(കണിക്കൊന്ന – ഇതള്‍ ഒന്ന്)
ഹായ് പട്ടം
നോക്കൂ… ഫ്‌ളാറ്റിന്റെ മട്ടുപ്പാവില്‍ ഉമക്കുട്ടി സന്തോഷത്തോടെയും കൗതുകത്തോടെയും എങ്ങോ നോക്കി നില്‍ക്കുകയാണ്. ചെടിച്ചട്ടിയില്‍, കുരുങ്ങിക്കിടക്കുന്ന, ഇടങ്കണ്ണിട്ട് നോക്കുന്ന പട്ടം… ‘ഹായ് പട്ടം!’
പട്ടത്തെ എങ്ങനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താം?
കൈപ്പുസ്തകത്തില്‍ ഒരു കടങ്കഥ കൊടുത്തിട്ടുണ്ട്.
”വാലുണ്ട് ചിറകുണ്ട്
ആകാശത്തില്‍ പാറിനടക്കും
കിളിയല്ല വവ്വാലല്ല
ആളേക്കേറ്റും വിമാനമല്ല
പറയു പറയൂ ഞാനാര്?”
അധ്യാപിക ഈ കടങ്കഥ താളാത്മകമായി ക്ലാസില്‍ അവതരിപ്പിക്കുമ്പോള്‍ കുട്ടികള്‍ ഉല്ലാസത്തോടെ ‘പട്ടം’ എന്ന് പറയും തീര്‍ച്ച.
ഉത്തരം പറയുന്നില്ലെങ്കിലോ?
സൂചന (ക്ലൂ) കൊടുക്കാം:- രണ്ടക്ഷരം. രണ്ടാമത്തെ അക്ഷരം ‘ട്ടം…’
ഇവിടെ ‘ട്ട’ എന്ന കൂട്ടക്ഷരത്തെ പരിചയപ്പെടുത്തലുമായി. പിന്നീട് പാഠഭാഗം ടീച്ചര്‍ ഉറക്കെ വായിച്ചുകൊടുക്കുന്നു. അതിനുമുമ്പ് പാഠപുസ്തകം പേജ് 6 ലെ ചിത്രത്തെക്കുറിച്ചും ഒരു ചര്‍ച്ച നടത്താമല്ലോ. പിന്നീട് പാഠപുസ്തക പ്രവര്‍ത്തനങ്ങള്‍ രസകരമായി പേജ് 19 വരെ ഈ ഇതളില്‍ അധ്യാപികക്ക് കുട്ടികളോടൊത്ത് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
ഏതോ വന്‍ നഗരത്തിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ആണ് ചിത്രത്തില്‍. ഇത് പ്രവാസി കുട്ടികള്‍ക്ക് ചിരപരിചിതമാണ്. ആദ്യ ചിത്രത്തില്‍ കേരളീയ പശ്ചാത്തലമാണ് ചിത്രമായി കണ്ടതെങ്കില്‍ ഉമക്കുട്ടി നില്‍ക്കുന്നത് നഗരത്തിലെ ഫ്‌ളാറ്റിന്റെ ടെറസ്സിലാണ്. ഉമയും പട്ടവും കൂടിയുള്ള ചങ്ങാത്തം അങ്ങിനെ ആരംഭിക്കുന്നു. അതോടൊപ്പം ഉ, റ, വ, ല, ട്ട, ന്നു, പു, മ, മ്മ, പ്പ തുടങ്ങിയ അക്ഷരങ്ങള്‍ വളരെ രസകരമായ കളി രീതിയില്‍ കുട്ടികളെ പരിചയപ്പെടുത്താനും ആശയാവിഷ്‌കരണ രീതിയില്‍ തന്നെ അതുറപ്പിക്കാനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് കൈപ്പുസ്തകത്തിലെ പേജ് 17 മുതല്‍ 25 വരെ പേജുകളില്‍ സവിസ്തരം കൈപ്പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. യഥേഷ്ടം ഇതില്‍നിന്നും പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അധ്യാപികക്ക് ഉണ്ട്. നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുമല്ലോ.

എം. സേതുമാധവൻ രജിസ്ട്രാർ, മലയാളം മിഷൻ