ഇടവപ്പാതി

ഇടവപ്പാതിയിരമ്പി വരുമ്പോൾ
പെണ്ണിനിതെന്തൊരു പരവേശം.
ഇറയത്തുള്ളൊരു കമ്പിക്കയറിലെ
മുണ്ടുമുടുപ്പുമുണങ്ങാഞ്ഞോ.

കൊത്തി ചിക്കി നടക്കുംകോഴി-
പ്പറ്റം കൂട്ടിൽ കയറാഞ്ഞോ.
ഉപ്പും മുളകും വാങ്ങാൻ പോയോ-
രച്ഛനെ വീട്ടിൽ കാണാഞ്ഞോ.

തൈമാവിന്മേൽ താനേ കയറിയ
മൊട്ടു നിറഞ്ഞൊരു മുല്ലമലർകൊടി,
കള്ളക്കാറ്റിൻ കയ്യിൽ തട്ടി
തലയും തല്ലി മലർന്നിട്ടൊ.

കാറ്റിൽ വീണൊരു കദളിത്തയ്യിനു
കവണയൊരുക്കാൻ മേലാഞ്ഞോ.
മഴയിൽ നനയും പുള്ളിപ്പശുവിനു
പുല്ലു കൊടുക്കാൻ വൈകീട്ടോ.

മുറ്റത്തെത്തിയ പുഴയിലെ വെള്ളം
പടിപടിയായി പടവുകൾ കയറി,
പൂമുഖ വാതിലിൽ വന്നിട്ടോ.
ഇടവപ്പാതിയിരമ്പി വരുമ്പോൾ
പെണ്ണിനിതെന്തൊരു പരവേശം.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

FOLLOW US