മാഞ്ഞുപോവുന്ന തണ്ണീര്‍ത്തടങ്ങള്‍
ഒരുപാട് ഓര്‍മ്മപ്പെടുത്തലുകളുമായി ഈ ഫെബ്രുവരി-2 ന് ഒരു തണ്ണീര്‍ത്തട ദിനം കൂടി കടന്നു പോയി. ഭൂമിയുടെ ജലസംഭരണികളും അത്യപൂര്‍വ്വമായ ജൈവവൈവിധ്യ കലവറയും അനുപമമായ ആവാസ വ്യവസ്ഥയുമാണ് തണ്ണീര്‍ത്തടങ്ങള്‍. പ്രകൃതിക്ക് തണുപ്പും അനേകമനേകം ജീവജാലങ്ങള്‍ക്ക് ജീവന്‍റെ തണലുമേകുന്ന തണ്ണീര്‍ത്തടങ്ങള്‍ മനുഷ്യന്‍റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ തണ്ണീര്‍ത്തടങ്ങളുടെ പകുതിയോളവും കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ ഇല്ലാതായിക്കഴിഞ്ഞു.
എന്തുകൊണ്ടാണ് ഫെബ്രുവരി-2 ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കുന്നത് എന്നറിയാമോ? 1971 ഫെബ്രുവരി-2 ന് ഇറാനില്‍ കാസ്പിയന്‍ കടലിന്‍റെ തീരത്തുള്ള റാംസറില്‍ ലോകരാഷ്ട്രങ്ങള്‍ ഒത്തുകൂടി തണ്ണീര്‍ത്തടങ്ങളെ കാത്തുരക്ഷിക്കാനുള്ള ഒരു ഉടമ്പടി തയ്യാറാക്കി. ഇതിന്‍റെ ഓര്‍മയ്ക്കായാണ് 1997 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 2 തണ്ണീര്‍ത്തട ദിനമായി ആചരിച്ചു വരുന്നത്. ഇത്തവണത്തെ ദിനാചരണ വിഷയം തണ്ണീര്‍ത്തടങ്ങളും ജലവും എന്നതായിരുന്നു.
റാംസര്‍ ഉടമ്പടിയനുസരിച്ച് സവിശേഷ ശ്രദ്ധ ആവശ്യമുള്ള തണ്ണീര്‍ത്തടങ്ങളെ റാംസര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. റാംസര്‍ ഉടമ്പടിയിലെ നിര്‍വ്വചനം അനുസരിച്ച് ചതുപ്പുകള്‍, കായലുകള്‍, പുഴകള്‍, കണ്ടല്‍ക്കാടുകള്‍, അഴിമുഖങ്ങള്‍, കോള്‍നിലങ്ങള്‍, ഡെല്‍റ്റകള്‍, നെല്‍വയലുകള്‍, മരുപ്പച്ചകള്‍, മനുഷ്യനിര്‍മ്മിതമായ കുളങ്ങള്‍, ജലസംഭരണികള്‍ എന്നിവയൊക്കെ തണ്ണീര്‍ത്തടങ്ങളാണ്. അന്താരാഷ്ട്രതലത്തില്‍ ഇതിനകം തന്നെ രണ്ടായിരത്തി നാനൂറിലധികം തണ്ണീര്‍ത്തടങ്ങളെ റാംസര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കേരളത്തില്‍ നിന്നും റാംസര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് മൂന്ന് തണ്ണീര്‍ത്തടങ്ങളാണ്. വേമ്പനാട് കോള്‍ നിലങ്ങള്‍, ശാസ്താംകോട്ടക്കായല്‍, അഷ്ടമുടിക്കായല്‍ എന്നിവയാണവ.
തണ്ണീര്‍ത്തടങ്ങള്‍ നമുക്കു ചെയ്യുന്ന സേവനങ്ങള്‍ക്ക് കൈയും കണക്കുമില്ല. വിവിധ തരം സസ്യങ്ങള്‍, നീര്‍പ്പക്ഷികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, സസ്തനികള്‍ എന്നിങ്ങനെ ജൈവസമ്പത്തിന്‍റെ ഒരു വിസ്മയ ലോകം തന്നെയാണത്. ജലസംഭരണം, ജലശുദ്ധീകരണം, മണ്ണൊലിപ്പ് തടയല്‍, പോഷകങ്ങള്‍ ആഗിരണം ചെയ്യല്‍, തീരപ്രദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കല്‍ ഇങ്ങനെ എണ്ണിയാല്‍ത്തീരാത്ത ഉപകാരങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍ നമുക്കു ചെയ്തു തരുന്നത്. ഇവ മനസ്സിനു നല്‍കുന്ന ഉണര്‍വ്വും തണുപ്പും വേറെ. എപ്പോഴെങ്കിലും ഒരു കണ്ടല്‍ക്കാട് സന്ദര്‍ശിച്ചിട്ടുണ്ടോ? പിരാന്തന്‍ കണ്ടല്‍, ഉപ്പട്ടി, ചെറിയ കണ്ടല്‍, കുറ്റിക്കണ്ടല്‍, വള്ളിക്കണ്ടല്‍ തുടങ്ങി കണ്ടല്‍ച്ചെടികളുടെ വൈവിധ്യം നമ്മെ അമ്പരപ്പിക്കും. തീരപ്രദേശങ്ങളെ ഒരു പരിധി വരെ വെള്ളപ്പൊക്കത്തില്‍ നിന്നും കൊടുങ്കാറ്റില്‍ നിന്നുമൊക്കെ രക്ഷിക്കാനുള്ള കഴിവുണ്ട് കണ്ടല്‍ക്കാടുകള്‍ക്ക്. തടി, വിറക്, ഔഷധങ്ങള്‍, തേന്‍, മല്‍സ്യം, ഞണ്ട്, കാലിത്തീറ്റ തുടങ്ങി കണ്ടല്‍ക്കാടുകള്‍ നല്‍കുന്ന വിഭവങ്ങള്‍ ഏറെയാണ്. കണ്ടല്‍ക്കാടുകള്‍ വിനോദ സഞ്ചാരികളുടെ കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ച കൂടിയാണ്.
എന്നാല്‍ കടലോളം പ്രശ്നങ്ങള്‍ക്ക് നടുവിലാണ് തണ്ണീര്‍ത്തടങ്ങള്‍. വിവേചനരഹിതമായ വികസനത്തിന്‍റെ പേരിലുള്ള നികത്തലുകള്‍, കൈയേറ്റങ്ങള്‍, ഗുരുതരമായ മലിനീകരണം, വിവിധ ആവശ്യങ്ങള്‍ക്കായുള്ള അമിത ജല ചൂഷണം എന്നിവയൊക്കെ തണ്ണീര്‍ത്തടങ്ങള്‍ക്ക് ചരമഗീതം രചിച്ചുകൊണ്ടിരിക്കുന്നു. തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാവുന്നതിന്‍റെ പ്രത്യാഘാതങ്ങള്‍ ശുദ്ധജലക്ഷാമമായും ജൈവസമ്പത്തിന്‍റെ നാശമായും ഒക്കെ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ് നമ്മള്‍. അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളെയെങ്കിലും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് ഒരു വല്ലാത്ത കാലം തന്നെയാവും എന്ന് മറക്കാതിരിക്കാം.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി