പാലായനപാഠം

ജാതിയുടെയും മതത്തിൻ്റെയും വർണ്ണത്തിൻ്റെ യും അടിസ്ഥാനത്തിൽ മനുഷ്യരെ അകറ്റി നിർത്തുന്നത് കാലാകാലങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ചര്യയാണ് . എത്രത്തോളം വിദ്യാസമ്പന്നത കൈവരിച്ചിട്ടും സംസ്‌കാരസമ്പന്നരായിരുന്നിട്ടും യാതൊരു പ്രയോജനവുമില്ലതന്നെ.

ശക്തിയുടെ കവി എന്നറിയപ്പെടുന്ന ഇടശ്ശേരി ഗോവിന്ദൻ നായരുടെ ‘കറുത്തചെട്ടിച്ചികൾ’ പേരു കൊണ്ട് തന്നെ എത്രവലിയ ചിത്രമാണ് നമ്മൾക്ക് മുന്നിൽ വരച്ചിടുന്നത്. ഉപജീവനത്തിനായി പാലായനം ചെയ്യുന്ന മനുഷ്യർ; മനുഷ്യകുലം രൂപപ്പെട്ട കാലം മുതൽക്കുതന്നെ നമുക്ക് പരിചിതമാണ്. അതിന് കേരളമെന്നോ ഭാരതമെന്നോ ഏഷ്യയെന്നോ ആഫ്രിക്കയെന്നോ ഭേദമില്ല. അതുകൊണ്ടുതന്നെ പാലായനം ചെയ്‌ത് അന്യദേശങ്ങളിൽ എത്തിപ്പെടുന്ന വരെ അത്ര മര്യാദയ്ക്കൊന്നുമല്ല തദ്ദേശീയർ സ്വീകരിച്ചിരുന്നത് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് .

മാനവചരിത്രത്തിൽ എക്കാലത്തും വിഷയീഭവിക്കുന്ന പ്രധാന അധ്യായമാണ് പാലായനം. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിലും ഈ ചരിത്രവിചാരത്തിന് മാറ്റമുണ്ടാകുന്നില്ല എന്നതിൻ്റെ നേർസാക്ഷ്യമാണ് കറുത്തചെട്ടിച്ചികൾ.

മാനവിക വീക്ഷണത്തിൻ്റെ ഉദാത്തമായ ചിന്തകൾ കവിതകളിൽ സന്നിവേശിപ്പിക്കാറുള്ള കവിയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. മനുഷ്യനെ പലതായി വിഭജിക്കുന്ന വരമ്പുകൾ ഉടച്ചു മാറ്റാൻ പ്രേരിപ്പിക്കുന്നവയാണ് ഇടശ്ശേരിക്കവിതകൾ.

‘പ്രപഞ്ചമിന്നൊരു തറവാടായി
വരമ്പുകൾ കാണാതായി’

എന്ന് കവി പല കവിതകളിലും പ്രഖ്യാപിക്കുന്നുണ്ട്. ഭാഷയ്ക്കുംവേഷത്തിനും ദേശത്തിനും ജാതിക്കും മതത്തിനും വർഗ്ഗത്തിനും അപ്പുറത്ത് നിൽക്കുന്ന മനുഷ്യൻ്റെ അടിസ്ഥാന ഭാവത്തിനാണ് അദ്ദേഹം എപ്പോഴും ഊന്നൽ നൽകിയത്. എന്നാൽ കറുത്തചെട്ടിച്ചികളിൽ ദേശത്തിൻ്റെ അതിർവരമ്പുകൾ കടന്നുകയറുന്ന കവിയുടെ മാനവികത ദൃശ്യമാകുന്നുണ്ടോ ?

ഏറെ വിമർശനബുദ്ധിയോടെ കവിത വായിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട് .

തുലാവർഷക്കാറുപോലെ വന്നെത്തുന്ന മേഘങ്ങളായി തമിഴ്‌നാട്ടിൽ നിന്നെത്തുന്ന സ്ത്രീകളെ അവതരിപ്പിക്കുന്നു. ഉപജീവനാർത്ഥം വന്നെത്തുന്ന ഇവർ അധ്വാനിക്കുന്ന വർഗത്തിനുടമകളാണ്. ആഞ്ഞുപെയ്‌ത്‌ ഭൂമിയെ കുളിർപ്പിക്കുന്ന മേഘങ്ങൾ ആണവർ.

ഇത്തരത്തിലുള്ള പ്രയോഗങ്ങൾ കവിതയിൽനിന്ന് കണ്ടെത്തി വിശകലനം ചെയ്യുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യേണ്ടതാണ്.

അതുപോലെത്തന്നെ ‘കൊങ്ങന്മാർ’ എന്നൊരു പ്രയോഗം വരുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ട് കൂട്ടുകാർ കേട്ട് പരിചിതമായ ഒരു പദം ഉണ്ട്. കൊങ്ങൻപട. അതെ, കൊങ്ങൻപടയുടെ ചരിത്രത്തിലുമുണ്ട് പലായനവും ഉപജീവനവും.

കൊങ്ങൻപട

ക്രി.വ. 918-ലായിരുന്നു കൊങ്ങൻപട നടന്നത്. അക്കാലത്തെ ചേര ഭരണാധികാരി കോതരവിയുടെ (ഗോദരവിവർമ്മപ്പെരുമാൾ) കീഴിലായിരുന്നു ചിറ്റൂർ. കൊങ്ങരുടെ (ഇന്നത്തെ കോയമ്പത്തൂർ) ഒരു സൈന്യം 918-ൽ ചിറ്റൂരിനെ ആക്രമിക്കുകയും നെടുംപൊറൈയൂർ മന്നൻ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പെരുമ്പടപ്പിലെയും സൈന്യങ്ങളുടെ സഹായത്തോടു കൂടി ആക്രമണകാരികളെ തോൽപിച്ചു. കൊങ്ങന്മാരുടെമേൽ കൊച്ചിരാജ്യത്തെ (പെരുംമ്പടപ്പ്) നായന്മാർ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കും വിജയാഘോഷത്തിനുമായാണ് കൊങ്ങൻപട നടത്തപ്പെടുന്നത് എന്നതും ചരിത്രമാണ്.
ഐതീഹ്യമായും ചരിത്രമായും പല കഥകൾ കേൾക്കാൻ കഴിയും.

കൊങ്ങുപ്രദേശങ്ങൾ പല്ലവന്മാർ, ഗംഗന്മാർ, ചാലുക്യന്മാർ, രാഷ്ട്രകൂടന്മാർ എന്നീ രാജ്യവംശക്കാർ ഓരോരോ കാലങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും ആക്രമിച്ചു കൈവശപ്പെടുത്തിക്കൊണ്ടിരുന്നു. ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ ഇതുപോലുള്ള ആക്രമങ്ങൾ ആ പ്രദേശങ്ങളിൽ നിന്നും കേരളത്തിലേക്കും വ്യാപിച്ചു തുടങ്ങി.

കിഴക്ക് ദിക്ക് വഴിയുള്ള ആക്രമണം അക്കാലത്തെ നെടുമ്പുറയൂർ നാട്ടുരാജാവായ പാലക്കാട്ട് രാജാവും തെക്കു നിന്നുള്ളത് വേണാട്ടു രാജാവും വടക്കുനിന്നുളളത് കോലത്തിരി രാജാവും തടുത്തു നിർത്തിയിരുന്നു.

ഗോദരവി വർമ്മ ചക്രവർത്തിയുടെ കാലത്ത് ഗംഗവംശക്കാരനായ ഒരു രാജാവ് വലിയ കുതിരപ്പടയോടുകൂടി വാളയാർ വഴി പാലക്കാട്‌ ചുരം കടന്നു കേരളം മുഴുവൻ ആക്രമിക്കുവാൻ തന്നെ തീർച്ചപ്പെടുത്തി. അതിന് വേണ്ട ഒരുക്കങ്ങളോടുകൂടി വന്നു. പാലക്കാട്ട് രാജാവിന്റെ സൈന്യവുമായി യുദ്ധവും തുടങ്ങി. ആ യുദ്ധത്തിൽ തനിക്കു ജയം ലഭിക്കുവാൻ പ്രയാസമാണെന്ന് നാലഞ്ചു ദിവസത്തെ യുദ്ധഗതി കൊണ്ടു മനസിലാക്കിയ പാലക്കാട്ട് രാജാവ് ആ വിവരം ഗോദരവി വർമ്മ ചക്രവർത്തിയെ അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ചക്രവർത്തിയാകട്ടെ സൈന്യങ്ങൾ ശേഖരിച്ച് അദ്ദേഹം തന്നെ നായകസ്ഥാനം വഹിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെട്ടു. അതു കൂടാതെ അക്കാലത്തെ വളരെ സമർത്ഥന്മാരായ പടയാളികൾ കൂടെയുള്ള ഏറനാട്ടു രാജാവിനെ വിവരം അറിയിക്കുകയും സൈന്യത്തെ അയച്ചുതരുവാൻ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് ഏറനാട്‌ രാജാവും ആയിരത്തോളം പടയാളികളെ വേണ്ടത്തക്ക ഒരുക്കങ്ങളോടുകൂടി പാലക്കാട്‌ പ്രദേശത്തേക്ക് അയച്ചുകൊടുത്തു. ഗോദരവി വർമ്മ ചക്രവർത്തിയും സൈന്യങ്ങളും വന്നുചേർന്നപ്പോഴേക്കും ഗംഗരാജാവിന്റെ കൊങ്ങൻപടയുടെ ആക്രമണം ചിറ്റൂർ വരെ വ്യാപിച്ചു കഴിഞ്ഞിരുന്നു.

ക്രിസ്തു വർഷം 896 ന് കൊല്ലം 71 മാണ്ട് മുതൽ രാജ്യം വാണിട്ടുള്ള ചക്രവർത്തി ദുർഗാ ദേവിയുടെ വലിയ ഭക്തനായിരുന്നു. ദിവസം തോറും ദുർഗയെ പൂജിച്ചു പ്രസാദം നിവേദിച്ചാലല്ലാതെ ഭക്ഷിക്കുകയില്ല. അദ്ദേഹം രാജധാനി വിട്ടു സഞ്ചരിക്കുന്ന അവസരങ്ങളിലെല്ലാം ചെറിയ ഒരു ദുർഗാ വിഗ്രഹവും തേവാര സാമഗ്രികളും കൂട്ടത്തിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. പാലക്കാട്‌ യുദ്ധത്തിന് വരുമ്പോൾ അദ്ദേഹം ഇഷ്ട്ട ദേവതയെയും കൊണ്ടുവന്നിരുന്നു.

ചക്രവർത്തിയുടെ സൈന്യത്തോടൊപ്പം തന്നെ ഏറനാട്ട് സൈന്യവും വന്നു ചേർന്നു. സൈന്യത്തിനുള്ള സ്ഥാനവും കൈനിലയും ഉറപ്പിച്ചതിനു ശേഷം ശുദ്ധമായ ഒരു സ്ഥലത്ത് ദേവീവിഗ്രഹം വച്ചതിനു ശേഷം പ്രത്യേക പൂജ നടത്തി വിജയം പ്രാർത്ഥിച്ചു. അവിടെ നിന്നും സൈന്യത്തോട് കൂടി യുദ്ധ വേഷംധരിച്ചാണ് രാജാവ് യുദ്ധത്തിന് പുറപ്പെട്ടത്.

ഒരു ദിവസത്തെ യുദ്ധം കൊണ്ടുതന്നെ കോങ്ങൻപടയെ തോൽപ്പിച്ച് വാളയാർ കടത്തി. അങ്ങനെ ആ വലിയ യുദ്ധം അവസാനിക്കുകയും ചെയ്തു. അതിനു ശേഷം പാലക്കാട്ട് രാജാവിന്റെ അതിഥിയായി കുറച്ചു ദിവസം താമസിച്ചു.

കോങ്ങൻപടയോട് പടയ്ക്കൊരുങ്ങി പുറപ്പെട്ട അവസരത്തിൽ ഭഗവതിയെ വച്ചു പൂജിച്ച സ്ഥലത്ത് ഒരു ദേവീക്ഷേത്രം പണിയിച്ചു പ്രതിഷ്ഠ കഴിപ്പിക്കണമെന്ന് ആ പ്രദേശത്തുകാർ താല്പര്യം പ്രകടിപ്പിച്ചു. അക്കാലത്ത് പണിയിച്ചതാണ് ചിറ്റൂർ ഭഗവതി ക്ഷേത്രം. വളരെ കാലങ്ങൾക്കു ശേഷമാണ് ആ കൊങ്ങൻപടയുടെ ആക്രമണത്തിന്റെ ഓർമ്മയ്ക്കായിട്ടുളള കൊങ്ങപ്പട ഉത്സവം നടത്തുവാൻ തുടങ്ങിയത്‌.

ഇത്തരത്തിൽ മനുഷ്യകുലം തുടർന്നുകൊണ്ടിരിക്കുന്ന പലതരം ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും എല്ലാം ധാരാളം കഥകൾ പറയാനുണ്ടാവും.

ഉത്സവകേരളം എന്ന ഈ യൂണിറ്റിലെ ഓരോ പാഠഭാഗങ്ങളും എത്രയെത്ര കഥകളാണ് കൂട്ടുകാർക്ക് പറഞ്ഞുതരുന്നത്. അവയെല്ലാം ക്രോഡീകരിച്ച് ഒരു ഉത്സവകേരളം പതിപ്പ് തന്നെ തയ്യാറാക്കുന്നതാകട്ടെ ഈ അവധിക്കാലത്തെ പ്രവർത്തനം.

 

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content