ഒരു കുഞ്ഞു നോവ്
ഉമ്മറപ്പടിയിൽ തെളിയും വിളക്കിന്റെ
ഇത്തിരി വെട്ടത്തിൽ കാണുന്നതെന്തേ?
വാടിയ കുഞ്ഞു മുഖമതിൽ കാൺമൂ
നിറയുന്ന സങ്കടക്കടലിൻ തിരകളെ
ചൊല്ലുന്ന നാമങ്ങൾ കണ്ണീരണിഞ്ഞു
ഇടറുന്ന കണ്ഠത്തിൽനിന്നുതിർന്നു വീണു
ഒഴുകുന്ന തുള്ളികൾ പതിയെ തുടച്ചമ്മ
കാര്യമൊന്നോതു നീ പൊന്നു കുഞ്ഞേ
അമ്മതൻ കൈകൾ മുറുകെ പിടിച്ചവൻ
കുഞ്ഞു മനസ്സു തുറന്നു വെച്ചു
ഇന്നെന്റെ ബാല്യമീ മതിൽ കെട്ടിലായ്
ബന്ധിച്ചിടുന്നതെന്തേ ഇനിയും
കൂട്ടിനായ് കൂട്ടുകാരൊന്നുമില്ല
കൂടെയിരിക്കാൻ കഴിയുകില്ല
വിദ്യാലയത്തിൻ പടികൾ കയറുവാൻ
ഇനിയെത്ര നാളുകൾ കാത്തിരിക്കേണം
അടരുന്ന ദിനങ്ങളിൽ നിറയുന്ന ചിന്തയെ
സങ്കട കടലായ് ഉള്ളിലൊതുക്കി
ചിറകു കുരുത്തൊരു കിളിയായിരുന്നെങ്കിൽ
ഞാനീ ലോകം ചുറ്റി പറക്കാം
പടരുന്ന വ്യാധിയിൽ പിടയുന്ന നോവുമായ്
നഷ്ട ബാല്യങ്ങളേറെയല്ലേ
ഒരു നറു പുഞ്ചിരി തൂകിയമ്മ
സ്നേഹവായ്പോടെ നെറുകിൽ തലോടി
ഈ കാലമിനിയും കടന്നുപോകും
പുതിയ പൂക്കാലം തേടിയെത്തും
ഇന്നീ മതിൽകെട്ടിൽ നീയിരുന്നാൽ
നാളെതൻ പ്രഭാതം പുഞ്ചിരിച്ചീടും
അനിവാര്യമായൊരാ അകലങ്ങളിൽ
അകതാരിൽ വേദന പടരാതിരിക്കണം
വിടരുന്ന പൂക്കളും കൊഞ്ചുന്ന കിളികളും
പാടുന്ന കുയിലിൻ ഈണങ്ങളും
ഇമ്പമാർന്നുള്ളൊരാ പ്രപഞ്ചത്തിൽ നീ
പുത്തൻ പ്രതീക്ഷകൾ പുലർത്തീടണം
മാറുന്ന ലോകത്തിൽ അടിപതറാതെ
വിശ്വാസമർപ്പിച്ചു കാത്തിരിക്കാം
തെളിയുമീ വിളക്കിൻതിരിപോൽ
ശോഭിച്ചിടേണം എന്നുമെന്നും
ആധികൾ വ്യാധികൾ എല്ലാമകന്നൊരു
പുതു പുത്തൻ കാലം തേടിയെത്തും
ശ്രീജ ഗോപാൽ
ബെസ്താൻ മലയാളം മിഷൻ
സൂറത്ത്, ഗുജറാത്ത്