മായുന്ന തണൽ വഴികൾ

നീളുന്ന വഴികളിൽ തണലായിരുന്നു ഞാൻ
എൻ ശിഖരങ്ങൾ നിറയും ഹരിത വർണ്ണങ്ങൾ
വീശുന്ന കാറ്റിൽ തലയാട്ടി നിന്നിട്ടു
കാലുകൾ മണ്ണിലുറപ്പിച്ചു വെച്ചു
ചാഞ്ചാടുമെൻ കൈകളിലേറെയും
അമ്മക്കിളികൾ കൂടൊരുക്കി
കൊഞ്ചുന്ന കിളികൾക്കു താരാട്ടു പാടി
ഇക്കിളിയിട്ടോടുന്ന വിരുതനാം മാരുതൻ
മലകൾക്കു കീഴെ ഒഴുകുന്നോരരുവിയിൽ
നീരാടും കരിവീരൻമാറേറെയും
പൂക്കുന്ന പൂക്കളിൻ ഗന്ധം പരക്കെ
തേനുണ്ടു പാടും വണ്ടുകളേറെ
തുമ്പികൾ ശലഭങ്ങൾ തീർക്കുന്നോരഴകിനാൽ
ആടിയും പാടിയും കാലം കടന്നു പോയ്
കോടാലിയേന്തിയേതോ കൈകളെൻ
കാലുകൾ പതിയെ അറുത്തെടുത്തു
അരുതെന്നു ചൊല്ലി പിടഞ്ഞെങ്കിലും
കേഴുമെൻ കണ്ണുനീർ കാണാതെ പോയ്
പൊഴിയുമെൻ ഇലകളും കൂട്ടിലെ കിളികളും
തണലേകുമെൻ കരങ്ങളും
പടരുന്ന നിഴലുമില്ലാതെയായ്
യന്ത്രങ്ങൾ തീർക്കുന്ന ആർപ്പു വിളികളിൽ
ഞാനെന്ന പദമിവിടെ മുറിഞ്ഞു വീഴുന്നു
അരുതേ ഇനിയുമൊരു നീച കൃത്യം
വളരട്ടെ മനുഷ്യാ തണലുകളിനിയും
നീ തന്നെ നിന്റെ മൃത്യുവെ തേടാതെ
മാറ്റീടേണം ദുഷ്ട ചിന്തകളൊക്കെയും
നൽകണം പുതു വസന്തങ്ങൾ
തീർക്കണമൊരു സ്വർഗ്ഗമീ ഭൂവിൽ
പ്രകൃതിയാം അമ്മതൻ സ്നേഹമറിഞ്ഞിട്ടു
വളരട്ടെ കുഞ്ഞു ബാല്യങ്ങളിവിടെ.

ശ്രീജ ഗോപാൽ
മലയാളം മിഷൻ ബെസ്താൻ
സൂറത്ത്, ഗുജറാത്ത്

0 Comments

Leave a Comment

FOLLOW US