അനുഭവ നർമ്മം
ഒരു കള്ളക്കഥയുടെ ഓർമ്മ
ബാല്യത്തിൽ എല്ലാവർക്കും കുഞ്ഞു മനസ്സിൽ പേടി ഉണ്ടാക്കുന്ന കുറെ സംഗതികൾ ഉണ്ടാകും. ചിലർക്ക് പട്ടിയെ, ചിലർക്ക് കൂറയെ, ആനയെ, മറ്റു ചിലർക്ക് പ്രേതത്തെ അങ്ങിനെ നീളുന്നു ആ പട്ടിക. എനിക്ക് പേടി കള്ളന്മാരെയായിരുന്നു. രാത്രിയുടെ ഏകാന്തതയിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ ഗ്യാസ് പോകും. ചങ്കിനകത്ത് പല്ലാവൂരപ്പൂന്റെ ചെണ്ട മൊഴങ്ങും. കള്ളനാണോ? കട്ടുകൊണ്ടുപോകാൻ വിലപ്പെട്ട സാധനങ്ങളൊന്നും വീട്ടിലുണ്ടായിട്ടല്ല. കള്ളന്റെ രൂപം മനസ്സിൽ ഓർത്തിട്ടായിരുന്നു പേടി. കറുത്ത നിറവും, കപ്പട മീശയും, കള്ളന്റെ കയ്യിലെ കത്തിയും ഒക്കെയായിരുന്നു പേടിക്കുള്ള വകുപ്പുകൾ.
ആദ്യമായിട്ട് ഒരു കള്ളനെ കാണുന്നത് മൂന്നിലോ നാലിലോ പഠിക്കുന്ന കാലത്താണ്. വാട്ടർവർക്സിലെ വൈകുന്നേര കളികൾ തിമിർക്കുന്ന നേരത്താണ് അടുത്ത വീടുകളിൽ നിന്നും ഒച്ചയും ബഹളവും കേട്ടത്. രാശേട്ടയുടെ കിളി ശബ്ദത്തിനു ഇത്രയ്ക്കു പിച്ചുണ്ടെന്നറിയുന്നതും അന്നാദ്യമായിട്ടായിരുന്നു. വലിയ വായിൽ ‘കള്ളൻ കള്ളൻ’ എന്ന് നിലവിളിച്ചുകൊണ്ടുള്ള മൂപ്പരുടെ ഓട്ടം ഇപ്പോഴും മനസ്സിലുണ്ട്. ഓട്ടത്തിനിടയിൽ മുണ്ടൂരിപ്പോയതും കുറെ ഓടി മുണ്ടുപോയകാര്യം മനസ്സിലാക്കി തിരിച്ചു വന്നു മുണ്ടുടുക്കുന്ന സീനും. പിന്നെ അടുത്ത വീടുകളിലെ പെൺപടയും കള്ളനെ കാണാനുള്ള ഓട്ടത്തിൽ പങ്കുചേർന്നു.
നേരം മോന്തി ആവാൻ പോകുന്നു. കള്ളനെ ആദ്യമായിട്ടൊന്നു കാണാൻ കിട്ടിയ അവസരം പാഴാക്കേണ്ടെന്നു വെച്ച് കൂട്ടത്തീന്നു മറാത്ത എക്സ്ട്രാ ഫിറ്റിങ് ചൂരിയെ പാറുകുട്ടിമുത്തിയെ ഏല്പിച്ചു ഞാനും വെച്ച് പിടിച്ചു. എല്ലാവരും ഒരേ ഒരു ലക്ഷ്യത്തിലേക്കു നീങ്ങി. അത് കൊളപ്പര വീട്ടിലെ തോട്ടമായിരുന്നു. അവിടെയാണ് ഒരു തെങ്ങിൽ കള്ളനെ കെട്ടിയിട്ടിട്ടുള്ളത്.
സംഗതിയുടെ ഫ്ലാഷ്ബാക്ക് ഇങ്ങിനെ. കുട്ടിക്കൃഷ്‌ണേട്ടന്റെ കണ്ടം കൊയ്ത്തു കഴിഞ്ഞു കറ്റയും കൊണ്ട് അവസാനം പോയ രുക്കുവിന്റെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചു കൊണ്ട് ഓടിയതായിരുന്നു കള്ളൻ. രുക്കു കറ്റക്കെട്ട് നിലത്തിട്ട് കള്ളനെ പൂരത്തെറിയും പറഞ്ഞു നിലവിളിച്ചുകൊണ്ട് ചേസ് ചയ്യുമ്പോൾ പശുവിനെ മേച്ചുകൊണ്ട് അഞ്ചുമൂലക്കണ്ടവരമ്പിൽ നിന്നിരുന്ന ചുക്രൻ ചെട്ടിയാർ അലെർട് ആകുകയും പശുവിനെ അവിടെ വിട്ട് കള്ളന്റെ വഴിയിൽ തന്ത്രപരമായി ചാടിവീണ് കയ്യിലിരുന്ന മുടിയൻകോലുകൊണ്ടു കള്ളന്റെ തലയ്ക്കു തന്നെ ആഞ്ഞൊരു പൂശു പൂശുകയും ചെയ്തുവത്രേ. ആ അടിയിൽ കള്ളന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറക്കുകയും ടോം ആൻഡ് ജെറിയിലെ ടോം പൂച്ചയ്ക്ക് തലക്ക് ഗിമ്മു കിട്ടി ചെവിയിൽ കൂടി കിളി പറക്കുമ്പോ ആശാൻ മൂക്കും കുത്തി വീഴുമ്പോലെ കള്ളൻ രണ്ടു വട്ടം ചുറ്റി ദേ കെടക്കണ് പഞ്ചകണ്ടത്തില്. അപ്പോഴേക്കും സ്പോട്ടിലെത്തിയ സ്ഥലത്തെ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വക്താവും ദേശത്തെ കാവൽ ദൈവം തെണ്ടമുത്തന്റെ ചീഫ് സ്പൈയുമായ മായപ്പേട്ടനും സംഘവും കള്ളന്റെ പെരുമാറാൻ പറ്റുന്ന സ്ഥലത്തെല്ലാം കയറി സാമാന്യം ഭേദപ്പെട്ട നിലയിൽ പെരുമാറി പരിപ്പെളക്കിയത്രേ. ശേഷം കള്ളന്റെ കൈ കെട്ടി ജാഥയായി കുട്ടിക്കൃഷ്‌ണേട്ടന്റെ തെങ്ങിൽ കൊണ്ട് കെട്ടി പൊതുദർശനത്തിനു വെച്ചപ്പോഴാണ് ഞങ്ങൾ തോട്ടശ്ശേരിക്കാർ അബാലവൃദ്ധം അവിടെയെത്തുന്നത്.
അങ്ങിനെ അവിടെ എത്തി കള്ളനെ കണ്ട എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഇതാണോ ഞാൻ ഇതുവരെ പേടിച്ച കള്ളന്റെ രൂപം!! ഇതൊരുമാതിരി ഞാഞ്ഞൂൽ രൂപം. ഊതിയാൽ പറക്കുന്ന ജാതി. തല്ലുകൊണ്ട് കരഞ്ഞുകൊണ്ട് തേന്മാവിൻ കൊമ്പത്തു സിനിമയിൽ മോഹൻലാൽ പറയുന്നപോലെ പാലക്കാടൻ സ്ലാങ്ങിൽ “അഴിച്ചു വിടീ ഏട്ടേ .. അഴിച്ചു വിടീ ഏട്ടേന്നു” പറഞ്ഞു സപ്തസ്വരങ്ങളിലും അകിറികൊണ്ടിരിക്കണ കള്ളനെ കണ്ടപ്പോ മനസ്സിൽ സൂക്ഷിച്ച ഗൗരവതരമായ ഒരു വിഗ്രഹം തട്ടിപ്പൊട്ടിച്ചതിൽ രണ്ടെണ്ണം അവന്റെ ചെപ്പക്കു പൊട്ടിക്കാനാണ് തോന്നിയത്. ഞാൻ ചെയ്യാൻ വിചാരിച്ച സാഹസം വേറൊരു സ്റ്റൈലിൽ നടത്താൻ തീരുമാനിച്ച, അതായത് കെട്ടഴിച്ചപ്പോൾ നടന്നു നീങ്ങുന്ന ഞാഞ്ഞൂലിനെ ഒന്ന് പൊറംകാലുകൊണ്ടു ചവിട്ടാൻ ഓടിയ രാശേട്ട തെങ്ങിൻ തടത്തിലെ ചേറിൽ വഴുക്കി വീണു സീനുണ്ടാക്കിയത് എല്ലാർക്കും ചിരിച്ചു പിരിയാൻ വഴി നൽകി.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ