കവിത രചിച്ചു പഠിക്കാം – എങ്ങനെ ഒരു നല്ല കവിത എഴുതാം

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

കാവ്യക്കളരിയിൽ വീണ്ടും സംശയം ഉയർന്നു. എങ്ങനെ ഒരു നല്ല കവിത എഴുതാം. നല്ല സംശയം തന്നെ. ഒരു നല്ല കുഞ്ഞിന് എങ്ങനെ ജന്മം കൊടുക്കാം എന്നു ചോദിക്കുന്നതു പോലെയാണിത്. ഏതായാലും നമുക്കു നോക്കാം. കുഞ്ഞ് ജനിക്കുന്നതിനു മുമ്പും പിമ്പും എന്ന് ആദ്യം രണ്ടായി തിരിക്കാം. ജനിക്കുന്നതിനു മുമ്പ് അമ്മയെ വേണം പരിഗണിക്കാൻ. അമ്മക്ക് നല്ല ആരോഗ്യം വേണം. നല്ല ഭക്ഷണം. നല്ല താമസം. ചിന്തിക്കുന്നതു പോലും നല്ല കാര്യങ്ങൾ.

കവിക്കും വേണം കവിത എഴുതുന്നതിനു മുമ്പ് കവിതയുടെ ആശയത്തെക്കുറിച്ചും അത് എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ചും കാഴ്ചപ്പാടുകൾ. തുടക്കം എങ്ങനെ വേണം. ഒടുക്കം എങ്ങനെ വേണം. ഉള്ളടക്കം എത്രത്തോളമുണ്ടാകും. വായനക്കാരെ ആകർഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കവിപക്ഷത്തു നിന്ന് കവിത രചിക്കുന്നതിനു മുമ്പ് മുന്നൊരുക്കങ്ങൾ നടത്തുന്നതു പോലെ കവിത പിറന്നതിനു ശേഷം ചെയ്യേണ്ട കാര്യങ്ങളും ചിന്തിക്കേണ്ടതുണ്ട്. കുഞ്ഞു പിറന്നാൽ കുഞ്ഞിനെ പരിചരിക്കണമല്ലോ. കേടുപാടില്ലാതെ കുഞ്ഞു കണ്ണു തുറക്കണം. കുഞ്ഞിനെ കുളിപ്പിച്ച് ഉടുപ്പിട്ട് അണിയിച്ചൊരുക്കണം. പോഷക മൂല്യമുള്ള ആഹാരം കഴിച്ച് ആരോഗ്യത്തോടെ കഞ്ഞു വളരണം.

എഴുതിക്കഴിഞ്ഞ കവിത മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കാം. ഉദാഹരണ സഹിതമാകുമ്പോൾ കൂടുതൽ വ്യക്തത വരും. എഴുതി വെച്ച ഒരു കവിതയുടെ ആദ്യ ഭാഗം തന്നെയാകട്ടെ.
ഇതാണത്.

വരുംകാലങ്ങളിൽ
ഇഷ്ടം പോലെ
നമ്മുടെ വാക്കുകളെ
ഉപയോഗിക്കാനാവില്ല.
വെറുതെ ലാളിക്കാനാവില്ല
കുഞ്ഞുങ്ങളെ.
കല്ലെറിയാനാവില്ല
ആരാന്റെ മാവിലെ
മാങ്ങകളെ .
പറവകളെപ്പോലെ
അനന്തമായ ആകാശങ്ങളിൽ
പറക്കാനാവില്ല.
പൗരത്വം തെളിയിക്കാതെ
ദേശങ്ങളിൽ
ജീവിക്കാനാവില്ല.
അതിരുകളില്ലാത്ത
സ്നേഹം പുലരുന്ന
അതിർത്തികളില്ലാത്ത
സൗഹൃദം പൂക്കുന്ന
ഭൂമിയെ ഞാൻ
സ്വപ്നം കാണുന്നു.

നോക്കൂ…
ഈ കവിത മെച്ചപ്പെടുത്താൻ
രണ്ടു കാര്യങ്ങൾ പ്രധാനമായി ചെയ്യേണ്ടതുണ്ട്.
ഒന്ന്. കവിത കാച്ചിക്കാച്ചി കുറുക്കുക.
രണ്ട്. കാവ്യാത്മകത പൊലിപ്പിച്ചു പൊലിപ്പിച്ചെടുക്കുക.
ഇതിൽ ഒന്നാമതു പറഞ്ഞ കാര്യത്തിനു പല മാർഗങ്ങളുണ്ട്.
എളുപ്പമുള്ള ഒരു മാർഗം ഇങ്ങനെ.
വീണ്ടും വീണ്ടും വായിക്കുക. ആവശ്യമില്ലാത്ത വാക്കുകൾ ഒഴിവാക്കുക.
ഞാനിതിലെ കുറച്ചു വാക്കുകൾ ഒഴിവാക്കുകയാണ്.
വരുംകാലങ്ങളിൽ ഇഷ്ടം പോലെ നമ്മുടെ വാക്കുകളെ ഉപയോഗിക്കാനാവില്ല എന്നതിലെ “നമ്മുടെ “
എന്ന വാക്ക് ഒഴിവാക്കുന്നു.
തുടർന്ന്, വെറുതെ, ആരാന്റെ മാവിലെ മാങ്ങകളെ, അനന്തമായ ആകാശത്ത്
തുടങ്ങി കുറേ വാക്കുകൾ കൂടി ഒഴിവാക്കുന്നു.ഇപ്പോൾ നോക്കൂ.

വരുംകാലങ്ങളിൽ
ഇഷ്ടം പോലെ
വാക്കുകളെ
ഉപയോഗിക്കാനാവില്ല.
ലാളിക്കാനാവില്ല
കുഞ്ഞുങ്ങളെ .
കല്ലെറിയാനാവില്ല
മാങ്ങകളെ .
പറവകളെപ്പോലെ
പറക്കാനാവില്ല.
പൗരത്വം തെളിയിക്കാതെ
ജീവിക്കാനാവില്ല.
അതിരുകളില്ലാത്ത
ഭൂമിയെ ഞാൻ
സ്വപ്നം കാണുന്നു.

ഇത്തരത്തിൽ ഇനിയും നമുക്ക് കവിത കാച്ചിക്കാച്ചി കുറുക്കാം.
ഇനി ഇതിനെ എങ്ങനെയാണ്
കാവ്യാത്മകത കൊണ്ട്
പൊലിപ്പിച്ച് പൊലിപ്പിച്ച്
എടുക്കുന്നത്.
ആദ്യം നിങ്ങളൊന്നു
ശ്രമിക്കൂ.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US