വനവും ജലവും കാലാവസ്ഥയും

പുന:സ്ഥാപിക്കണം വനങ്ങൾ

“ഒരു മരം വെട്ടുന്നേരം മരുഭൂമി ജനിക്കുന്നു
ഒരു മരം വെട്ടുന്നേരം കൃഷിഭൂമി മരിക്കുന്നു”

എന്നു പാടിയത് കവി അയ്യപ്പപ്പണിക്കരാണ്. ഭൂമിക്ക് തണുപ്പും തണലുമേകുന്ന വനങ്ങൾ മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളാൽ അതിവേഗം അപ്രത്യക്ഷമാവുമ്പോൾ നമ്മെക്കാത്തിരിക്കുന്ന ദുരന്തകാലത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളുമായാണ് ഓരോ മാർച്ച് 21-നും വനദിനം കടന്നുവരുന്നത്.ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ മഴക്കാടു പോലും നാശത്തിന്റെ വക്കിലാണ്. പ്രതിവർഷം ലോകത്ത് പതിനാറു ദശലക്ഷത്തോളം ഹെക്റ്റർ വനമാണ് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വനങ്ങളുടെ പുന:സ്ഥാപനം-വീണ്ടെടുക്കലിലേക്കും ക്ഷേമത്തിലേക്കുമുള്ള വഴി എന്നതാണ് ഇത്തവണത്തെ വനദിന സന്ദേശം.

ജൈവവൈവിദ്ധ്യത്തിന്റെ കളിത്തൊട്ടിലാണ് കാനനങ്ങൾ. കാലാവസ്ഥാ നിയന്ത്രണത്തിലും വനങ്ങളുടെ പങ്ക് നിർണ്ണായകമാണ്. കാലാവസ്ഥാ നിയന്ത്രണത്തിലും ജലസംഭരണത്തിലും ജലചംക്രമണത്തിലും കാർബൺ ചംക്രമണത്തിലും വനങ്ങളുടെ പങ്ക് വളരെ വലുതാണ്. എത്രയോ പേരുടെ ജീവിതോപാധിയാണ് വനങ്ങൾ. താപമാപിനികളിൽ ചൂട് കുതിച്ചുയർന്നുകൊണ്ടിരിക്കുന്നു. ശുദ്ധജലം പോലെ ശുദ്ധവായു നിറച്ച കുപ്പികളും വിപണിയിൽ എത്തിക്കഴിഞ്ഞു. വനങ്ങൾ ഇല്ലാതായാൽ ഇല്ലാതാവുന്നത് തണുപ്പും തണലും പ്രാണവായുവും എത്രയോ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയും പ്രകൃതിയുടെ സന്തുലനാവസ്ഥയുമാണ്. ഇനിയെങ്കിലും വനങ്ങളുടെ സുസ്ഥിര പരിപാലനത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയണം. ഈ പ്രകൃതിയും അതിലെ വിഭവങ്ങളും സർവ്വജീവജാലങ്ങൾക്കും ഭാവിതലമുറകൾക്കുമായി കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. ഒരു തൈ നടുമ്പോൾ ഒരു തണലാണ് നടുന്നതെന്ന് എപ്പോഴും ഓർക്കാം. ഒപ്പം അവശേഷിക്കുന്ന പച്ചപ്പ് മായാതെ നോക്കുകയും ചെയ്യാം.

ജലത്തെ വിലമതിക്കാം

ജലമില്ലെങ്കിൽ ജീവനുമില്ല എന്ന ഓർമ്മപ്പെടുത്തലുമായാണ് ഓരോ മാർച്ച് 22-നും ലോക ജല ദിനം കടന്നുവരുന്നത്. ജലത്തെ വിലമതിക്കുക എന്നതാണ് ഇത്തവണത്തെ ലോക ജല ദിനം നൽകുന്ന സന്ദേശം. ഗാർഹികാവശ്യങ്ങൾക്കും കാർഷികാവശ്യങ്ങൾക്കും വ്യാവസായികാവശ്യങ്ങൾക്കും ഊർജോല്പാദനത്തിനും ശുചീകരണപ്രവർത്തനങ്ങൾക്കുമൊക്കെ ജലം വേണം. എന്നാൽ ശുദ്ധജലം ഒരു അത്യപൂർവ്വ വസ്തുവായി മാറിക്കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് 220 കോടിയോളം ജനങ്ങൾ കടുത്ത ശുദ്ധജലക്ഷാമത്തിന്റെ നിഴലിലാണ്. ശുദ്ധജല ആവാസവ്യവസ്ഥകളാണെങ്കിൽ കടലോളം പ്രശ്നങ്ങൾക്ക് നടുവിലും.

ഭാവിയിൽ ശുദ്ധജലത്തിനായി വൻ യുദ്ധങ്ങൾ തന്നെയുണ്ടായാലും അത്ഭുതപ്പെടാനില്ല. ജലതർക്കങ്ങൾ പല സ്ഥലങ്ങളിലും രൂക്ഷമായിക്കൊണ്ടിരിക്കുന്നു.നാൽപ്പത്തിനാലു നദികൾ, രണ്ടു കാലവർഷങ്ങൾ, കായലുകൾ, കുഞ്ഞരുവികൾ ഇതൊക്കെയുള്ള കേരളത്തിൽപ്പോലും വേനലിൽ വല്ലാതെ വരണ്ടുണങ്ങുന്നുണ്ട് പല പ്രദേശങ്ങളും.വേനലിൽ നീർച്ചാലായി മാറുന്ന നിളയും വറ്റിവരളുന്ന ജലാശയങ്ങളുമൊക്കെ വരാനിരിക്കുന്ന വല്ലാത്ത കാലത്തെക്കുറിച്ച് നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്. ജലത്തിന്റെ മൂല്ല്യം ഉൾക്കൊണ്ട് ജലത്തിന്റെ സുസ്ഥിര വിനിയോഗവും ശുദ്ധജലസ്രോതസ്സുകളുടെ സുസ്ഥിര പരിപാലനവും മഴവെള്ളക്കൊയ്ത്തും പ്രാവർത്തികമാക്കിയാലേ ഇനി നമുക്ക് രക്ഷയുള്ളൂ. ഭൂമിയിലെ ജലസമ്പത്ത് സർവ്വജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നും ഓരോ തുള്ളി വെള്ളവും അമൂല്ല്യമാണെന്നും നമുക്ക് എപ്പോഴും ഓർക്കാം.ജലസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാം.

സമുദ്രങ്ങളും കാലാവസ്ഥയും

ആടിമുകിൽമാല കുടിനീരു തിരയുകയും ആതിരകൾ കുളിരു തിരയുകയും ആവണികൾ ഒരു കുഞ്ഞു പൂവു തിരയുകയും ആറുകൾ ഒഴുക്കു തിരയുകയും ചെയ്യുന്നത് നമ്മെ ചുട്ടുപൊള്ളിക്കുന്നുണ്ട്. ഓരോ വർഷവും ചൂടിന്റെ കാര്യത്തിൽ റെക്കോഡിട്ട് കടന്നുപോവുമ്പോൾ കരയ്ക്ക് മാത്രമല്ല കടലിനും പൊള്ളുന്നുണ്ട്. രേഖപ്പെടുത്തപ്പെട്ടതിൽ വച്ച് ഏറ്റവും ചൂടേറിയ ദശകമാണിപ്പോൾ കടന്നുപോവുന്നത്. അതുപോലെ ഇതേവരെ രേഖപ്പെടുത്തപ്പെട്ടതിൽ വച്ച് ഏറ്റവും ചൂടേറിയ മൂന്നു വർഷങ്ങളിലൊന്ന് 2020 ആയിരുന്നു. ആഗോളതാപനത്തിനു കാരണമാവുന്ന ഹരിതഗൃഹവാതകങ്ങളുടെ തോത് അന്തരീക്ഷത്തിൽ ഉയർന്നുകൊണ്ടേയിരിക്കുന്നു. ഇതിൽ കാർബൺ ഡൈ ഓക്സൈഡ് കഴിഞ്ഞ എട്ടുലക്ഷം വർഷങ്ങളിലെ എറ്റവും ഉയർന്ന തോതിൽ എത്തിക്കഴിഞ്ഞു.

ഭൂമിയുടെ താപവർദ്ധനവിനും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും മുഖ്യ കാരണം മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ തന്നെയാണെന്ന ഓർമ്മപ്പെടുത്തലുമായാണ് ഓരോ മാർച്ച് 23-നും കാലാവസ്ഥാദിനം കടന്നുവരുന്നത്. സമുദ്രങ്ങൾ-നമ്മുടെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും എന്നതാണ് ഇത്തവണത്തെ ദിനാചരണ വിഷയം. നമ്മുടെ ജീവിതത്തിൽ സമുദ്രങ്ങൾക്ക് പല തരത്തിൽ വലിയ പ്രാധാന്യമുണ്ട്. കാലാവസ്ഥാ നിയന്ത്രണത്തിലും സമുദ്രങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. എന്നാൽ ആഗോളതാപനം സമുദ്രജലത്തിന്റെ താപനിലയും ഉയർത്തുന്നുണ്ട്. ഭൗമാന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുമ്പോൾ കടലിൽ ലയിച്ചു ചേരുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ തോതും കൂടുന്നു. ഫലമോ കടൽവെള്ളത്തിന്റെ രസതന്ത്രം തന്നെ മാറി അത് അമ്ലമയമാവുന്നു.

ഭൂമിക്ക് ചുട്ടുപൊള്ളിപ്പനിക്കുമ്പോൾ ധ്രുവങ്ങളിലെയും ഹിമാലയം അടക്കമുള്ള മഞ്ഞുപർവ്വതങ്ങളിലെയും മഞ്ഞ് അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി സമുദ്രജല വിതാനം ഉയർന്നുകൊണ്ടിരിക്കുന്നു. താപവർദ്ധനവും മഞ്ഞുരുകലും ഇങ്ങനെ തുടർന്നാൽ ഈ നൂറ്റാണ്ടവസാനത്തോടെ സമുദ്ര ജലവിതാനം ഒരു മീറ്റർ വരെ ഉയരാം എന്നാണ് വിവിധ പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നത്. ഇത് ദ്വീപ് രാഷ്ട്രങ്ങളുടെയും താഴ്ന്ന പ്രദേശങ്ങളുടെയും നിലനില്പ് അപകടത്തിലാക്കും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനങ്ങളും കടുത്ത യാഥാർത്ഥ്യമാണെന്ന് നമ്മൾ ചുട്ടുപൊള്ളിക്കൊണ്ട് തിരിച്ചറിയുകയാണ്. ഇനിയെങ്കിലും കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളിൽ അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതുപോലെ നമുക്ക് ഓരോരുത്തർക്കും പങ്കാളികളാവാം.

 

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content