സാന്റിയാഗോയുടെ കല്യാണം
സാന്റിയാഗോ എന്നൊരു ജന്മിയുണ്ടായിരുന്നു. കൈനിറയെ പണമുണ്ടെങ്കിലും ദുഷ്ടനും അഹങ്കാരിയുമായിരുന്നു സാന്റിയാഗോ. ഒരിക്കൽ അയാൾ തന്റെ ചോളപ്പാടത്തിനടത്തുകൂടെ പോവുകയായിരുന്നു. അപ്പോഴതാ പാടത്ത് ഒരു സുന്ദരിയായ ഒരു സ്ത്രീ ജോലി ചെയ്യുന്നു. കൃഷിക്കാരനായ ഇസക്കീലിന്റെ മകൾ അമീലിയ ആയിരുന്നു അത്. അമീലിയെ കണ്ട് സാന്റിയാഗോ ഇങ്ങനെ മനസിൽ പറഞ്ഞു.
“ഹായ്, എനിക്കീ സുന്ദരിയെ കല്യാണം കഴിക്കണം. എന്റെ പണവും പ്രതാപവും കണ്ടാൽ അവളതിന് സമ്മതിച്ചേക്കും.”സാന്റിയാഗോ ആ സ്ത്രീയെ തന്റെ ബംഗ്ലാവിലേക്ക് വിളിപ്പിച്ചു. എന്നിട്ട് തെല്ലൊരു അഹങ്കാരത്തോടെ പറഞ്ഞു.
“നിനക്ക് ഏറ്റവും സന്തോഷമുണ്ടാക്കുന്ന ഒരു വാർത്ത അറിയിക്കാനാണ് വിളിച്ചത്. ഞാൻ നിന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചു.”
ഇത് കേട്ട് അമീലിയക്ക് ചിരി വന്നു.
“അതിന് ഞാൻ ആരെയും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നില്ലല്ലോ. ഇനിയിപ്പോ ആഗ്രഹിച്ചാൽ തന്നെ അത് താങ്കളായിരിക്കില്ല.”
അമീലിയ ചിരിയടക്കി പറഞ്ഞു. സാന്റിയാഗോ ഒന്നും മിണ്ടാതെ നിന്നു. മറ്റൊന്നും പറയാനോ കേൾക്കാനോ നിൽക്കാതെ അമീലിയ ഇറങ്ങിപ്പോയി. ജന്മിയുടെ മുഖം ദ്വേഷ്യം കൊണ്ട് ചുവന്നു. അയാൾ ഇസക്കീലിനെ വിളിച്ചു വരുത്തി പറഞ്ഞു.
“നിന്റെ മകൾ ഒരു ധിക്കാരിയാണ്. അവളെന്നെ അപമാനിച്ചു. അവളെ എനിക്ക് വിവാഹം ചെയ്തു തന്നാൽ ഞാൻ നിനക്ക് കുറേ ഇളവുകൾ തരാം. എന്തു പറയുന്നു?”
കൃഷി ചെയ്‌താൽ ജന്മിക്ക് കൊടുക്കേണ്ട ധാന്യത്തിന് കണക്കുണ്ട്. അതിൽ ഇളവ് കിട്ടുന്നത് നല്ലതല്ലേ? ഇസക്കീൽ സമ്മതം അറിയിച്ചു.
“ഞാനവളെ താങ്കളുമായുള്ള വിവാഹത്തിന് സമ്മതിപ്പിച്ചു കൊള്ളാം. അങ്ങ് വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊള്ളൂ.”
സാന്റിയാഗോ വിവാഹത്തിനുളള ഒരുക്കളെല്ലാം തുടങ്ങി. പക്ഷേ ഇതൊന്നും അമീലിയ അറിഞ്ഞതേയില്ല.
ഒടുവിൽ വിവാഹ ദിവസമെത്തി. സാന്റിയാഗോ തന്റെ ജോലിക്കാരൻ ടോമിനെ അടുത്തു വിളിച്ചു.
“നീ വേഗം ഇസക്കീലിന്റെ അടുത്തു ചെന്ന് കരാറനുസരിച്ച് എനിക്കുള്ളത് തരാൻ പറയണം.”
ടോം ഓടി ഇസക്കീലിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. അമീലിയയെ തരാനാണ് സാന്റിയാഗോ ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ ഇസക്കീൽ പറഞ്ഞു,
“അതിനെന്താ, അവൾ താഴെ പാടത്തുണ്ടാവും ” .
പാടത്ത് വൈക്കോൽ അരിഞ്ഞെടുക്കുകയായിരുന്നു അപ്പോൾ അമീലിയ.
“കരാർ പ്രകാരം നിങ്ങളുടെ പിതാവ് ജന്മിക്ക് കൊടുക്കാനുള്ളത് ഉടനെ തരണം”
ടോം അമീലിയയോട് ആവശ്യപ്പെട്ടു.
ബുദ്ധിമതിയായ അമീലിയക്ക് കാര്യം മനസിലായി. വയലിൽ മേഞ്ഞുകൊണ്ടിരുന്ന വയസ്സിക്കുതിരയെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
“അതിനെന്താ, അവളെ കൊണ്ടുപൊയ്‌ക്കോളൂ…”
ഇത് കേൾക്കേണ്ട താമസം ടോം കുതിരയെ അഴിച്ചെടുത്ത് ബംഗ്ലാവിലേക്ക് പോയി.
“യജമാനനേ, ആളെക്കൊണ്ടു വന്നിട്ടുണ്ട്.”
ടോം വിളിച്ചു പറഞ്ഞു.
“മിടുക്കൻ. അവളെ വേഗം അമ്മയുടെ മുറിയിലാക്കി ഒരുക്കാൻ പറയൂ.”
സാന്റിയാഗോ കല്പിച്ചു.
“അമ്മയുടെ മുറിയിലോ? കുതിരയെയോ?”
ടോമിന് അതിശയമായി. പക്ഷേ പറഞ്ഞതു ചെയ്‌തില്ലെങ്കിൽ പണിപോകും. ടോം കുതിരയെ പിടിച്ചുവലിച്ച് ഒരു വിധം മുറിയിൽ കയറ്റി.“ദേ, ഇവളെ പെട്ടെന്ന് ഒരുക്കാൻ യജമാനൻ പറഞ്ഞു.”
ടോം ജോലിക്കാരെ അറിയിച്ചു.
വധുവിനെക്കണ്ട് എല്ലാവരും അന്തം വിട്ടു. പക്ഷേ കല്പനയല്ലേ! അനുസരിക്കാതെ പറ്റില്ലല്ലോ. അവർ ആ വയസ്സിക്കുതിരയെ അണിയിച്ചൊരുക്കി കൊണ്ടുവന്നു.
“ഹ..ഹ..ഹ…” വിവാഹത്തിനെത്തിയവരെല്ലാം അതു കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. അമീലിയയെ പ്രതീക്ഷിച്ചെത്തിയ സാന്റിയാഗോയും ആ കാഴ്ച കണ്ട് ഞെട്ടി.
ബഹളം കേട്ട് ‘വധുവിന്’ ദേഷ്യം വന്നു. അവൾ ഒറ്റയോട്ടം!
പട്ടുവസ്ത്രങ്ങളണിഞ്ഞ് ഓടി വരുന്ന വയസ്സിക്കതിരയെ കണ്ട് അമീലിയയും പൊട്ടിച്ചിരിച്ചു. അഹങ്കാരിയായ സാന്റിയാഗോയെ ഒരു പാഠം പഠിപ്പിക്കാനായതിൽ കർഷകനായ ഇസക്കീലിനും സന്തോഷമായി.
(ഒരു ബ്രിട്ടീഷ് നാടോടിക്കഥയാണ് സാന്റിയാഗോയുടെ കല്യാണം)
സമ്പാദനം: ജയശ്രീ