ചൈത്രനും മൈത്രനും പിന്നെ ചൈതന്യയും

ഞാൻ ഒരു കഥ പറയാം. കുട്ടിക്കാലത്ത് പഠിച്ച കഥയാണ്. ടീച്ചറമ്മ പറഞ്ഞു നിർത്തി. വേഗം പറയൂ. ഞങ്ങൾ റെഡി. കുട്ടികൾ കഥ കേൾക്കാൻ തയ്യാറായി. ഈ കഥയിൽ നിങ്ങൾക്കും പങ്കുചേരാം, കഥ പറയാം, കഥമാറ്റിപ്പറയാം. ഞാൻ പഠിക്കുന്ന കാലത്ത് കേൾക്കുന്നവർക്ക് കഥയിൽ ഇടപെടാൻ അവകാശമുണ്ടെന്ന് ആരും കരുതിയിരുന്നില്ല. നമുക്ക് ഇതൊന്ന് മാറ്റിമറിക്കണം.

എന്തു പറയണം എന്നറിയാതെ കുട്ടികൾ അന്തം വിട്ടിരുന്നു. ടീച്ചറമ്മ കഥ പറഞ്ഞു തുടങ്ങി. ക്ലാസ് ലീഡറെ തെരഞ്ഞെടുക്കാൻ പോവുകയാണ്, ആരെയാണ് നമുക്ക് ലീഡറായി വേണ്ടത്? ടീച്ചർ ചോദിച്ചു. മറ്റുള്ളവർക്ക് അവസരം കിട്ടുന്നതിനു മുമ്പ് ചൈത്രൻ എഴുന്നേറ്റ് നിന്നു പറഞ്ഞു. ഞാനാവാം ടീച്ചർ. ഇതു കേട്ടപ്പോൾ മൈത്രനും വിട്ടു കൊടുത്തില്ല. അവനും പറഞ്ഞു ഞാനാവാം ടീച്ചർ. രണ്ടു പേർ ഒരേ സ്ഥാനത്തിനു വേണ്ടി ആവശ്യമുന്നയിച്ചതു കൊണ്ട് ടീച്ചർ വിഷമത്തിലായി. അല്പം ആലോചിച്ച് ടീച്ചർ ചോദിച്ചു ഇനി ആരെങ്കിലും തയ്യാറുണ്ടോ? മടിച്ചു മടിച്ച് ചൈതന്യ എഴുന്നേറ്റു. പിന്നീട് ആരും തയ്യാറുണ്ടായിരുന്നില്ല. ഇതിൽ ആരെ തെരഞ്ഞെടുക്കും? എങ്ങനെ തെരഞ്ഞെടുക്കും? ടീച്ചറമ്മ പറഞ്ഞു നിർത്തി. കുട്ടികൾ കഥയുടെ ബാക്കി കേൾക്കാനായി കാത്തിരുന്നു. ഞാൻ പറഞ്ഞില്ലേ പുതിയ കാലത്തെ കഥയാണ്. എങ്ങനെ തെരഞ്ഞെടുക്കും എന്ന് നിങ്ങൾ പറയണം ടീച്ചറമ്മ നിർബന്ധിച്ചു.

വോട്ട് ചെയ്ത് തെരഞ്ഞെടുക്കാം. നിധിൻ പറഞ്ഞു. കൂടുതൽ ഭൂരിപക്ഷമുള്ള കുട്ടിയെ ലീഡറാക്കാം. നിധിക കൂട്ടി ചേർത്തു. ജനാധിപത്യ മാർഗ്ഗത്തിലൂടെയുള്ള തെരഞ്ഞെടുപ്പ് പുതിയ കാലത്തെ രീതിയാണ്. തങ്ങളുടെ നേതാവിനെ അവർ തന്നെ തെരഞ്ഞടുക്കുന്നു. ഇത് പഴയ കഥ. അക്കാലത്ത് നേതാവിനെ തെരഞ്ഞെടുത്തിരുന്നത് മത്സരങ്ങൾ നടത്തിയാണ്. ടീച്ചറും ഒരു മത്സരം നടത്താൻ തീരുമാനിച്ചു. സ്‌കൂളിൻെറ ഒരറ്റത്ത് ഒഴി‍ഞ്ഞു കിടക്കുന്ന മൂന്ന് മുറികൾ ഓരോരുത്തർക്കുമായി നൽകി. മൂന്നു ദിവസത്തിനുള്ളിൽ ഓരോരുത്തരും മുറി നിറക്കണം. അതിലേക്കായി 500 രൂപ വീതം മൂന്നു പേർക്കും നൽകി.

ചൈത്രന് കിടന്നിട്ട് ഉറക്കം വന്നില്ല. ഇരുപത് അടി നീളവും ഇരുപത് അടി വീതിയും പത്ത് അടിയോളം ഉയരവുമുള്ള ഈ മുറി എങ്ങനെ നിറക്കും? അവൻ രാവിലെ തന്നെ പുറത്തിറങ്ങി നടന്നു. അപ്പോഴാണ് ഠൗണിലെ മാലിന്യങ്ങൾ നിറച്ച വണ്ടി പോകുന്നത് കണ്ടത്. ചൈത്രന് കാര്യങ്ങൾ വളരെ എളുപ്പമായി ചൈത്രൻെറ കൈയ്യിൽ നിന്നും അഞ്ഞൂറ് രൂപ വാങ്ങി അവർ മാലിന്യങ്ങൾ കൊണ്ട് ക്ലാസ്സ് മുറി നിറച്ചു കൊടുത്തു.

ചൈതന്യക്ക് എങ്ങനെ മുറി നിറക്കണം എന്ന് എത്ര ആലോചിച്ചിട്ടും ഒരു ഐഡിയയും കിട്ടിയില്ല. വൈകുന്നേരം അമ്മ ജനലും വാതിലും ഒക്കെ അടച്ച് ചന്ദനത്തിരി കത്തിച്ചു വച്ചു. ആ സമത്താണ് കൊതുകുകൾ ഏറ്റവും കൂടുതൽ അകത്തു കയറുന്നത്. അതോടെ ചൈതന്യക്കും മുറി നിറക്കാമെന്ന ധൈര്യം കിട്ടി.

മത്സരത്തിൻെറ അവസാന ദിവസം ടീച്ചറും കുട്ടികളും കൂടി ഫലമറിയാനായി എത്തിചേർന്നു. ചൈത്രൻ വളരെ സന്തോഷത്തിലാണ്. അവൻ വിജയകരമായി ടാസ്ക് പൂർത്തിയാക്കിയിരിക്കുന്നു. ടീച്ചർ അവൻെറ മുറി തുറന്നു. ഠൗണിലെ മാലിന്യങ്ങൾ പുറത്തേക്ക് ചാടി ഒപ്പം കടുത്ത ദുർഗന്ധവും. കുട്ടികളും ടീച്ചറും മൂക്കു പെത്തി അവിടുന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് അവർ മൈത്രൻെറ മുറിക്കുമുന്നിലെത്തി. മൈത്രൻ വളരെ സങ്കടത്തിലാണ്. എനിക്ക് രണ്ടു ദിവസം കൂടി സമയം തരണം, ഒന്നും ചെയ്യാൻ കഴി‍ഞ്ഞിട്ടില്ല. ടീച്ച‍ർ തലകുലുക്കി പറഞ്ഞു. ശരി, നമുക്ക് ചൈതന്യയുടെ മുറി കൂടി നോക്കാം. അവൾ മുറി തുറന്നു. മുറിയിൽ ഒന്നും ഉണ്ടായിരുന്നില്ല. വൃത്തിയായ മുറിയിൽ നാല് മൂലകളിലും ചന്ദനത്തിരികൾ മാത്രം കത്തിച്ചു വച്ചിട്ടുണ്ട്. അതിൻെറ സുഗന്ധമാണ് അവരെ വരവേറ്റത്ത്. എല്ലാവരും മുറിയിലേക്ക് പ്രവേശിച്ചു. സുഗന്ധവും കത്തിച്ചു വച്ച ചന്ദനത്തിരികളുമല്ലാതെ ഒന്നും കണ്ടെത്താനായില്ല.

ആരാവും വിജയിച്ചിട്ടുണ്ടാവുക. ടീച്ചറമ്മ ചോദിച്ചു.
പറയാറായിട്ടില്ല. ഒരാൾക്ക് കൂടി അവസരമുണ്ടല്ലോ? നിധിക പറഞ്ഞു.
നമുക്ക് മൈത്രനെ സഹായിക്കണം . മുറി നിറക്കാനുള്ള വിവധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാം?
നിധിനും നിധികയും ആലോചന തുടങ്ങി.
ടീച്ചറമ്മ പറഞ്ഞു മറ്റൊരു പ്രശ്നം കൂടിയുണ്ട്. ചൈത്രൻ മുറി നിറച്ചത് അവിടെ നിന്നും ഒഴിവാക്കണ്ടെ. അതിനുള്ള മാ‍ർഗ്ഗങ്ങളും വരട്ടെ. ചൈത്രൻെറ കൈയ്യിലെ രൂപ മുഴുവൻ തീർന്നിരിക്കുന്നു. പക്ഷേ അവനെയും നമുക്ക് സഹായിച്ചേ പറ്റൂ. അങ്ങനെയും കഥ മുന്നോട്ട് കൊണ്ടു പോകാം.
അടുത്ത ദിവസം വരുമ്പോൾ മികച്ച കഥയുമായി വേണം വരാൻ.
അങ്ങനെ എഴുന്നേറ്റ് പോകാൻ വരട്ടെ, വായനക്കാരെ നിങ്ങളുടെ മനസ്സിൽ വിരിഞ്ഞ കഥകൾ പൂക്കാലത്തിന് അയക്കുക.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content