നാടൻചിന്ത്
ഓരോ നാടിനും അതിന്റേതായ ഒരു പാരമ്പര്യവും സംസ്കാരവും ഉണ്ടാവും. ആ സംസ്കാരത്തിന്റെ പേരിലായിരിക്കും ഒരുപക്ഷേ ആ പ്രദേശം അറിയപ്പെടുന്നതുതന്നെ. അതുപോലെത്തന്നെ വ്യത്യസ്തമായ കലാരൂപങ്ങൾ ഓരോ നാടിനും സ്വന്തമായി ഉണ്ടാവും. അത് ലോകത്തിലെവിടെയും ബാധകമായ സംഗതിയുമാണ്.
ഉത്സവങ്ങൾ ആഘോഷങ്ങൾ എന്നിങ്ങനെയൊക്കെ വരുമ്പോൾ നിറമുള്ള ഇത്തരം കലാരൂപങ്ങൾക്ക് വളരെ വലിയ പങ്കാണുള്ളത്. ചില കലാരൂപങ്ങൾക്ക് വൻ ജനസ്വാധീനം ഉള്ളതായി നമുക്ക് കാണാൻ കഴിയും. എന്നാൽ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന എത്രയോ മികച്ച കലാരൂപങ്ങൾ ഉണ്ട് എന്നുള്ളതും നമ്മൾ തിരിച്ചറിയേണ്ടതുണ്ട് . അത്തരത്തിലൊരു കലാരൂപത്തെ കൂട്ടുകാർക്ക് പരിചയപ്പെടുത്തട്ടെ.
പൊറാട്ടുകളി / പൊറാട്ടുനാടകം
പാലക്കാട് ജില്ലയില്‍ പ്രചാരത്തിലുള്ള ഗ്രാമീണ നാടകമാണ് പൊറാട്ടുനാടകം. പൊറാട്ടുകളി എന്നും പറയും. ഹാസ്യം നിറഞ്ഞ സംഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകള്‍ എന്നിവ പൊറാട്ടില്‍ കാണാം. വിദൂഷകന്‍, കുറവന്‍, കുറത്തി, ചെറുമന്‍, ചെറുമി, മണ്ണാത്തി, ദാസി, ചക്കിലിയന്‍ ഇവരൊക്കെയാണ് പൊറാട്ടിലെ കഥാപാത്രങ്ങള്‍. സ്ത്രീ കഥാപാത്രങ്ങളെ പുരുഷന്മാര്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയുടെ ചില ഭാഗങ്ങളിലും പൊറാട്ടുകളി അവതരിപ്പിക്കാറുണ്ട്. അമ്പലപ്പറമ്പിലോ, കൊയ്ത്തു കഴിഞ്ഞ പാടത്തോ, മൈതാനത്തോ തയ്യാറാക്കിയ പന്തലിലാണ് പൊറാട്ടുനാടകം അരങ്ങേറുന്നത്. ചതുരാകൃതിയിലുള്ള പന്തലിനോട് ചേര്‍ത്ത് കലകാരന്മാര്‍ക്ക് ഒരുങ്ങാനുള്ള അണിയറ പണിയും. കളി നടക്കുന്നതിന് മുന്നോടിയായി കേളികൊട്ട് ഉണ്ടാകും. ചെണ്ടയും ഇലത്താളവുമാണ് കേളികൊട്ടിനുപയോഗിക്കുന്ന വാദ്യങ്ങള്‍. ഒരു ചോദ്യക്കാരന്‍, ദാസി, കുറവന്‍, കുറത്തി, പൂക്കാരി, വണ്ണാത്തി, വണ്ണാന്‍, തൊട്ടിയന്‍, തൊട്ടിച്ചി, ചെറുമി തുടങ്ങിയ പൊറാട്ട് വേഷങ്ങള്‍ രംഗത്ത് വരാറുണ്ട്. വിദൂഷകന്റെ ഭാവരൂപമാണ് ചോദ്യക്കാരന്റേത്.
ചോദ്യക്കാരന്‍ പൊറാട്ടുനാടകത്തിലെ പ്രധാന കഥാപാത്രമാണ്. നാടകവും കാണികളും തമ്മിലുള്ള സുദൃഢമായ ബന്ധം ഉറപ്പുവരുത്തുന്നത് ചോദ്യക്കാരനിലൂടെയാണ്. പൊറാട്ടുകളെ പരിചയപ്പെടുത്തുന്നതു മുതല്‍ ഫലിത പ്രയോഗങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന ചോദ്യക്കാരന്‍ നാട്ടരങ്ങിലെ ‘സൂത്രധാരനാണെന്നു’പറയാം. പല നിറത്തോടു കൂടിയ ഉടുപ്പും, അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് ചോദ്യക്കാരന്റെ വേഷം. നീളം കൂടിയ തൊപ്പിയും ധരിക്കും. ചടുലമായ ചുവടുകളാണ് ചോദ്യക്കാരന്റേത്. കളി തുടങ്ങുന്നതിന് മുമ്പ് പ്രധാന പാട്ടുകാരനായ ചോദ്യക്കാരന്റെ നേതൃത്വത്തില്‍ എല്ലാവരും ചേര്‍ന്ന് സ്തുതിഗീതം അവതരിപ്പിക്കുന്ന രീതിയും ഉണ്ട്. എല്ലാ പൊറാട്ടുകളും ദൈവത്തെ സ്തുതിച്ചു കൊണ്ടാണ് തങ്ങളുടെ ഭാഗം തുടങ്ങുന്നത്. മംഗളഗാനത്തോടെയാണ് കളി അവസാനിപ്പിക്കുന്നത്.
ഗോത്രകലാരൂപങ്ങളിലും മറ്റു നാടന്‍കലകളിലും ഹാസ്യത്തിന് പ്രാധാന്യം കൊടുത്തിരുന്നത് പൊറാട്ടുകളാണ്. പുറമെയുള്ള ആട്ടം എന്ന അര്‍ത്ഥത്തിലാണത്രെ പൊറാട്ട് എന്ന വാക്ക് രൂപംകൊണ്ടത്. തെയ്യം, കാളിയൂട്ട്, മുടിയേറ്റ്, കെന്ത്രോന്‍പാട്ട്, കണ്യാര്‍കളി, ഐവര്‍ നാടകം, ചവിട്ടു നാടകം, കോതാമ്മൂരിയാട്ടം, കുറത്തിയാട്ടം, പടയണി തുടങ്ങിയ കലാരൂപങ്ങളിലെല്ലം പൊറാട്ട് രൂപമോ അതിന്റെ വകഭേദങ്ങളോ പ്രത്യക്ഷമാണ്. പൂരക്കളിയിലും പൊറാട്ടുണ്ട്. കാളിയൂട്ടിലെ പൊറാട്ടുകളാണ് -പരദേശിയും ബ്രാഹ്മണനും കുടിയനും. വെലിക്കളിയില്‍ മായിലോന്‍, മാപ്പിള, യോഗി; കണ്യാര്‍കളിയില്‍ കുറവന്‍, കുറത്തി, മണ്ണാത്തി, പറയന്‍, ചക്കിലിയന്‍, കുടിയന്‍, നായ്ക്കന്‍, പാമ്പാട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം പൊറാട്ടാണ്. മുടിയേറ്റിലെ കൂളിയെ പൊറാട്ടായി കരുതാം.
നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു സംശയിക്കുന്ന ഈ നാടോടി നാടകത്തെ പരിഷ്കരിച്ച് ഇന്നത്തെ പോലെയുള്ള രംഗാവതരണ ശൈലിയിൽ വളർത്തിയെടുത്തത് പൊൽപ്പുള്ളി മായൻ എന്ന കളിയാശാനാണെന്ന് പറയപ്പെടുന്നു. പൊറാട്ട് എന്നാൽ പുറത്തെ ആട്ട്, അതായത് പുറം ജനങ്ങളുടെ ആട്ട് (നൃത്തം) എന്നാണർഥം. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊറാട്ടു നാടകത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുന്നതിന് ആശാൻമാർ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് നെന്മാറക്കാരൻ സി.ശങ്കരൻ കളിച്ചു വന്ന പൊറാട്ടു നാടകത്തിലെ ഗാന്ധി സ്തുതി.
കളിയുടെ ആദ്യം മുതൽ അവസാനം വരെ വിദൂഷകനായ ഒരു ചോദ്യക്കാരനുണ്ടാകും. കഥാപാത്രങ്ങൾ രംഗത്തു വന്നാൽ ഇയാൾ ഫലിതം പുരണ്ട ചോദ്യങ്ങൾ ചോദിക്കും. ഒരു വിദൂഷകനെ പോലെ രസിപ്പിച്ച് കഥ മുന്നോട്ടു കൊണ്ടു പോകുന്ന അയാൾക്ക് നീളം കൂടിയ തൊപ്പിയും പല നിറങ്ങളുള്ള ഉടുപ്പും അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് വേഷം. ചോദ്യങ്ങൾക്ക് കഥാപാത്രങ്ങൾ നൽകുന്ന മറുപടിയിലൂടെയാണ് കഥാഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിവിധ പൊറാട്ടുകളുടെ സംഗമ സ്ഥാനമാണ് വേദി. ഓരോ പൊറാട്ടും സ്വയം പൂർണ്ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ്. അവരവർക്കുള്ള ഭാഗം കളിച്ചു കഴിഞ്ഞാൽ വേറെ പൊറാട്ട് പ്രവേശിക്കുന്നു. സ്ത്രീ പൊറാട്ടും പുരുഷ പൊറാട്ടും തമ്മിലുള്ള സംഭാഷണത്തിൽ പ്രണയ കലഹങ്ങൾ വിഷയങ്ങളാകും.
ആദ്യം വണ്ണാത്തിയുടെ പുറപ്പാടാണ്. വണ്ണാത്തി രംഗത്തു വന്നാൽ ആദ്യമായി ഗുരു, ഗണപതി, സരസ്വതി, ഇഷ്ടദേവത എന്നിവരെ വന്ദിക്കുന്ന ഒരു വിരുത്തം പാടുന്നു. പിന്നെയാണ് ചോദ്യോത്തരം.
മണ്ണാൻ-മണ്ണാത്തി, ചെറുമൻ-ചെറുമി, കുറവൻ-കുറത്തി എന്നിങ്ങനെ അനേകം പൊറാട്ടുകൾ ഈ കലയിലൂടെ അവതരിപ്പിക്കുന്നു. ഓരോ സമുദായത്തിന്റെ ജീവിത രീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുന്ന ഇതിൽ പുരുഷന്മാർ തന്നെയാണ് സ്ത്രീ വേഷവും കെട്ടുന്നത്. നർമ്മ സംഭാഷണം, ചടുലമായ നൃത്തം, ആസ്വാദ്യമായ പാട്ടുകൾ എന്നിവയാണ് ഈ കലാരൂപത്തിന്റെ പ്രത്യേകതകൾ. കളിയാശാൻ, ചോദ്യക്കാരൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണ് ഈ കലയിലെ കഥ നിയന്ത്രിക്കുന്നത്. ചോദ്യക്കാരൻ വിദൂഷകന്റെ വേഷവും അഭിനയിക്കുന്നു.
പ്രസിദ്ധരായ പൊറാട്ട് കലാകാരന്മാർ
പൊറാട്ട് നാടകത്തിലെ ഇതിഹാസമായിരുന്നു നല്ലേപ്പിള്ളി നാരായണൻ. ചോദ്യക്കാരനായി വന്ന് അനേകമനേകം രാത്രിയിൽ കൊയ്ത്തുകഴിഞ്ഞ പാടത്തെത്തുന്ന ഗ്രാമീണരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരൻ. മനോധർമത്തിലൂന്നിയ ചോദ്യങ്ങളായിരുന്നു ആ മുഖമുദ്ര. കാവാലം നാരായണപണിക്കരെപ്പോലുള്ള മുതിർന്ന കലാകാരന്മാർ അദ്ദേഹത്തെ അങ്ങോട്ടു പോയി കാണുമായിരുന്നു.
നെൻമേനി കൃഷ്ണൻ, പൊൽപ്പള്ളിമായൻ,
ചാമുക്കുട്ടിയാശാൻ, എത്താർമായൻ,
പാലം തോണി വേലായുധൻ, ആയക്കാട് ചെല്ലൻ, മണ്ണൂർ ചാമിയാർ, തെങ്കുറുശ്ശി മുരുകച്ചൻ, സി.ശങ്കരൻ, മണ്ണൂർ ചന്ദ്രൻ,
തത്തമംഗലം കലാധരൻ എന്നിവരും പ്രസിദ്ധ പൊറാട്ട കലാകാരന്മാരായിരുന്നു
കൂട്ടുകാരെ, ഇത്തരത്തിൽ നിങ്ങൾക്ക് ഓരോരുത്തർക്കും പരിചിതമായതും എന്നാൽ അതി പ്രസിദ്ധം അല്ലാത്തതുമായ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നതാവട്ടെ ഇപ്രാവശ്യത്തെ പ്രവൃത്തി. സി വി ബാലകൃഷ്ണന്റെ ‘ കുളിര് ‘ എന്ന കഥയിൽ മൂത്തമ്മയുടെ തെയ്യ വിചാരം നമ്മൾ വായിച്ചല്ലോ ? അതിന്റെ അടിസ്ഥാനത്തിൽ ആവട്ടെ ഈ പ്രവർത്തനം.

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം