടിയാണ്. ഒരാണ്ടത്തെ അധ്വാനത്തിന്റെ ഫലം ആസ്വദിക്കാനായി എല്ലാവിധ ഒരുക്കങ്ങളും കേരളീയഗൃഹങ്ങളില്‍ ചെയ്യുന്നു. സദ്യ, കളികള്‍, ഊഞ്ഞാലാട്ടം തുടങ്ങിയ വിനോദങ്ങള്‍, പലതരം അലങ്കാരങ്ങള്‍ തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമാണ്. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ വാങ്ങിനല്‍കുന്നതുപോലെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കള്‍ ഓണക്കോടി നല്‍കുന്നു. കൈത്തറി – കസവുവസ്ത്രങ്ങള്‍ കൊണ്ടുള്ള ഓണക്കോടി വളരെ പ്രസിദ്ധമാണ്. ഓണനാളില്‍ ധരിക്കുന്ന മഞ്ഞവസ്ത്രത്തെ മഞ്ഞക്കോടി എന്നു പറയുന്നു.
ഓണത്തല്ല്
ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിവന്ന വിനോദമാണ് ഓണത്തല്ല്. ഇത് പഴക്കമേറിയ ഒരു വിനോദമാണ്. കൈയാങ്കളി എന്ന പേരിലും ഇത് അറിയപ്പെടുന്നു. മൈസൂര്‍ ആക്രമണത്തോടെ മലബാറിലും ബ്രിട്ടീഷ് ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി തിരുവിതാംകൂര്‍, കൊച്ചി എന്നിവിടങ്ങളിലും ഇത് നിറുത്തലാക്കി. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് ഏറെക്കാലം പിന്നെയും ഓണത്തല്ല് തുടര്‍ന്നുപോന്നത്. കൈപരത്തിയുള്ള അടിയും തടയും മാത്രമേ ഓണത്തല്ലില്‍ അനുവദിക്കപ്പെട്ടിരുന്നുള്ളു. ഇത് അഭ്യസിപ്പിക്കുന്നതിന് ആശാന്മാര്‍ ഉണ്ടായിരുന്നു. മത്സരാര്‍ത്ഥികളായ സംഘങ്ങള്‍ നിരന്നുനില്‍ക്കും. ഒരാള്‍ തല്ലിനു തയാറായി തറ്റുടുത്ത് ചാണകം മെഴുകിയ കളത്തില്‍ ഇറങ്ങുന്നു. തുല്യബലവാനായ ഒരാള്‍ എതിര്‍ സംഘത്തില്‍ നിന്ന് ഏറ്റുമുട്ടലിന് ഇറങ്ങുന്നു. കളിക്ക് മാധ്യസ്ഥം വഹിക്കുന്നതിന് ചായികാരന്മാര്‍ സജ്ജരായി ഉണ്ടാവും. ക്രിസ്തുവര്‍ഷാരംഭത്തില്‍ രചിക്കപ്പെട്ട മധുരൈ കാഞ്ചി എന്ന സംഘം കൃതിയില്‍ കേരളത്തില്‍ നടന്നുവന്ന ഓണത്തല്ലിനെക്കുറിച്ചുള്ള വിവരണം കാണാം. രാജഭരണം നിലനിന്നിരുന്ന കാലത്ത് സൈനികസേവനം ലക്ഷ്യമാക്കി ഈ വിനോദത്തിന് പ്രോത്സാഹനം നല്‍കിയിട്ടുണ്ടാവാം. എന്നാല്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്ന തല്ലുകൂടല്‍ പ്രാക്തനമായ പലജനവിഭാഗങ്ങള്‍ക്കിടയിലും നിലനിന്നിരുന്നതായി കാണാം.
ഓണസദ്യ
ഓണത്തോടനുബന്ധിച്ച് കുടുംബങ്ങളില്‍ നടത്തുന്ന ഭക്ഷണക്രമീകരണത്തിനാണ് ഓണസദ്യ എന്നു പറയുന്നത്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ടാണ് ഓണസദ്യ ഒരുക്കുന്നത്. ഓണസദ്യയിലെ തൊട്ടുകൂട്ടാനുകളും ഒഴിച്ചുകൂട്ടാനുകളും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നതാണ്. തെക്കും വടക്കും ഓണസദ്യയില്‍ പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. ചില ദിക്കില്‍ സസ്യഭക്ഷണം മാത്രമേ ഇതില്‍ ഉള്‍പ്പെടുത്താറുള്ളൂ. മറ്റു ചില ഇടങ്ങളില്‍ മത്സ്യവും മാംസവും ഇടം നേടുന്നുണ്ട്. തൂശനിലയില്‍ വിളമ്പിയ ചോറാണ് പ്രധാനവിഭവം. ഇഞ്ചി, മാങ്ങ, നാരങ്ങ അച്ചാറുകള്‍, മധുരവും പുളിയുമുള്ള കിച്ചടികള്‍, തോരന്‍, അവിയല്‍, കാളന്‍, കൂട്ടുകറി തുടങ്ങിയ കറികള്‍ ഇലയില്‍ വരിവരിയായി വിളമ്പുന്നു. പരിപ്പുകറി, സാമ്പാര്‍, പുളിശേരി, രസം, മോര് തുടങ്ങിയവ ഒഴിച്ചുകറികളാണ്. അടപ്രഥമന്‍, കടലപ്രഥമന്‍, പാല്‍പായസം തുടങ്ങിയവ സദ്യയ്ക്ക് മധരം പകരുന്നു. തെക്കന്‍ പ്രദേശങ്ങളില്‍ ബോളി എന്ന പേരിലുള്ള ഒരു മധുരപലഹാരവും സദ്യയാക്ക് ഉണ്ടാവും. വടക്കന്‍ കേരളത്തില്‍ പാലടപ്രഥമനാണ് പ്രിയം. പപ്പടം, വാഴയ്ക്ക വറുത്തത്, ഉപ്പേരി, പഴം എന്നിവയും ഒഴിവാക്കാനാവാത്ത വിഭവങ്ങളാണ്. സദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും ക്രമമുണ്ട്.
പിള്ളേരോണം
കര്‍ക്കിടകമാസത്തിലെ തിരുവോണനാളില്‍ നടക്കുന്ന ഓണസദ്യയാണ് പിള്ളേരോണം. ദുര്‍ഘടം നിറഞ്ഞ കര്‍ക്കടകത്തിലും വരാനിരിക്കുന്ന ചിങ്ങത്തിന്റെ സമൃദ്ധി ഓര്‍മ്മിപ്പിക്കാന്‍ സദ്യയൊരുക്കുന്നു. ഓണത്തിന്റേതുപോലുള്ള മറ്റ് ആഘോഷങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഉണ്ടാവുകയില്ല. കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഉണ്ണിയപ്പം പോലുള്ള വിഭവങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ പാകം ചെയ്യാറുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായ മണല്‍പ്പുറത്ത് നടത്തിയിരുന്ന മാമാങ്കം തുടങ്ങിയിരുന്നത് പിള്ളേരോണത്തിനായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണനാള്‍ മുതല്‍ കന്നിയിലെ തിരുവോണം വരെയാണ് മാമാങ്കം നടത്തിയിരുന്നത്.
പി. കെ. തിലക്