(മധുരം പഠനം – സൂര്യകാന്തി)
പഴഞ്ചൊല്ലിൽ നിന്ന്…

‘വാഴ നനഞ്ഞാൽ ചീരയും നനയുമല്ലോ’ എന്ന് കരുതിയാണ് കുഞ്ചിയമ്മൂമ്മ വാഴക്കടയ്ക്കൽ ചീര വിത്ത് നട്ടത്. കുഞ്ഞു വാഴക്കിടയിൽ ചുവന്ന കുഞ്ഞു ചീരത്തൈകൾ മുളച്ചു. അമ്മൂമ്മ എന്നും വാഴത്തോട്ടത്തിൽ പോകും. ഇടയ്ക്ക് മണ്ണിളക്കിക്കൊടുക്കും. വളമിട്ടു കൊടുക്കും. മറ്റൊന്നും ചെയ്യാനില്ലെങ്കിൽ വാഴയിലയും കൂമ്പും തലോടിത്തലോടി കൊഞ്ചിക്കും. പാട്ടു പാടും.

അങ്ങനെയങ്ങനെ കുറച്ചു നാൾ കഴിഞ്ഞു. വെയിൽ വന്നു. വർഷം വന്നു. വാഴ വളർന്നു. ചീരയും തഴച്ചു വളർന്നു. കുഞ്ചിയമ്മൂമ്മ ഇടയ്ക്കിടെ ചീര പറിച്ചു കറിവച്ചു. ചീര പിന്നെയും വളർന്നു. കുഞ്ചിയമ്മൂമ്മ ചീരക്കുട്ടിയെ കൂടുതൽ കൊഞ്ചിക്കാൻ തുടങ്ങി. അതോടെ ചീരക്ക് അഹങ്കാരം ഏറിക്കൊണ്ടിരുന്നു. എന്നും അമ്മൂമ്മയോട് വാഴയെക്കുറിച്ചു പരാതി പറഞ്ഞുകൊണ്ടിരുന്നു. വാഴ അപ്പോഴും മൗനം പാലിച്ചു.

വാഴയുടെ വളർച്ചയിലും നല്ല മുഴുത്ത കായ്‌ഫലം കണ്ടതിലും ചീര അസൂയപ്പെട്ടുകൊണ്ടേയിരുന്നു. എന്നാൽ അമ്മൂമ്മ സന്തോഷിച്ചു. വാഴക്കൂമ്പു തലോടിക്കൊണ്ട് അമ്മൂമ്മ വാഴ വീഴാതിരിക്കാൻ മുളങ്കമ്പ് എടുത്ത് ഒരു താങ്ങു കൊടുത്തു. മുളങ്കമ്പു കുത്തിയതോ ചീര നിന്നിടത്തും. തണ്ട് മൂത്തെങ്കിലും ഉള്ളു പൊള്ളയായിത്തുടങ്ങിയ ചീരപറിച്ചു വാഴയ്ക്ക് വളമിട്ടുകൊടുത്തു കുഞ്ചിയമ്മൂമ്മ. വാഴക്കൂമ്പിൽ നിന്ന് തേൻ കുടിക്കാൻ എത്തിയ നീണ്ട കൊക്കുള്ള കുഞ്ഞിക്കുരുവി പറഞ്ഞു; എല്ലാവരുടേയും അന്ത്യം ഇങ്ങനെയൊക്കെയാണ്.. ‘ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം…’

 

പ്രവർത്തനം 1

1. മധുരമുള്ള പാട്ടുകൾ പാടി കുരുവി എന്നും വാഴത്തോട്ടത്തിൽ വന്നു. ഒരു കൊച്ചു പാട്ടിന്റെ ആദ്യവരികൾ എഴുതാം.

…………………….
…………………….
…………………….

ഇനിയുള്ള കാലങ്ങൾ

2. തുടർന്നുള്ള വരികൾ എഴുതി നോക്കാമോ…?

കുഞ്ഞിക്കുരുവിക്ക്
കൂടു കൂട്ടാനായി
വന്നല്ലോ തുമ്പിയും കൂട്ടുകാരും…
………………..
………………..

ശീർഷകവും നൽകണേ…

പ്രവർത്തനം 2

നിങ്ങൾക്കിഷ്ടമുള്ള ഒരു പഴഞ്ചൊല്ല് ഓർത്തെടുത്തു ഒരു കഥ എഴുതി നോക്കാമോ?
കൂടുതൽ പഴഞ്ചൊല്ലുകൾ ശേഖരിക്കാമോ?
പഴഞ്ചൊല്ലുകൾ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ഇങ്ങനെയുള്ള കഥകൾ എഴുതി നോക്കാമോ…

അംബിക പി മേനോൻ
മലയാളം മിഷൻ അധ്യാപിക

0 Comments

Leave a Comment

FOLLOW US