അപ്പൂപ്പൻ താടി

ഒരപ്പൂപ്പൻ താടി പറന്ന് പറന്നങ്ങനെ പോവുകയായിരുന്നു. തന്റെ പൂർവികരെല്ലാം ചെയ്‌തത്‌ പോലെ നിലത്തു വീണ് മുളയ്ക്കുന്നതിന് മുമ്പ് കുറേക്കുറേ കുഞ്ഞു മക്കളെ സന്തോഷിപ്പിക്കണമെന്ന് അത് വിചാരിച്ചു.
ആദ്യം അതൊരു മുൾച്ചെടിയിൽ ചെന്നിരുന്നു. മുൾച്ചെടിക്ക് സമീപം കുറച്ച് കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു.
അപ്പൂപ്പൻ താടി പറന്നു വരുന്നത് കണ്ട് കുട്ടികൾ അങ്ങോട്ട് ഓടിച്ചെന്നു.
കഷ്ടം കഷ്ടം അപ്പൂപ്പൻ താടി എടുക്കാൻ കൈ നീട്ടിയ കുട്ടികളുടെ മേൽ മുള്ളുകൾ തറച്ചു.
അവർ കരഞ്ഞുകൊണ്ട് ഓടിപ്പോയി.
അപ്പൂപ്പൻ താടിക്ക് ഭയങ്കര സങ്കടം വന്നു.
താൻ കാരണം കുഞ്ഞുങ്ങളുടെ മേൽ മുള്ള് തറച്ചില്ലേ…
അടുത്ത കാറ്റത്ത് അപ്പൂപ്പൻ താടി പറന്നു പൊങ്ങി.
അങ്ങനെയങ്ങനെ കുറേ ചെന്നപ്പോൾ ഒരു ഇലച്ചെടിക്ക് മുകളിൽ വച്ച് കാറ്റ് അനങ്ങാതെ ഒറ്റനിൽപ്പ്.
അപ്പൂപ്പൻ താടി താഴെ ഇലച്ചെടിയിലേക്ക് വീണു.
കുറച്ച് കഴിഞ്ഞപ്പോൾ അതാ വരുന്നു രണ്ടു കുട്ടികൾ. അവർ പച്ചിലകൾക്കിടയിൽ അപ്പൂപ്പൻ താടിയുടെ വെള്ളത്താടി കണ്ടു.
കുട്ടികൾ ഓടിച്ചെന്ന് അപ്പൂപ്പൻ താടിയെടുത്ത് പറത്തിക്കളിക്കാൻ തുടങ്ങി.
കളി മൂത്തപ്പോൾ അപ്പൂപ്പൻ താടിയുടെ വിത്ത് താടിയിൽ നിന്ന് വേർപെട്ട് നിലത്തു വീണു.
അതിന് സന്തോഷമായി.
ഇനി ഞാൻ മുളച്ച് പുതിയൊരു ചെടിയാകും, വിത്ത് മണ്ണിൽ കിടന്ന് പറഞ്ഞു.
കുട്ടികൾ വിത്തില്ലാത്ത അപ്പൂപ്പൻ താടി ഊതിപ്പറത്തിക്കൊണ്ട് സന്തോഷത്തോടെ വീട്ടിലേക്ക് പോയി.

ചിഞ്ജു കളവംകോടം

0 Comments

Leave a Comment

FOLLOW US