കവിത രചിച്ചു പഠിക്കാം – ചരിത്രമെന്ന കരുത്ത്

നല്ല കവിതകളെഴുതാൻ, സമ്മാനം നേടാവുന്ന കവിതകളെഴുതാൻ വേണ്ടത് എഴുത്തിന്റെ കരുത്താണ്. കരുത്തു നേടാൻ മികച്ച വഴി ചരിത്രം അറിയലാണ്.

മലയാള കവിത കടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോൾ എത്രയെത്ര മഹാ ദീപസ്തംഭങ്ങളാണ് പ്രകാശം ചൊരിഞ്ഞു കൊണ്ട് നിൽക്കുന്നത്. രാമചരിതകാരൻ മുതൽ എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ, പൂന്താനം, രാമപുരത്തു വാര്യർ, ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ശ്രീ, പി, ജി – അതങ്ങനെ നീണ്ടുകിടക്കുകയാണ്. അവരുടെ കവിതകൾ വായിച്ചു പഠിക്കുകയും പരമാവധി ഉൾക്കൊള്ളുകയുമാണു പ്രധാനം. തിളക്കമാർന്ന വരികൾ മനസ്സിൽ മുഴക്കം സൃഷ്ടിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഇടി വെട്ടീടും വണ്ണം
വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങി രാജാക്കന്മാ
രുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപ്പേട പോലെ
സന്തോഷം പൂണ്ടാൾ
( എഴുത്തച്ഛൻ)

– തുടങ്ങിയ വരികൾ ഉദാഹരണം.

തീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങിതേ
തീക്കായ വേണമെനിക്കുമെന്ന്.

– ഇതു വായിച്ച ആർക്കാണ് ചെറുശ്ശേരിയെ മറക്കാൻ കഴിയുക.

പാണ്ടൻ നായുടെ പല്ലിനു ശൗര്യം
പണ്ടേ പോലെ ഫലി ക്കുന്നില്ല

– നമ്പ്യാർ ഉള്ളിൽ തുള്ളി വരുന്നു.

ഇല്ല ദാരിദ്ര്യാർത്തിയോളം
വലുതായിട്ടൊരാർത്തിയും

– എന്ന് രാമപുരത്തു വാര്യർ തോണി തുഴഞ്ഞു ചൊല്ലുമ്പോൾ

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടക്കുന്നതും ഭവാൻ

– എന്ന് പൂന്താനം ഉരുവിടുന്നുണ്ട്.

ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ
പോകുന്നിതാ പറന്നമ്മേ.

– കുമാരനാശാന്റെ കുട്ടി പറത്തിവിടുന്നത് കവിതയുടെ വർണശലഭങ്ങളെയല്ലേ.

താഴത്തേയ്ക്കെന്തിത്ര
സൂക്ഷിച്ചു നോക്കുന്നു
താരകളേ നിങ്ങൾ
നിശ്ചലരായ്.
നിങ്ങൾ തൻ കൂട്ടത്തിൽ
നിന്നിപ്പോഴാരാനും
ഭംഗമാർന്നൂഴിയിൽ
വീണു പോയോ

– വള്ളത്തോളിന്റെ വരികൾ കവിതയുടെ നക്ഷത്ര ശോഭ മനസ്സിൽ തെളിയിച്ചു തരുന്നില്ലേ.

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ.
പരക്കെ നമ്മെ പാലമൃതൂട്ടും
പാർവണ ശശിബിംബം.

– പൗർണമി നാളിലെ പതയ്ക്കുന്ന നിലാവു പോലെ കവിതയെ മാറ്റുകയല്ലേ ഉള്ളൂർ.

തുംഗമാം മീനച്ചൂടാൽ
ത്തൈമാവിൻ മരതക
കിങ്ങിണി സൗഗന്ധിക
സ്വർണമായ്ത്തീരും മുമ്പേ.

– വാക്കുകളുടെ പച്ചമാങ്ങകൾ കാവ്യാത്മകതയുടെ സ്വർണനിറമുള്ള മാമ്പഴമാക്കുന്ന വിദ്യ വൈലോപ്പിള്ളി കാണിച്ചു തരുന്നു.

ജീവിതം പോലെ
രണ്ടറ്റവും കാണാത്തൊ-
രാവഴിയിങ്കൽ
തനിച്ചു ഞാൻ നിന്നു പോയ്.

– കവിതയുടെ വഴിയും ജീവിതത്തിന്റെ വഴിയും ഒന്നാണെന്ന് ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ നാദം.
ചങ്ങമ്പുഴയും ഇടശ്ശേരിയും അക്കിത്തവും ഒ എൻ വിയുമെല്ലാം കവിതയുടെ നീലാകാശങ്ങൾ നമുക്കു നീട്ടിത്തരുന്നു.

അടുത്തടി വെച്ചു തൊടുവാൻ നോക്കുമ്പോൾ
അകലേക്കു പായും വെളിച്ചമേ നിന്നെ
ശരിക്കു സാത്വികക്കറുകയേകി ഞാൻ
മെരുക്കുവാൻ നോക്കും മരിക്കുവോളവും.

– എന്നു പി.കുഞ്ഞിരാമൻ നായരെപ്പോലെ ഓരോരുത്തരും സ്ഥിരപ്രതിജ്ഞയെടുക്കുമ്പോൾ കവിത അടുത്തേക്ക്, അടുത്തേക്ക് വരുക തന്നെ ചെയ്യും.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content