മലയാളം എന്നോട് സംസാരിക്കുന്നത്

(ഞാൻ ആലോചിക്കുകയായിരുന്നു,
വളരെ കാലത്തെ മറുനാട്ടിലെ
ജീവിതത്തിനുശേഷം
കേരളത്തിലെത്തുന്ന ഒരു പ്രവാസിയോട്
മലയാളം എന്തായിരിക്കും സംസാരിക്കുന്നതെന്ന്!)

എന്റെ അഭിമാനം എന്നോർത്ത്
അവളെന്നെ ഗാഢമായി പുണരും
എന്റെ രക്തമെന്ന് വേപഥുകൊള്ളും
ഞാൻ സഞ്ചരിച്ച വിചിത്ര വഴികൾ
അവളെന്നില്‍നിന്ന് കണ്ടെടുക്കും.

അവളെന്നോട് ഉറച്ചഭാഷയില്‍ സംസാരിക്കും
എന്റെ നാവില്‍ വാക്കുകൾ കുഴഞ്ഞുവീഴും
എന്റെ ഭാഷയില്‍ മൗനങ്ങൾ വീർപ്പടക്കും
എന്നാല്‍ അതില്‍ നിറയെ അർത്ഥങ്ങൾ പൂവിടും
അതിലെന്റെ രഹസ്യപ്രണയങ്ങൾ ഞാനൊളിപ്പിക്കും.

അർത്ഥപൂർണ്ണതയാലെന്റെ കണ്ണുകൾ വിടർന്നിരിക്കും
എനിക്ക് ചിറകുകൾ മുളയ്ക്കും
ഞാൻ മരുപ്പച്ചകളിലേക്ക് കണ്ണുപായിക്കും
കാല്‍ച്ചുവടുകൾ മരീചികകളില്‍ അലയും
അന്യഗ്രഹവാസിയെപ്പോലെ ഞാനൊറ്റപ്പെടും
ഓർമ്മകളെന്നില്‍ മിന്നല്‍പ്പിണരുകളാകും
ഇടിമുഴക്കങ്ങൾ ചെവികൾ കൊട്ടിയടയ്ക്കും
മണങ്ങൾക്കായി ഞാൻ മൂക്കുവിടർത്തും
എന്റെ വേരുകൾക്ക് തൊണ്ട വരണ്ടുകൊണ്ടിരിക്കും.

ഉഷ്ണരാത്രികളും വിയർക്കുന്ന പകലുകളും
എന്നെ വിറളി പിടിപ്പിക്കും
അവളെന്നെ പ്രണയച്ചുഴിയിലേക്ക്
വലിച്ചിട്ടുകൊണ്ടിരിക്കും.

അതിന്റെ സ്വരലയങ്ങളില്‍ ഞാൻ
പുതിയ ആകാശങ്ങളെ കിനാവുകാണും
അവളെന്നെ ഭൂമിയമ്മയായി ചേർത്തുപിടിക്കും
ഒരഭയാർത്ഥിയെ തിരക്കിട്ട് പരിചരിക്കുന്ന
അവധൂതയായി അവളെന്റെ കാതില്‍
സ്നേഹവാക്കുകൾ പറഞ്ഞുകൊണ്ടിരിക്കും.

പ്രൊഫ. സുജ സൂസൻ ജോർജ്ജ്
ഡയറക്ടർ മലയാളം മിഷൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content