അദൃശ്യരായാൽ

ടീച്ചറമ്മ തല താഴ്ത്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. മുഖത്ത് സങ്കടഭാവം. എന്തോ ഗൗരവമുള്ള പ്രശ്നം ഉണ്ടെന്ന് കുട്ടികൾ മനസ്സിലാക്കി. പക്ഷേ അവരൊന്നും ചോദിച്ചില്ല. കുട്ടികളോട് ഇരിക്കാൻ ആംഗ്യം കാണിച്ച് ടീച്ചറമ്മ നടത്തം പൂർത്തിയാക്കി.

‘രണ്ടാം വരവ് കൂടുതൽ ശക്തമാണല്ലേ?’ കുട്ടികൾ എന്തു പറയമമെന്നറിയാതെ കുഴങ്ങി.
‘ലോകത്ത് മിക്ക രാജ്യങ്ങളും കോവിഡിൻെറ രണ്ടാം വരവിലാണല്ലോ.’ ടീച്ചറമ്മ പറഞ്ഞു.
‘ഇപ്പോൾ ഇന്ത്യയിലാണ് കൂടുതൽ എന്ന് കേൾക്കുന്നു.’ നിധിൻ അവൻെറ അറിവ് പുറത്തെടുത്തു.
‘അച്ഛനും അമ്മയും ചർച്ച ചെയ്തിരുന്നു.’ നിധിൻ പറഞ്ഞു.
‘മലയാളം ചാനലുകളിൽ ഇതു തന്നെയാണ് പ്രധാന ചർച്ച.’ നിധിക കൂട്ടിചേർത്തു.
‘ആദ്യഘട്ടത്തിൽ അടച്ചിട്ടതു പോലെ അടച്ചിടാനും പറ്റാതായിട്ടുണ്ട്.’ ടീച്ചറമ്മ ഒരു ദീർഘശ്വാസത്തോടെ പറഞ്ഞു.
‘നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?’ കുട്ടികൾ രണ്ടു പേരും ഒന്നിച്ച് ചോദിച്ചു.
‘അതാണ് നമുക്ക് ആലോചിക്കാനുള്ളത്. വലിയ ഭാരങ്ങൾ തലയിൽ കയറ്റിവച്ച് വിഷമിക്കേണ്ട, അതെല്ലാം സർക്കാരുകൾ തീരുമാനിക്കട്ടെ. പ്രശ്നങ്ങളിൽ നിന്ന് മാറി നമുക്ക് രസകരമായി ചിന്തിക്കാം.’

ടീച്ചറമ്മ കുറച്ചധികം സമയം മിണ്ടാതിരുന്നു. കുട്ടികളും. പിന്നെന്തോ കിട്ടിയ പോലെ ആവേശത്തോടെ പറഞ്ഞു തുടങ്ങി… ‘അത്ഭുതകരമായ ചിലത് പ്രവർത്തിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. നമുക്ക് ഇതാ ഒരു അവസരം കൈവന്നിരിക്കുന്നു.’ അതെന്ത് അവസരം കുട്ടികൾ രണ്ടു പേരും ഒന്നിച്ച് ചോദിച്ചു?
‘അതാണ് പറയാൻ പോകുന്നത്. വൈറസ്സിൻെറ പ്രത്യേകത അതിനെ കാണാൻ കഴിയില്ല എന്നതാണല്ലോ. അതുപോലെ നിങ്ങൾ രണ്ടുപേരും അദൃശ്യരായി എന്ന് സങ്കല്പിക്കുക എങ്ങനെ ഉണ്ടാവും?’
‘ഹായ് അതു നല്ല രസമായിരിക്കും എവിടെയും പോകാമല്ലോ’ നിധിൻ ആവേശത്തോടെ പറഞ്ഞു.
‘ഇപ്പോൾ ചെയ്യാൻ കഴിയില്ല എന്ന് കരുതുന്ന പലതും ചെയ്യാൻ പറ്റും’ നിധിക ചിരിച്ചു കൊണ്ട് കൂട്ടി ചേർത്തു.
‘അതെ ഇത് ചിന്തിക്കാനുള്ള ഒരു സാധ്യതയാണ്. എനിക്ക് കേരളത്തിൽ പോയി മുത്തശ്ശിയെ കണ്ടുവരണം അദൃശ്യയായാൽ പിന്നെ വിമാനത്തിന് ടിക്കറ്റ് ഒന്നും വേണ്ടല്ലോ?’
‘അങ്ങനെ വരട്ടെ ആഗ്രഹങ്ങൾ, നിധിൻ എന്തു ചെയ്യാൻ പോകുന്നു?’ ടീച്ചറമ്മ നിധിനെ നോക്കികൊണ്ട് ചോദിച്ചു.
‘ഞാൻ ആലോചിക്കുകയാണ്. ഒരിക്കലും ചെയ്യാൻ പറ്റില്ല എന്ന് കരുതിയ എന്തെങ്കിലും വേണ്ടേ?’

‘അത് വേണം. കേരളത്തിൽ പോകുന്നതൊക്കെ നടക്കാവുന്ന സംഗതിയാണ്. ചിലപ്പോൾ അല്പം വൈകും എന്നാലും സാധ്യമാണ്’ ടീച്ചറമ്മയും നിധിനെ പിന്താങ്ങി. നിധികക്ക് വിഷമമായി, പെട്ടെന്ന് പറഞ്ഞു പോയതാണ്. ഇനി നല്ലവണ്ണം ആലോചിച്ച് മാത്രമേ പറയൂ. അവൾ തീരുമാനിച്ചു.
നിധികയുടെ വിഷമം മനസ്സിലാക്കിയ ടീച്ചറമ്മ പറഞ്ഞു. ‘വളരെ പെട്ടെന്ന് പറയണമെന്നില്ല. നല്ലവണ്ണം ആലോചിച്ച് പറഞ്ഞാൽ മതി. ഒന്നോ രണ്ടോ ദിവസം വരെ എടുക്കാം. പക്ഷേ നല്ലപോലെ ആലോചിച്ച് വേണം എന്നു മാത്രം. പിന്നെ ഒരു കാര്യം കൂടി. ഒന്നോ രണ്ടോ വാക്യത്തിൽ പറഞ്ഞാൽ പോര. ചെറിയ ഒരു കഥ രൂപത്തിൽ അവതരിപ്പിക്കാം. എന്താ തയ്യാറല്ലേ?’
എന്തോ ചിന്തിച്ചിട്ട് എന്ന പോലെ നിധിൻ പറഞ്ഞു. ‘യെസ്, ഞങ്ങൾ തയ്യാർ.’

കേട്ടല്ലോ കൂട്ടുകാരെ ഒരു ദിവസം നിങ്ങൾ അദൃശ്യരായി എന്ന് സങ്കല്പിക്കുക. എന്തെല്ലാം ചെയ്യും എന്ന് വിശദമായി എഴുതൂ. രസകരമായ കുറിപ്പുകൾ പൂക്കാലത്തിന് അയക്കാൻ മറക്കരുത്.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

1 Comment

സനോജ്.സി. May 25, 2021 at 3:01 pm

പരമാവധി കുട്ടികളിലെത്തിക്കാം മാഷേ ….

പുതിയ ചില ചിന്താധാരകൾക്ക് തുടക്കം കുറിച്ചതിന് നന്ദി.

അധ്യാപകരുടെ പ്രഥമ പരിഗണന കുട്ടികൾ തന്നെയാവണം.

അതറിയാതെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു നടുവൊടിഞ്ഞ അധ്യാപകര് ഇങ്ങനെ ചിന്തിക്കട്ടെ …

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content