കാരികേച്ചര്‍

ടീച്ചറമ്മ കുറെ നേരമായി കുട്ടികളെ കാത്തിരിക്കുന്നു. സാധാരണയായി കുട്ടികളാണ് നേരത്തെ എത്താറ്.
ഇന്നെന്താ അവര്‍ വൈകുന്നത്? ടീച്ചറമ്മ സ്വയം പറഞ്ഞുകൊണ്ട് എഴുന്നേറ്റു. അങ്ങോട്ടു മിങ്ങോട്ടും നടക്കാന്‍ തുടങ്ങി. ടീച്ചറമ്മക്ക് ആധികയറിയമട്ടായി. ഇടക്കിടക്ക് ഫോണ്‍ എടുത്തു നോക്കി കൊണ്ടിരുന്നു. വരില്ല എങ്കില്‍ വിളിച്ചു പറയേണ്ടതാണ്. മേസ്സേജ് എങ്കിലും അയക്കും. ഒന്നും ഉണ്ടായിട്ടില്ല. അവരുടെ വീട്ടിലേക്ക് വിളിക്കണോ എന്ന് പലവട്ടം ആലോചിച്ചു, വേണ്ടെന്നും വച്ചു. ഗേറ്റിലേക്കും റോഡിലേക്കും നോക്കിയാണ് ടീച്ചറമ്മ നടക്കുന്നതും ഇരിക്കുന്നതുമെല്ലാം.

ഗേറ്റ് തുറക്കുന്ന ശബ്ദം, രണ്ടു പേരും വരുന്നുണ്ട്. വഴിക്കെവിടെയെങ്കിലും നോക്കി നിന്നിട്ടുണ്ടാവും, എന്തായാലും ഇങ്ങെത്തട്ടെ. ടീച്ചര്‍ മനസ്സില്‍ കരുതി.
കയറി വന്നതും നിധിന്‍ ചോദിച്ചു
“ഇന്നെന്താ ടീച്ചറമ്മയുടെ മുഖത്ത് ഒരു ദേഷ്യഭാവം?”
ടീച്ചറമ്മ ഒന്നും പറഞ്ഞില്ല. വരൂ എന്നും പറഞ്ഞ് അകത്തേക്ക് കയറി.
പിന്നാലെ കയറുന്നതിനിടയില്‍ നിധിക പറഞ്ഞു.
“വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും വന്നിട്ടുണ്ട്. അതാണ് ഇറങ്ങാന്‍ വൈകിയത്. ഞങ്ങള്‍ ഇറങ്ങാന്‍ നേരം അവരും വരുന്നു എന്നു പറഞ്ഞ് ഒരേ നിര്‍ബന്ധം. അവര്‍ക്ക് ടീച്ചറമ്മയെ കാണണം.”
പെട്ടെന്ന് നിന്ന് ടീച്ചറമ്മ ചോദിച്ചു.
“എന്നിട്ട് എന്തേ അവരെ കൊണ്ടു വരാതിരുന്നത്?”
“ഇന്ന് അച്ഛന്‍ അവിടെയില്ല. അമ്മക്ക് എങ്ങോട്ടോ പോകാനുമുണ്ട്. ഇത്രയും ദൂരം നടന്നു വരണ്ടേ. മറ്റൊരു ദിവസമാകാമെന്നു പറഞ്ഞാല്‍ സമ്മതിക്കണ്ടേ?”

ടീച്ചറമ്മ സ്വതസിദ്ധമായ ചിരി വീണ്ടെടുത്തു കൊണ്ടു പറഞ്ഞു.
“ശരി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വിശേഷങ്ങള്‍ പറയൂ.”
“കേരളത്തില്‍ കൃഷിക്കാരാണവര്‍. ഇപ്പോള്‍ ജൈവകൃഷി, പശു വളര്‍ത്തല്‍ എന്നിവയിലാണ് ശ്രദ്ധ.”
പറയാന്‍ തുടങ്ങയതും ടീച്ചറമ്മ ഇടപെട്ടു.
“നമുക്ക് ഇതൊരു രസകരമായ പ്രവര്‍ത്തനമാക്കിമാറ്റാം.”
“അതെങ്ങനെ?” രണ്ടു പേരും ഒന്നിച്ച് ചോദിച്ചു.
“മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാരിക്കേച്ചര്‍ അവതരിപ്പിക്കണം.”
“അതിന് എനിക്ക് വരക്കാന്‍ കഴിയില്ല”
നിധിന്‍ തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി.
“വരക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല. കാരിക്കേച്ചര്‍ വര മാത്രമല്ല. എഴുത്തും അഭിനയവും എല്ലാം കാരിക്കേച്ചറിനു പറ്റും.”

കുട്ടികള്‍ രണ്ടു പേരും പരസ്പരം നോക്കി അവക്ക് ഒന്നും മനസ്സിലായില്ലെന്ന് ടീച്ചറമ്മക്ക് തോന്നി.
“ഒരു വ്യക്തിയില്‍ പ്രകടമായി കാണുന്നൊരു കാര്യത്തെ പെരുപ്പിച്ച് കാണിച്ച് നര്‍മ്മം ജനിപ്പിക്കുന്നതാണ് കാരിക്കേച്ചര്‍. ഉദാഹരണത്തിന് എ.പി.ജെ അബ്ദുള്‍കലാമിന്റെ കാരിക്കേച്ചറര്‍ വരക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലമുടിയുടെ പ്രത്യേകതയാണ് പെരുപ്പിച്ച് കാണിക്കാറുള്ളത്. ഇവിടെ നാം ചിത്രം വരക്കുകയല്ലാത്തതുകൊണ്ട് കാണാന്‍ കഴിയുന്ന എന്ത് സവിശേഷതകളും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഒന്നു കൂടി വിശദീകരിക്കാം, ഹാസ്യത്തിനു വേണ്ടി വ്യക്തികളുടെയോ വസ്തുക്കളുടെയോ പ്രത്യേകതകളെ അതിശയോക്തി കലര്‍ത്തി വേണം അവതരിപ്പിക്കാന്‍.”

നിധിന്‍ എന്തു പറയണം എങ്ങനെ പറയണം എന്ന് തലപുകഞ്ഞ് ആലോചിച്ചു. നിധിക അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ആലോചന തുടങ്ങി.
“കഷണ്ടി കയറിയ തലയില്‍ ചെവിക്ക് അല്പം മുകളില്‍ വരെ ഉയരത്തിലുള്ള വെളുത്ത തലമുടി. എന്തെങ്കിലും പറയാന്‍ തുടങ്ങിയാല്‍ ഒരു കൈകൊണ്ട് മറുകൈ ഉഴിയാന്‍ തുടങ്ങും അതാണ് മുത്തശ്ശന്റെ ഹൈലറ്റ്. അല്പം ടെന്‍ഷന്‍ ഉണ്ടെങ്കില്‍ ഇത് വേഗത്തിലാവും. രാവിലെ എഴുന്നേറ്റാല്‍ ഉടനെ കുളിക്കണം. അത് ഇവിടെ ലണ്ടനിലായാലും. ഉറങ്ങുന്നതോടെ ശരീരം മുഴുവന്‍ വൃത്തികേടാവുമെന്ന് എങ്ങനെയോ തെറ്റിദ്ധരിച്ചിട്ടുണ്ട്. മുത്തശ്ശിക്ക് കുളിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ മുത്തശ്ശന്റെ നിര്‍ബന്ധം സഹിക്കവയ്യാത്തതുകൊണ്ട് എങ്ങനെയെങ്കിലും കുളിച്ചൂന്ന് വരുത്തും. കുളികഴിഞ്ഞാല്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണം എന്നത് മുത്തശ്ശന് നിര്‍ബന്ധമാണ്. നെറ്റിയില്‍ ചന്ദനം വേണം. മുത്തശ്ശി സ്ഥിരമായി ചന്ദനം തൊടാന്‍ മറക്കും. മുത്തശ്ശന്‍ അത് ഓര്‍മ്മിപ്പിക്കും. ഇതാണ് രാവിലത്തെ പ്രധാന പ്രവര്‍ത്തനം. കാലില്‍ ചെറിയ വേദനയുള്ളതുകൊണ്ട് ഒരു വശത്തേക്ക് അല്പം ചെരിഞ്ഞുള്ള നടത്തം മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കും.”

നിധിന്‍ എഴുതിയത് വായിച്ചുവല്ലോ. നിങ്ങള്‍ക്ക് പരിചയമുള്ളവരെ കുറിച്ച് കാരികേച്ചര്‍ തയ്യാറാക്കി നോക്കൂ. ചിത്രം വരക്കാന്‍ കഴിയുന്നവര്‍ക്ക് വരയിലൂടെയും കാരിക്കേച്ചര്‍ തയ്യാറാക്കാം. അഭിനയിച്ച് പ്രകടിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന്റെ വീഡിയോയും പങ്കു വെക്കാം. മികച്ചവ പൂക്കാലത്തിന് അയക്കാന്‍ മറക്കരുത്.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US