ചിലന്തിയും ഉറുമ്പും

മുറ്റത്തെ പേരമരത്തിലായിരുന്നു മടിയനായ ചിലന്തിയും മിടുക്കനായ ഉറുമ്പും താമസിച്ചിരുന്നത്. ഇലകള്‍ക്കിടയില്‍ വല വിരിച്ചിട്ടു ചിലന്തി പകല്‍ മുഴുവന്‍ ഉറക്കം തൂങ്ങി ഇരിക്കും. ഉറുമ്പ് രാവിലെ തന്നെ എഴുന്നേറ്റു മുറ്റത്തും പറമ്പിലും അടുത്തുള്ള വീടിന്‍റെ അടുക്കളയിലും നടന്നെത്തി, കാണുന്ന ഭക്ഷണത്തരികളെല്ലാം ശേഖരിച്ചു അവന്‍ താമസിക്കുന്ന പേരമരത്തിന്‍റെ പൊത്തില്‍ സൂക്ഷിച്ചുവച്ചു. ദിവസം മുഴുവനും അരിമണികളും ചെറിയ വിത്തുകളും പഴങ്ങളുമെല്ലാം അവന്‍ ചുമന്നു കൊണ്ടേയിരുന്നു.

വലയില്‍ കുടുങ്ങിയ ചെറിയ പ്രാണികളെ തിന്നുകൊണ്ട് ചിലന്തി ഉറുമ്പിനെ ഇങ്ങനെ കളിയാക്കി, ‘ഇത്തിരി പോന്ന നിനക്ക് ഇത്ര മാത്രം ആഹാരം വേണോ ? എന്തിനാണ് ഇങ്ങനെ വിശ്രമമില്ലാതെ പണിയെടുക്കുന്നത്? എന്നെ നോക്കൂ, എനിക്ക് ആഹാരത്തിനുള്ള വക എന്നും കിട്ടുന്നുണ്ട്. ഭക്ഷണം അന്വേഷിച്ച് എനിക്ക് നിന്നെ പോലെ അലഞ്ഞു നടക്കേണ്ട കാര്യമില്ല.’

ചിലന്തിയുടെ കളിവാക്കുകള്‍ ശ്രദ്ധിക്കാതെ ഉറുമ്പ് തന്‍റെ ജോലി തുടര്‍ന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മഴക്കാലം തുടങ്ങി. മഴവെള്ളത്തില്‍ ചിലന്തിയുടെ വല മുറിഞ്ഞു പോയി. പ്രാണികളെ ഒന്നും വലയില്‍ കിട്ടാതെ ചിലന്തി വിഷമിച്ചു. വിശപ്പടക്കാന്‍ അവന്‍റെ വീട്ടില്‍ ഒന്നും ഉണ്ടായിരുന്നില്ല. അവന്‍ മരക്കൊമ്പില്‍ നിന്നും താഴേയ്ക്ക് നോക്കിയപ്പോള്‍ പേരമരത്തിലെ പൊത്ത് ഇലകള്‍ കൊണ്ട് ചേര്‍ത്ത് തുന്നി, മഴവെള്ളം കേറാതെയാക്കി ഉറുമ്പ് ഭക്ഷണം കഴിച്ചു സുഖമായി മഴ കണ്ടിരിക്കുന്നു.

ചിലന്തി ഉറുമ്പിനെ വിളിച്ചിട്ടു പറഞ്ഞു, ‘ചങ്ങാതീ ഇങ്ങോട്ടു കയറി വരൂ. നമുക്ക് അല്‍പനേരം സംസാരിച്ചിരിക്കാം’.

ഉറുമ്പിന് ചിലന്തിയുടെ സൂത്രം മനസ്സിലായി. അവന്‍ പറഞ്ഞു, ‘എന്നെ വലയില്‍ കുരുക്കാനാണോ വിളിക്കുന്നത് ? എന്തായാലും ഞാന്‍ അങ്ങോട്ട് വരുന്നില്ല.’ അവന്‍ ഇലകള്‍ കൊണ്ടുള്ള വാതിലുകള്‍ ചേര്‍ത്തടച്ചിട്ടു തന്‍റെ വീടിനുള്ളിലേക്ക് കയറിപ്പോയി.

മഴയുടെ തണുപ്പും പട്ടിണിയും കൊണ്ട് അവശനായ ചിലന്തി ഇനി മുതല്‍ ഉറുമ്പിനെ പോലെ താനും നന്നായി പണിയെടുത്തു ഭക്ഷണം ശേഖരിച്ചു ജീവിക്കുമെന്ന് തീരുമാനിച്ചു.

ഡോണ്‍ വിത്സണ്‍
കണിക്കൊന്ന വിദ്യാര്‍ത്ഥി
നോര്‍വേ ചാപ്റ്റര്‍

0 Comments

Leave a Comment

FOLLOW US