ഹോളി: നിറങ്ങളുടെ ഉത്സവം

വസന്തകാലത്തെ എതിരേൽക്കാൻ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം.

ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോൾ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാർവാടികളും പഞ്ചാബികളുമാണ്‌ ഹോളി ആഘോഷത്തിനു മുൻപന്തിയിൽ നിൽക്കുന്നവരെങ്കിലും മുംബൈ, ദില്ലി പോലുള്ള നഗരങ്ങളിൽ ഹോളി ആഘോഷിക്കാത്തവർ തന്നെ ചുരുക്കമാണെന്നു പറയാം. ജാതിമതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷങ്ങളിൽ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.

ഫെബ്രുവരിയുടെ അവസാനമോ മാർച്ചിന്റെ ആദ്യമോ ആണ് ഹോളി വരുന്നത്. ഭാരതീയ കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമിയാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാർഥ ഹോളി ദിവസം.

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹോളി പണ്ട്‌ കർഷകരുടെ ആഘോഷമായിരുന്നു. സമൃദ്ധമായ വിളവ്‌ ലഭിക്കാനും മണ്ണിനെ ഫലഭൂയിഷ്ഠമാക്കാനുമായി തുടങ്ങിയ ആഘോഷം. എന്നാൽ പിന്നീട്‌ അതു പൂർണമായും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി മാറി.

ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ്‌ ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട്‌ കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും.

എങ്കിലും കൂടുതൽ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ്‌ ഹിരണ്യകശ്യപുവിന്റെ സഹോദരിയാണു ഹോളിഗയിൽ നിന്നാണ്‌ ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ. തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content