ഭാഷാപഠിതാക്കൾക്ക് ആവേശമായി മലയാളം ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്‌സ്
ലോകത്ത് എവിടെയിരുന്നും ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും മലയാള ഭാഷ പഠിക്കാം. കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ജനങ്ങൾ സംസാരിക്കുന്ന മലയാളം എന്ന കൊച്ചുഭാഷ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകമെങ്ങും എത്തിക്കുകയാണ് മലയാളം മിഷൻ. മലയാളം മിഷൻ വിഭാവനം ചെയ്ത ഭൂമിമലയാളം മലയാളം ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്സില്‍ (BMOOC) ഇതിനോടകം നൂറുകണക്കിനാളുകൾ ഭാഗമായി കഴിഞ്ഞു. മൂന്ന് മാസം ദൈർഘ്യമുള്ള കോഴ്‌സ് തികച്ചും സൗജന്യമാണ്. പ്രാഥമിക നിലയില്‍ മലയാളം ഉപയോഗിക്കാൻ ആവശ്യമായ നൈപുണ്യം നേടുന്നതിനുള്ള കോഴ്സാണിത്. വീഡിയോകളും അതിനടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും അക്ഷര കളികളും വഴിയാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 30 മൊഡ്യൂളുകളിലായി കോഴ്‌സ് പൂർത്തിയാകും. പഠനം പൂർത്തിയാക്കുന്നവർക്ക് മലയാളം മിഷൻ ഓണ്‍ലൈൻ സർട്ടിഫിക്കറ്റുകളും നല്‍കും. 2021 ലെ ലോക മാതൃഭാഷാദിനമായ ഫെബ്രുവരി 21 ന് സാംസ്കാരികകാര്യ വകുപ്പ് മന്ത്രി എ.കെ. ബാലനാണ് കോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. സി-ഡിറ്റുമായി സഹകരിച്ചാണ് മലയാളം മിഷന്റെ ബി.എം.ഒ.ഒ.സി. യാഥാർഥ്യമാക്കിയത്. കേരളത്തിന്റെ കലയെയും സംസ്കാരത്തെയും ചരിത്രത്തെയും ആസ്പദമാക്കി ബി.എം.ഒ.ഒ.സി. മാതൃകയില്‍ കാലദൈർഘ്യം കുറഞ്ഞ കോഴ്സുകൾ ഇതിനോട് അനുബന്ധമായി ആവിഷ്കരിക്കും. നിലവില്‍ കേരളത്തിന് പുറത്തുള്ളവർക്ക് മലയാളം പഠിക്കാനായി മലയാളം മിഷൻ പത്ത് വർഷം ദൈർഘ്യമുള്ള നാല് കോഴ്സുകളടങ്ങുന്ന പാഠ്യപദ്ധതി നടത്തുന്നുണ്ട്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നിവയാണ് ആ കോഴ്സുകൾ. ഇവയെല്ലാം ക്ലാസ് റൂമിനെ ആശ്രയിച്ചുള്ള പഠനങ്ങളാണ്.
ഈ കോഴ്സുകളിലൂടെ ക്ലാസ് റൂം പഠനം സാധ്യമാകാത്ത നിരവധി പേർ മലയാളഭാഷ ജോലിയുടെയും പഠനത്തിന്റെയും ഗവേഷണത്തിന്റെയുമൊക്കെ ഭാഗമായി പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. ബി.എം.ഒ.ഒ.സി. യാഥാർത്യമാകുന്നതോടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമാകും. മലയാളം മലയാള ഭാഷ പഠിക്കുന്നതിന് ആധികാരികമായി ഒരു ഓണ്‍ലൈൻ കോഴ്‌സ് ഇതുവരെ നിലവിലില്ല. മലയാളം സംസാരിക്കുന്നതിനും മനസിലാക്കുന്നതിനും വായിക്കുന്നതിനും എഴുതുന്നതിനും പ്രാവീണ്യം ലഭിക്കുന്ന തരത്തിലാണ് ബി.എം.ഒ.ഒ.സി. ആസൂത്രണം ചെയ്തിരിക്കുന്നത്. www.bhoomimalayalam.kerala.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത് പഠനം തുടങ്ങാം.