അനുഭവ നർമ്മം
കേശവന്റെ ഗുണ്ട്
വേനൽ അവധിക്ക് സ്‌കൂൾ പൂട്ടിയാൽ പിന്നെ വിഷുവിനും വേലക്കും ഉള്ള കാത്തിരിപ്പാണ്. അവധിക്കാലത്തെ വെയിലെരിയുന്ന പകലുകൾ പലതരം കളികളുടെ കൂത്തരങ്ങായി മാറും. ഒരുകാലത്ത് ദേശത്തിനാകെ കുടിവെള്ളമെത്തിച്ചിരുന്നതും പിന്നീട് പമ്പിങ് ഉപേക്ഷിക്കപ്പെടുകയും ചെയ്ത വാട്ടർവർക്സ് മൈതാനം ശബ്ദ മുഖരിതമാകും. സെവൻ സ്റ്റോൺസ്, പാറ്റകളി, പമ്പരം കളി, കിളിമാസ്സ് അങ്ങിനെ എത്രയോ കളികൾ. മിക്കവാറും ദിവസങ്ങളിൽ ഉച്ചക്ക് ശേഷമാകും കളികൾ. സമാന്തരമായി പാട്ടാളിസ്വാമിയുടെ നേതൃത്വത്തിൽ അമ്പത്താറു കളി നടക്കുന്നുണ്ടാകും. അന്നത്തെ ബോംബെ, മദ്രാസ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് ലീവിനെത്തിയ ഞങ്ങളുടെ ആരാധനാ പാത്രങ്ങളായിരുന്ന ഇളയച്ഛന്മാർ, മുരളിയേട്ട, വിജയേട്ട, മോഹനേട്ട തുടങ്ങിയവരൊക്കെ ഉണ്ടാകും. ആരെങ്കിലും കളി തെറ്റിച്ചാൽ പാട്ടാളി സ്വാമിയുടെ കണ്ട്രോൾ പോകും. വലിയ ഇടി വെട്ട് ശബ്ദത്തിൽ മൂപ്പർ അലറും. മുറുക്കാൻ നിറഞ്ഞ വായിലുള്ളത് ഉപേക്ഷിക്കാനും, കളിയെ ക്രിട്ടിസൈസ് ചെയ്യാതിരിക്കാനും വയ്യാത്ത അവസ്ഥയിൽ വായ തുറന്നു മാനത്തേക്ക് നോക്കിയാകും ഡയലോഗ്. “ഉപ്പേട് രാജാവ് വെച്ചിട്ട് വെട്ടണ്ട കളിക്ക് കൂലി ഇട്ടു കളി തോപ്പിച്ചു.” എന്ന്. ചൂട് കാരണം മുണ്ടും, ലുങ്കിയും, ബനിയനും തോളത്തൊരു തോർത്തുമുണ്ട് പുതച്ചതും ഒക്കെ ആയിരിക്കും കളിക്കാരുടെ വേഷം. നാലഞ്ചു മണിവരെ കളി നീളും. അപ്പുറത്തുള്ള കെട്ടിടത്തിൽ മുൻപിലെ വരാന്തയിൽ പാറുകുട്ടിമുത്തിയും പെണ്ണുങ്ങളും ഭാര കളിക്കുന്നുണ്ടാകും.
വിഷു പിറ്റേന്നുള്ള ദേശ വേല ഞങ്ങളുടെയൊക്കെ ഗൃഹാതുരതയെ ഇപ്പോഴും ഉജ്വലമാക്കാറുണ്ട്. വേലത്തലേന്ന് തന്നെ ആനകളും, മേളക്കാരും, കളിപ്പാട്ട വില്പനക്കാരും, അലുവ, പൊരി, ഈന്തപ്പഴം വാണിഭക്കാരുമെല്ലാം എത്തിത്തുടങ്ങും. കുട്ടിപ്പട്ടാളം പിന്നെ എപ്പോഴും ആനകളെ കുളിപ്പിക്കുന്ന കുളക്കരയിലും, ആനകൾ ഈറൻ പനയുടെയും, തെങ്ങിന്റെയും പട്ടകൾ ചെവികളാട്ടികൊണ്ട് ആസ്വദിച്ച് അകത്താകുന്നുന്നതുമെല്ലാം കണ്ടും അങ്ങിനെ നടക്കും.
വേല കഴിഞ്ഞാൽ ഞങ്ങളുടെ കൊച്ചു മനസ്സുകളും പൂരം കഴിഞ്ഞ പറമ്പ് പോലെ നിശ്ശബ്ദവും നിഷ്ക്രിയവുമാകും. പിന്നെ കുറെ ദിവസങ്ങൾ കഴിയണം പഴയ ഉല്ലാസങ്ങളിലേക്ക് മടങ്ങിപ്പോകാൻ. ആ കാലയളവിലെ പ്രധാന കലാപരിപാടി പടക്കം പെറുക്കലാണ്. വേലയ്ക്കു പൊട്ടാത്ത, പടക്ക മാലയിൽ നിന്ന് തെറിച്ചു പോയ ഓലപ്പടക്കം പാടവരമ്പുകൾ തോറും നടന്ന് പെറുക്കികൂട്ടും. തിരി ഉള്ളതെല്ലാം വെയിലത്ത് വെച്ച് ഒന്ന് കൂടി ഉണക്കി പൊട്ടിക്കും. ബാക്കി ഉള്ളതിന്റെ മരുന്നെല്ലാം എടുത്തു മുളംകുറ്റിയിൽ ഗുണ്ട് ഉണ്ടാക്കി പൊട്ടിക്കുമായിരുന്നു. ഞാനും കേശവനും കൂടി ഒരു വേല കഴിഞ്ഞ സമയത്തു് പച്ചമുളംതണ്ടു കൊണ്ട് ഗുണ്ടുകുറ്റിയുണ്ടാക്കി മരുന്നു നിറച്ചു നല്ല അമരത്തിൽ പൊട്ടുന്ന ആറ്റം ബോംബിട്ടു സാധനം റെഡിയാക്കി. പടിക്കലെ വീട്ടിലെ ചേച്ചിമാർ വെള്ളം കോരാൻ വീട്ടിലേക്കു വരുമ്പോൾ പൊട്ടിക്കാൻ തയ്യാറായി ഇരുന്നു. ആ കാലത്ത് നമ്മുടെ വിക്രിയകൾ മറ്റുള്ളവരെ അറിയിക്കാൻ വാട്സ് ആപ്പും ഫേസ് ബുക്കും ഒന്നും ഇല്ലാതിരുന്നതിനാൽ പ്രകടനങ്ങളൊക്കെ പ്രേക്ഷകർക്ക് മുൻപിൽ നേരിട്ടായിരുന്നുവല്ലോ.
ഗുണ്ട് ചരിയാതിരിക്കാനായി സാധാരണ ഗതിയിൽ ഒരു കുറ്റി തറച്ചതിൽ ഗുണ്ട് കുറ്റി കെട്ടി വെക്കും. അന്ന് ഓവർ കോൺഫിഡെൻസിൽ മണ്ണ് കൂട്ടിവെക്കുകയായിരുന്നു. അവർ വന്നപ്പോൾ നിർബന്ധിച്ചു കാണികൾ ആക്കി നിർത്തി. കേശവൻ തിരിക്കു തീകൊളുത്തി. മുകളിൽ പോയി പൊട്ടുന്ന സാധനമായതിനാൽ തീ കൊളുത്തി ഓടേണ്ടല്ലോ. അവൻ അവിടെ തന്നെ സാധനം മുകളിലേക്കു പൊങ്ങുന്നതും നോക്കി ഇരുന്നു. പിന്നെ കേട്ടത് “ഡോം” എന്ന ഒരു ഭയങ്കര ശബ്ദമാണ്. സാധനം പൊങ്ങാതെ കുറ്റി സഹിതം പൊട്ടി തെറിച്ചു. അപ്രതീക്ഷിത സ്ഫോടനത്തിൽ കേശവൻ പുറകോട്ടു മലച്ചു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴാണ് കേശവന്റെ കണ്ണിലെ മഞ്ഞപ്പും ഇരുട്ടുമെല്ലാം മാറിയത്. വായിലും മൂക്കിലും കണ്ണിലുമെല്ലാം പോയ മണ്ണും പൊടിയും കഴുകി കളയാൻ കേശവൻ ചേച്ചിമാരുടെ കൂടെ കിണറ്റിൻ കരയിലേക്ക് വിട്ടു. പിറകെ മിഷൻ ഫെയിലിയർ ആയ ഐ.എസ്.ആർ.ഓ ശാസ്ത്രജ്ഞനെ പോലെ ഞാനും.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ