കവിത രചിച്ചു പഠിക്കാം – മത്സരങ്ങളിലെ കവിതാ രചന

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

ല്ല കവിതകൾ എങ്ങനെ രചിക്കാമെന്നാണ് കഴിഞ്ഞ തവണ നമ്മൾ ചർച്ച ചെയ്തത്. കവിതാ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്തെങ്കിലുമുണ്ടോയെന്നാണ് ഇപ്പോൾ ചോദ്യമുയർന്നിരിക്കുന്നത്. തീർച്ചയായും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം.

വിദ്യാലയങ്ങളിലും കലാലയങ്ങളിലും യുവജനോത്സവങ്ങളിലുമെല്ലാം വിഷയം നൽകിയാണ് കവിതാ രചന നടത്താറുള്ളത്. അതുകൊണ്ടു തന്നെ വിഷയം സ്വാംശീകരിക്കൽ അതിപ്രധാനമാണ്. വിഷയം കിട്ടിക്കഴിഞ്ഞാൽ ഉടനെ എഴുതാൻ തുടങ്ങേണ്ടതില്ല. വിഷയം നമ്മുടെ ഉള്ളിൽ കയറാൻ സമയം അനുവദിക്കണം. പിന്നീട് വിഷയത്തിനുള്ളിൽ നമ്മൾ കയറണം. അപ്പോഴേ കവിതയുടെ സ്വർഗ വാതിൽ നമുക്കു മുന്നിൽ തുറന്നു കിട്ടൂ.

വിഷയത്തെക്കുറിച്ച് എഴുതുമ്പോഴും കുറേയങ്ങ് വാരി വലിച്ചെഴുതിയിട്ടു കാര്യമില്ല. കാരണം, വിഷയം മാത്രമല്ല പ്രശ്നം. ലേഖനമാണെങ്കിൽ വിഷയത്തിന് അമിത പ്രാധാന്യം നൽകാം. കവിതയെ വിലയിരുത്തുമ്പോൾ വിഷയവുമായുള്ള ബന്ധം എന്നത് സൂചകങ്ങളിൽ ഒന്നു മാത്രമാണ്. കവിതയാകുമ്പോൾ കാവ്യാത്മകതക്കു തന്നെ മുൻതൂക്കം നൽകണം. നേരിട്ടു വിഷയത്തിലേക്കു പ്രവേശിക്കുന്നതിനു പകരം പരോക്ഷമായും പ്രതീകാത്മകമായും ഒക്കെ സമീപിക്കാനുള്ള സാധ്യത പരിഗണിക്കണം.

നവീനതയാണ് കവിതയുടെ പ്രാണൻ. മറ്റാരും കാണാത്ത, പറയാത്ത, ഒന്നായി മാറുക എന്നത് കവിതയുടെ ജന്മ സാഫല്യം. പ്രതിപാദ്യത്തിന്റെ പുതുമ പോലെ പ്രധാനമാണ് പ്രതിപാദനത്തിന്റെ പുതുമയും. ഏതിനേയും വേറെ രീതിയിൽ, വേറിട്ട രീതിയിൽ, കാണാനുള്ള കണ്ണ് ഏറെ പ്രശംസിക്കപ്പെടും. ഒരു ഉദാഹരണത്തിലൂടെ ഇക്കാര്യം പറയുന്നതു നന്നായിരിക്കും.

ഒരിക്കൽ കവിതാ രചനക്കു കിട്ടിയ വിഷയം സ്വപ്നം എന്നതായിരുന്നു. സ്വപ്നം പല തരത്തിലുണ്ടെങ്കിലും എല്ലാവർക്കും പരിചിതമാണ് ആ വിഷയം. ധാരാളം പേർ മത്സരത്തിനെത്തിയിട്ടുണ്ട്. എല്ലാവരും സ്വപ്നം എന്ന വിഷയത്തെ കേന്ദ്രീകരിച്ചെഴുതുമ്പോൾ എങ്ങനെയാണ് ഒരു വേറിടൽ സാധ്യമാകുക. കുറച്ചുനേരം ചിന്ത അതു തന്നെയായിരുന്നു. മനുഷ്യന്റെ സ്വപ്നങ്ങളാണ് ഈ ലോകത്തെ മുഴുവൻ ഇന്നത്തെ നിലയിൽ മാറ്റിത്തീർത്തത്.

ഇന്നലെ കണ്ട സ്വപ്നങ്ങളാണ് ഇന്നത്തെ യാഥാർത്ഥ്യങ്ങൾ. ഇന്നത്തെ സ്വപ്നം നാളത്തെ സത്യം. ഇതൊക്കെയാണ് എല്ലാവരും എഴുതാൻ പോകുന്നത്. എല്ലാവരും എഴുതുന്നതു പോലെ എഴുതിയാൽ എങ്ങനെയാണ് സമ്മാനത്തിന്നർഹമാകുക. അതിന് ആദ്യം വേണ്ടത് മറ്റുള്ളവരിൽ നിന്ന് വേറിട്ടതാകുക എന്നതു തന്നെയല്ലേ. എങ്കിൽ, സ്വപ്നത്തെ എങ്ങനെ വേറിട്ട സ്വപ്നമാക്കാം. അതിന് ഒരു വഴി കണ്ടെത്തണം. ആലോചിച്ചപ്പോൾ കിട്ടി. മനുഷ്യൻ കാണുന്ന സ്വപ്നത്തിനു പകരം ഒരു പക്ഷിയുടെ സ്വപ്നമായാലോ. ജനിക്കാൻ പോകുന്ന ഒരു പക്ഷി കാണുന്ന സ്വപ്നം എന്തായിരിക്കും. മുട്ടയ്ക്കുള്ളിൽ ഭ്രൂണമായി കിടക്കുന്ന ഒരു കിളി കാണുന്ന സ്വപ്നത്തെ മനസ്സിലേക്കു കൊണ്ടുവന്നു. പിന്നീട് എഴുതിയ വരികൾ ഇങ്ങനെയായിരുന്നു.

നീലിമ മിന്നിപ്പടർ –
ന്നീടുമീ തോടിന്നുള്ളിൽ
മോഹനിദ്രയിൽ ലയി –
ച്ചിരിപ്പാണല്ലോ ഭ്രൂണം.
എന്നു വന്നീടും ജീവൽ
സ്പന്ദമീ കരുക്കൾക്ക്
എന്നു ഞാൻ തട്ടിത്തകർ –
ത്തീടുമെൻ തടവറ.

ഇങ്ങനെ മുന്നോട്ടു പോകുന്നു കവിത. കവിതക്ക് ഒന്നാം സമ്മാനം കിട്ടി.

മറ്റൊരു സന്ദർഭത്തിൽ വരൾച്ച എന്ന വിഷയം നൽകി മത്സരം നടത്തിയപ്പോൾ ഒരു കുട്ടി വ്യത്യസ്തമായ രീതിയിൽ വരൾച്ചയെ അവതരിപ്പിച്ചു.

ആകാശത്ത് ഒരു തടവറയ്ക്കുള്ളിലാണ് പാവം മഴ.
അവിടെ നിന്നും രക്ഷപ്പെടാൻ
പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്.
പക്ഷേ, എല്ലാം നിഷ്ഫലം.
കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന
ഒരു നിഷ്കളങ്കൻ സ്വന്തം വീട്ടിലേക്ക് എത്താൻ
കാത്തിരിക്കുന്നതു പോലെ മഴ.
തടവുകാലം തീരാൻ തിടുക്കപ്പെടുന്ന മഴ.

ആ കവിതയും ഒന്നാം സമ്മാനം നേടുകയുണ്ടായി. എങ്ങനെയായിരിക്കും ആ വരികൾ. നിങ്ങൾ ഒന്നു എഴുതി നോക്കൂ…

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

Skip to content