ഒടുവിലായൊരിക്കൽ കൂടി
അമ്പിളിക്കൊമ്പത്തൊരൂഞ്ഞാല്
കെട്ടിയപോൽ താളത്തിൽ
ഓലത്തുമ്പത്തിരുന്നാടും കിളികളും,
നദിനാരിമാറിലായ് പാല് ചുമന്നോടി
മക്കളെയൂട്ടുന്ന കാടിന്റെ കാഴ്ച്ചയും,
ചിലമക്കൾ തന്നുടെ വിഷം പുരണ്ടോരു
കുഞ്ഞരിപ്പല്ലാൽ കടിച്ചപാടേകിലും തെല്ലും
പരാതിയില്ലായവൾക്ക് പരിഭവമേതുമില്ല,
തനിച്ചായിടും നേരം നിനയ്ക്കാതെ
ചാരെ വന്നെത്തും തോഴരാം
കാറ്റും കുളിരും ഇരുളും കിളികളും
നിഴലും നിലാവും കുളത്തിലെയിത്തിരിപച്ചയും,
തമസ്സിൻ യവനികമറനീക്കിയുള്ളിലായ്
തലയാഴ്ത്തി തിരി നീട്ടും വിളക്കുപോൽ
പുഞ്ചിരിച്ചണയും താരങ്ങളിൻ ശോഭയും
താമരയിലയിലെ ജലകണത്തിൻ പാഴ്മോഹവും
താരുകളുള്ളിൽ നിറയ്ക്കും മധുവും
മരണത്തോടായ് പുറം തിരിയുമാത്മാക്കളും
ഇലച്ചുരുളിൽമേവുമുറുമ്പിൻ സമുദ്രവും,
ബാഷ്പധാരയൊഴുക്കുന്നു പൊഴിയുന്നു
ഹൃത്തടം വാർക്കും നിണവും
ഒടുവിലായൊരിക്കൽ കൂടി ഞാൻ
കാണുന്നു ജീവൻ തുടിച്ചൊരു
പാതയുമൂട്ടിയ പാഥേയവും.
അർച്ചന ഇന്ദിര ശങ്കർ
പാലക്കാട്