മഴ ഭാവങ്ങൾ, ചൊല്ലുകൾ
എത്രയെത്ര ഭാവങ്ങളാണ് മഴയ്ക്ക്!! ഓർത്തു നോക്കിയിട്ടുണ്ടോ കൂട്ടുകാരെ?
വരണ്ട വേനലിൽ പ്രതീക്ഷിക്കാതെ ഒരു മഴ പെയ്താലോ? നമ്മളറിയാതെ പറഞ്ഞു പോകില്ലേ “ഹായ് മഴ”! എന്ന്. പുല്ലും,പൂമ്പാറ്റകളും, പറവകളും, ചെടിയും, മരവുമൊക്കെ ക്ഷീണം മാറി ഉത്സാഹഭരിതരാകുന്ന മണ്ണിന്റെ മണമുള്ള പുതുമഴ എല്ലാവർക്കും ഇഷ്ടമാണല്ലോ.
വേനലിൽ നിന്ന് ഇത്തിരി ആശ്വാസം തരുന്ന ഈ മഴയുടെ ഭാവം സ്നേഹമല്ലാതെ മറ്റെന്ത് അല്ലേ? ഇടവഴി നീളേ വെള്ളം നിറയുന്ന ഇടവപ്പാതിയിലോ… ധാരാളിയുടെ മുഖമാണ് പലപ്പോഴും മഴയ്ക്ക്. മുഖം കനപ്പിച്ചെത്തുന്ന കർക്കടക മഴയും, തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയെ കൂട്ടിയെത്തുന്ന മിഥുന മഴയും, വെയിലും, മഴയും കണ്ണുപൊത്തി കളിക്കുന്ന ചിങ്ങമഴയുമൊക്കെയായി മലയാളത്തിന്റെ ഇടവപ്പാതിക്ക് പല ഭാവങ്ങൾ തന്നെ. ഇടിയും, മിന്നലുമായെത്തുന്ന തുലാവർഷത്തിന്റെ ഗമക്കും ഒട്ടും കുറവില്ലല്ലോ.
അങ്ങ് ദൂരേയുള്ള കുന്നിൻ മുകളിൽ നിന്നും ഓടി ഇറങ്ങി കാറ്റിനോടോപ്പം കൂട്ടുകൂടിയെത്തി, കുട തട്ടിമാറ്റി നമ്മളെ നനച്ചു രസിക്കുന്ന കുസൃതി മഴയുടെ കുറുമ്പ് അറിയാത്തവരാരാണ്?ശാഠ്യം പിടിച്ചു ചിണുങ്ങി കരയുന്ന കൊച്ചുകുട്ടിയെ പോലെ ചനുപിനു പെയ്തു മുനിഞ്ഞു നിൽക്കുന്ന മഴയുടെ ഭാവവും കണ്ടിട്ടില്ലേ.
ചിലപ്പോഴൊക്കെ കുറേപ്പേരുടെ പ്രതീക്ഷകളെ താളം തെറ്റിച്ച് ഈർഷ്യയോടെ പെയ്തിറങ്ങിയ മഴയിൽ
ഒരുപാട് നൊമ്പരക്കാഴ്ചകൾക്ക് സാക്ഷിയാകാറുണ്ട് നമ്മൾ. ‘ഹൊ..എന്തൊരു മഴയാണിത്, ഈ പെയ്ത്തൊന്ന് നിന്നാൽ മതിയായിരുന്നു’ എന്ന് തോന്നിപോകുന്ന സമയം അല്ലേ? സാന്ത്വനമായി, കുളിരായി, കുളിർമയായി, കുറുമ്പുകാട്ടി, രൗദ്രമായി… എത്ര,എത്ര ഭാവങ്ങളിലാണ് മഴ പെയ്തിറങ്ങുന്നത്!
തുള്ളിക്കൊരു കുടം,
തുമ്പി കൈവണ്ണത്തിൽ,
ചന്നം പിന്നം…
എന്നിങ്ങനെ എന്തൊക്കെ വിശേഷണങ്ങളാണ് നമ്മൾ മഴയ്ക്ക് കൊടുക്കാറുള്ളത്!
നമ്മുടെ ജീവിതത്തിലെ സമസ്ത രംഗങ്ങളിലും മഴയുടെ പ്രാധാന്യം എത്രത്തോളമുണ്ട് എന്നു തെളിയുന്നതാണ് മഴയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ. ‘മേടം തെറ്റിയാൽ മോടൻ തെറ്റി.’ മഴയെ മാത്രം ആശ്രയിച്ച് ചെയ്യുന്ന ഒരു പാരമ്പര്യ കൃഷിരീതിയാണ് മോടൻ. പറമ്പിലും, കുന്നിൻ ചെരുവിലുമൊക്കെയായുള്ള ഈ കൃഷിക്ക് വരൾച്ചയെ ചെറുക്കാനുള്ള കഴിവുണ്ട്. തക്ക സമയത്ത് മഴ കിട്ടി വിതയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ മോടൻകൃഷി ഇറക്കാനാവില്ല. മകരത്തിൽ പെയ്താൽ മലയാളം മുടിയും. കൊയ്ത്തു കാലത്ത് മഴ പെയ്യുന്നത് ദോഷം ചെയ്യുമല്ലോ. ‘ചിങ്ങമഴ ചിണുങ്ങി, ചിണുങ്ങി. കന്നി മഴ കിനിഞ്ഞു കിനിഞ്ഞ്…’ ചെറുമഴ പൊഴിയുന്ന മാസങ്ങൾ എന്നർഥം. ഇങ്ങനെ മഴയും,മലയാളമാസങ്ങളും,ഞാറ്റുവേലകളുമായി ബന്ധപ്പെട്ട മഴചൊല്ലുകൾ ശേഖരിച്ച് എഴുതിനോക്കുന്നതാകട്ടെ.
പ്രവർത്തനം 1
ഒപ്പം അതിലടങ്ങിയിട്ടുള്ള ആശയവും കൃത്യമായി മനസ്സിലാക്കുമല്ലോ.
പ്രവർത്തനം 2
മഴയുടെ പല ഭാവങ്ങൾ കോർത്ത് ഒരു ചെറു കവിതയായോ, കഥയായോ, മഴയുമായുള്ള സംഭാഷണമായോ എഴുതി നോക്കൂ. മഴയുടെ കൂട്ടുകാരായ പുഴയും, മലയും, മാനവും, മഴവില്ലും, മഴക്കാറിനെയുമൊക്കെ കൂടെ കൂട്ടാം കേട്ടോ.
അംബികാദേവി.ടി
പൻവേൽ മലയാളി സമാജം