(മലയാളം മിഷൻ ഭൂമിമലയാളം റേഡിയോ മലയാളം ആഗോള തലത്തിൽ “മലയാളം അധ്യാപനത്തിലെ രസകരമായ മുഹൂർത്തങ്ങൾ” എന്ന വിഷയത്തിൽ നടത്തിയ അനുഭവ കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രചന)

അനുഭവ നർമ്മം

മലയാള അധ്യാപനത്തിലെ അവിസ്‌മരണീയ മുഹൂർത്തങ്ങൾ

കോളേജു പഠനത്തോടൊപ്പം വിദ്യാർത്ഥി രാഷ്ട്രീയത്തിലും ഗ്രന്ഥ ശാലാപ്രവർത്തനങ്ങളിലും മുഴുകിയ കാലം. സ്വച്ഛമായ ഗ്രാമ്യാന്തരീക്ഷത്തിലെ സമാധാനത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും ധൈഷണിക സുവർണ്ണകാലമായിരുന്നു അത്.

ഗ്രാമീണവായനശാല പുസ്തകശീലങ്ങളെ തിരുത്തികൊണ്ടേയിരുന്നു. സ്വയം അറിയാതെ, ആകാശത്തിന്റെ, മണ്ണിന്റെ, മരങ്ങളുടെ, ഇരുട്ടിന്റെ, മൃഗങ്ങളുടെ, മനുഷ്യരുടെ അർഥങ്ങൾ മാറിവരുന്നതായി തോന്നിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും വായനയുടെ വസന്തകാലത്തിലെ വാക്കുകളുമായുള്ള ജന്മാതീത സംബന്ധം എന്റെ സംവേദന ശീലങ്ങളെ സമ്പുഷ്ടമാക്കി തുടങ്ങിയിരുന്നു.

അങ്ങനെയിരിക്കെയാണ് വയോജന വിദ്യാഭാസത്തിന്റ ഭാഗമായി ഞങ്ങൾ പ്രദേശത്തെ നിരക്ഷരർക്കായി അക്ഷരവെളിച്ചം പകരാൻ തീരുമാനിച്ചത്. അഞ്ചോ ആറോ വയോധികർക്കൊപ്പം സ്ഥലത്തെ കുറച്ചു ചുമട്ടു തൊഴിലാളികളും കൂടി ആയപ്പോൾ അധ്യയനം കൊഴുത്തു.

കോളേജിൽ നിന്നും വന്നു കഴിഞ്ഞാൽ ട്യൂട്ടോറിയൽ കോളേജിലെ മാഷ് പണി തുടങ്ങിയ സമയമായിരുന്നു. നാളതുവരെ അറിയാത്ത അധ്യാപനത്തിന്റെ വിശാല നൂതന വാതായനങ്ങൾ തുറന്നിട്ട പുഷ്‍കലകാലം. വായനശാലയിലെ അക്ഷരമുറ്റത്തെ പഠിതാക്കളുടെയും ഞങ്ങൾ രണ്ടുമൂന്നു മാഷമ്മാരുടെയും സമയലഭ്യത പരിഗണിച്ച് രാത്രി ഒൻപതു മണിക്കാണ് ക്ലാസ്സുകൾ തുടങ്ങിയിരുന്നത്. സ്വരവ്യഞ്ജനങ്ങൾ പഠിപ്പിച്ചു തുടങ്ങിയപ്പോഴേക്കും ഗ്രന്ഥശാലാ ഭരണസമിതിയിലെ ചില ആംഗലേയ പ്രേമികളുടെ നിർബന്ധം കാരണം മാതൃഭാഷയോടൊപ്പം സായിപ്പിന്റെ ഭാഷ കൂടെ പഠിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു.

ഓരോ നാടിനും ഓരോ ഭാഷയുള്ള പോലെ ഓരോ സംസ്കാരവുമുണ്ട് എന്നും, അന്യമായത് അനുകരിച്ചാൽ തനിമ നഷ്ടപ്പെടുമെന്നും, ഭാഷയും സംസ്കാരവുമാണ് ഓരോ ദേശത്തിനും തനതായ വ്യക്തിത്വം നൽകുന്നത് എന്നുമുള്ള ഞങ്ങളുടെ വാദമുഖങ്ങൾ ഭൂരിപക്ഷമില്ലാത്തതിനാൽ റദ്ദാക്കപ്പെട്ടു. അങ്ങിനെ മലയാളവും ഇംഗ്ലീഷും ഒരുമിച്ച് ആ പാവങ്ങളുടെ തലച്ചോറിലേക്ക് ചാമ്പി തുടങ്ങി.

പഠിതാക്കൾ അവരവരുടെ പേരെഴുതാൻ പഠിക്കുന്ന ഘട്ടത്തിലാണ് സാക്ഷരത മിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ തത്സമയ നിരീക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം വായന ശാലയിലെത്തിയത്. പഠിതാക്കളുടെ കൂട്ടത്തിൽ ഒരു ചുമട്ടു തൊഴിലാളി, പേര് ചോദിച്ചാൽ ഇനീഷ്യൽ സഹിതം എപ്പോഴും K.S.ബാലകൃഷ്ണൻ എന്നെ പറയൂ. ക്ലാസിൽ ഇംഗ്ലീഷും മലയാളവും പഠിപ്പിക്കുന്നതിനാൽ അദ്ദേഹം അവന്റെ പേര് മേൽപറഞ്ഞ പ്രകാരം ബോർഡിൽ എഴുതിയിട്ട് ബാലകൃഷ്ണനോട് അത് വായിക്കാൻ പറഞ്ഞപ്പോൾ ബാലകൃഷ്ണൻ വായിച്ചത് കെ.ട്ട. ബാലകൃഷ്ണൻ എന്നാണ്. സ്വല്പം ഗൗരവക്കാരനായിരുന്നിട്ട് കൂടി അന്ന് ഉദ്യോഗസ്ഥന് ചിരിയടക്കാൻ കഴിഞ്ഞില്ല.

തൃശൂരിൽ രാഗം തീയേറ്ററിൽ കൂട്ടുകാരോടൊപ്പം സിനിമക്ക് പോയപ്പോൾ രാഗം 70 mm എന്ന പടുകുറ്റൻ ബോർഡ് ബാലകൃഷ്ണൻ വായിച്ചത് രാഗം 70 ന. ന.എന്നായിരുന്നു എന്ന് ഒരു സഹപാഠി പറയുകകൂടെ ചെയ്‌തപ്പോൾ ഉദ്യോഗസ്ഥൻ ഷോലെയിലെ ഗബ്ബർ സിംഗിനെ പോലെ നോൺ സ്റ്റോപ്പായി ചിരിച്ചു പോയി.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content