മാര്‍ച്ച് 3 – ലോക വന്യജീവി ദിനം

മാര്‍ച്ച് 3, ലോക വന്യജീവി ദിനം. ഈ ദിനാചരണം ലോകത്തിലെ വന്യജീവികളെയും സസ്യങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയില്‍ അവബോധം സൃഷ്ടിക്കുന്നു. വന്യജീവി എന്ന പദം ഒരു പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളല്ലാത്ത എല്ലാ മൃഗങ്ങളെയും സൂചിപ്പിക്കുന്നു. നഗരവല്‍ക്കരണം, വേട്ടയാടല്‍, മലിനീകരണം, ആവാസ വ്യവസ്ഥകളുടെ നാശം, എന്നീ പ്രതിഭാസങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നതും അല്ലാത്തതുമായ മൃഗസമ്പത്തിനും അപൂര്‍വ്വ സസ്യജാലങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഈ അവസ്ഥകളെ പ്രതിരോധിക്കുന്നതിലൂടെ വന്യമൃഗങ്ങളെ സംരക്ഷിക്കുക എന്ന വലിയ ദൗത്യത്തില്‍ മനുഷ്യനെ കൊണ്ട് കഴിയുന്ന പ്രവര്‍ത്തന മാര്‍ഗ്ഗങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും ഈ ദിവസം സഹായിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2013 ഡിസംബറിലാണ് മാര്‍ച്ച് മൂന്ന് ലോകവന്യജീവി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്. പിന്നീട് വര്‍ഷം തോറും മാര്‍ച്ച് 3 അന്താരാഷ്ട്ര വന്യജീവി ദിനമായി ലോകമെങ്ങും ആചരിച്ചു വരുന്നു. വംശനാശഭീഷണി നേരിടുന്ന കാട്ടുമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ഉടമ്പടി (Convention on International Trade in Endangered Species of Wild Fauna and Flora) എണ്‍പതിലധികം രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ച മാര്‍ച്ച് 3 എന്ന ദിവസം തിരഞ്ഞെടുത്ത ലോക വന്യജീവി ദിനവുമായി യോജിക്കുന്നു. ലോകമെമ്പാടുമുള്ള വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും വ്യാപാരം നിയന്ത്രിക്കുന്ന ഒരു രേഖയാണ് CITES.

വന്യജീവി ദിനം എങ്ങിനെ സമുചിതമായി ആചരിക്കാം എന്ന് കൂടി പരാമര്‍ശിക്കാം. മൃഗശാലയിലോ, സഫാരിയിലോ കൂട്ടുകാരും വീട്ടുകാരുമൊക്കെയായി ചെന്ന് മൃഗങ്ങളെ സന്ദര്‍ശിക്കാം. പ്രകൃതി മ്യൂസിയം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അല്ലെങ്കില്‍ ദേശീയ ഉദ്യാനം എന്നിവ സന്ദര്‍ശിക്കുകയും സ്വന്തം കണ്ണുകളാല്‍ വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളെ കണ്ട് ഭൂമിയുടെ ജൈവവൈവിധ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.

ഒരു കടല്‍ത്തീരം, പാര്‍ക്ക് അല്ലെങ്കില്‍ റോഡ് എന്നീ സ്ഥലങ്ങളിലെ ചവറ്റുകുട്ടകളും മറ്റ് അവശിഷ്ടങ്ങളും വൃത്തിയാക്കാന്‍ സഹായിക്കുന്നതിന് സന്നദ്ധസേവകരാകാം. ഈ മാലിന്യങ്ങളും അവശിഷ്ടങ്ങളും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ജലത്തെയും ഭൂപ്രദേശത്തെയും മലിനമാക്കുന്നു. മലിനീകരണത്തിനു പുറമേ, ഈ മാലിന്യങ്ങളും അവശിഷ്ടങ്ങളും മൃഗങ്ങള്‍ ഭക്ഷിച്ചുണ്ടാകുന്ന ആപത്തുകള്‍ നിരവധിയാണ്.

ജൈവവൈവിധ്യത്തിന്‍റെ സംരക്ഷണ ശ്രമങ്ങളെക്കുറിച്ചും ആഗോള നഷ്ടത്തെക്കുറിച്ചും ഡോക്യുമെന്‍ററികള്‍ കാണാം. കോള്‍ ഓഫ് ലൈഫ്, എന്‍ഡ് ഓഫ് ലൈന്‍, ഹോം, ഗാര്‍ബേജ് ഐലന്‍റ് എന്നിവ ഈ വിഭാഗത്തിലെ പ്രിയങ്കരങ്ങളില്‍ ചിലതാണ്.

ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കാം. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, വൈൽഡ്‌ലൈഫ് അലയന്‍സ്, അനിമല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് അംഗീകരിക്കപ്പെട്ട പ്രമുഖ സംഘടനകള്‍.

ഒരു വന്യജീവി സെമിനാര്‍ നടത്താം. മൃഗങ്ങളെയും സസ്യങ്ങളെയും കുറിച്ചുള്ള വ്യത്യസ്തമായ നിസ്സാര ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും കണ്ടെത്താന്‍ ശ്രമിക്കാം. ജൈവവൈവിധ്യത്തെകുറിച്ചുള്ള വസ്തുതകള്‍ തയ്യാറാക്കി പൊതുജന ശ്രദ്ധക്കായി പ്രസിദ്ധീകരിക്കാം.

അങ്ങിനെ മറ്റേതൊരു ദിനാചരണത്തെയും പോലെ ലോക വന്യജീവി ദിനവും ആഘോഷിക്കുകയും ഈ ദിനാചരണത്തിന്‍റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള യാത്രയില്‍ നമ്മള്‍ക്ക് പങ്കാളികളാകുകയും ചെയ്യാം.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

Skip to content