തെയ്യവും തിറയും

[ആമ്പൽ പാഠപുസ്തകം – വിഭാഗം: 3 ഉത്സവക്കാഴ്ചകൾ ആണല്ലോ. അവിടെ കൊണ്ടോട്ടി നേർച്ചയും തിരുവാതിരയും തിരുവേഗപ്പുറ ശിവരാത്രിയും നാം പരിചയപ്പെടുന്നു. കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ ഗ്രാമീണോത്സവങ്ങളിലെ നിറക്കാഴ്ചയായ ‘തെയ്യവും തിറയും’ നമുക്കിവിടെ പരിചയപ്പെടാം.]

ഇത് മലയാളമാസം മകരം. മകരക്കൊയ്ത്തു കഴിഞ്ഞ് വയലേലകൾ വരണ്ടുണങ്ങുന്നതോടെ മലബാറിലെ ഗ്രാമങ്ങളിലെ കാവുകളും ക്ഷേത്രങ്ങളും വേലകൾക്കും പൂരങ്ങൾക്കും ഉള്ള കൊടിയേറ്റങ്ങൾക്ക് വേദിയാകും. മഹാകവി ഇടശ്ശേരിയുടെ ‘പൂതപ്പാട്ടി’ലെ,

മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടും നേരം
പോന്നുവരേണം ആണ്ടുകൾ തോറും
പൊന്നുണ്ണിക്കൊരു കുതുകം ചാർത്താൻ….

എന്ന് അമ്മ, പൂതത്തോട് പറയുന്നത് ഓർമ്മയിലുണ്ടല്ലോ. കേരളത്തിന്റെ ജനകീയമായ അനുഷ്ഠാനകലകളിൽ ഏറ്റവും പ്രധാനപ്പെട്ട കലാരൂപങ്ങളാണ് തെയ്യവും തിറയും.

തെയ്യം

ദൈവം എന്ന വാക്കിന്റെ വാമൊഴിരൂപമാണ് തെയ്യം എന്നത്. വേഷാലങ്കാരങ്ങൾ കൊണ്ടുതന്നെ ദൈവമായി സങ്കല്പിക്കുന്നു എന്നതാണ് തെയ്യത്തിന്റെ പ്രത്യേകത. ഉത്തരമലബാറിൽ പ്രത്യേകിച്ചും കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ തെയ്യത്തിന് വലിയ പ്രചാരമുണ്ട്. മലബാറിൽ തെയ്യക്കോലം കെട്ടി ആടുന്നത് തീയ്യർ, മലയർ, വണ്ണാൻ, മുന്നൂറാൻ, അഞ്ഞൂറാൻ തുടങ്ങിയ വർഗ്ഗക്കാരാണ്. ‘തീയൻ മൂത്താൽ തെയ്യം’ എന്നൊരു ചൊല്ലുതന്നെ ഇവിടങ്ങളിൽ ഇന്നും പ്രചാരത്തിലുണ്ട്.

തെയ്യം കോലപ്രധാനമായ ഒരു അനുഷ്ഠാനകലയാണ്. ദേവീദവന്മാർ, യക്ഷഗന്ധർവ്വന്മാർ, മൺമറഞ്ഞ കാരണവന്മാർ, ഭൂതങ്ങൾ, നാഗങ്ങൾ എന്നിവരെല്ലാം തെയ്യങ്ങളായി മാറാറുണ്ട്. ഇവരുടെ ദൈവക്കോലം കെട്ടി ആരാധിക്കുന്ന കലയാണ് തെയ്യം. ചാമുണ്ഡി, നരസിംഹം, ശിവൻ, കടാങ്കോട്ടുമാക്കം, കതിവനൂർ വീരൻ, തുടങ്ങിയവരുടെ തെയ്യക്കോലങ്ങളാണ് കെട്ടി ആടാറുള്ളത്.

കനം കുറഞ്ഞ മരത്തടി, കവുങ്ങിൻപാള തുടങ്ങിയവകൊണ്ടു നിർമ്മിച്ച മുഖം മൂടിയും, കുരുത്തോലകളും വേഷത്തിന് ഉപയോഗിക്കുന്നു. മനയോല, മഞ്ഞൾപ്പൊടി, അരിപ്പൊടി, കരിമഷി എന്നിവകൊണ്ട് മുഖത്തെഴുതുന്നു. കിരീടങ്ങൾ, ഞൊറി വച്ച പട്ടുടുപ്പ്, മണിക്കയർ, മാർവാട്ടം, പെള്ളോട്ടുപട്ടം, കയ്യുറ, കഴുത്തിൽ കെട്ട്, കുരുത്തോലചുറ്റുമുണ്ട് എന്നിവ തെയ്യക്കോലം കെട്ടാൻ ഉപയോഗിക്കുന്നു.

കാവുകളിലും ഗ്രാമത്തിലെ തറവാടുകളിലുമാണ് തെയ്യം കെട്ടിയാടുന്നത്. ഇതിന് കളിയാട്ടം എന്നു പറയുന്നു. ചെണ്ട, മദ്ദളം, തകിൽ, കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ കളിയാട്ടത്തിന് ഉപയോഗിക്കുന്നു. ജയരാജ് സംവിധാനം ചെയ്ത പ്രസിദ്ധ സിനിമയായ ‘കളിയാട്ടം’, പ്രമേയമാക്കിയത് ഒരു തെയ്യം കലാകാരന്റെ ജീവിത സംഘർഷങ്ങളാണ്.

കളിയാട്ടത്തിന്റെ ആദ്യചടങ്ങ് തെയ്യക്കോലം കെട്ടിയ ആൾ കാവിന്റെ മുന്നിൽനിന്ന് ആരാധനാമൂർത്തിയെ പ്രകീർത്തിച്ചു പാടുന്ന തോറ്റം പാട്ടാണ്.പാട്ടിന്റെ ആരോഹണത്തിന് അനുസരിച്ച് മൂർത്തി തെയ്യം കെട്ടിയ ആളെ ആവാഹിക്കുന്നു. തോറ്റം പാട്ടിന് വേഗത കൂടുന്നതോടെ ‘തെയ്യം’ ഉറഞ്ഞു തുള്ളുന്നു. ഭക്തരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തുടങ്ങുന്നു. ഈ ചടങ്ങിനു പറയുന്നത് ‘ഉരിയാടൽ’ എന്നാണ്. ഉരിയാടലിനുശേഷം മുടി എടുത്തു മാറ്റുന്നു. ചടങ്ങ് അവസാനിക്കുന്നു.

തിറ

ദേവതകളുടെ കോലം കെട്ടിയാടുന്ന ജനകീയകലയാണ് തിറ. അർദ്ധവൃത്താകൃതിയിൽ കനം കുറഞ്ഞ മരപ്പലകകൊണ്ടുണ്ടാക്കിയ കിരീടമാണ് തിറ. മലബാറിലെ കാവുകളിൽ ഉത്സവങ്ങളോടനുബന്ധിച്ചു നടത്താറുള്ള ഒരു ആഘോഷമാണ് ഇത്. ‘തിറയും വെള്ളാട്ടും’ എന്നൊരു ഭാഷാപ്രയോഗം തന്നെ മലയാളത്തിലുണ്ട്. വെള്ളാട്ട് വസൂരി രോഗത്തിനെതിരായി കുംഭമാസത്തിൽ കൊടുങ്ങല്ലൂർ ഭഗവതിക്കു നടത്തുന്ന വിധിപൂർവ്വകമായ ഒരുതരം കൂത്താണ്.

തെയ്യം കോലപ്രധാനമായ അനുഷ്ഠാനകലയാണെങ്കിൽ തിറ ആട്ടപ്രധാനമായ അനുഷ്ഠാനകലയാണ്. ‘തിറ’ തലയിൽ വെച്ചുകൊണ്ട് ആടുന്നതിനാൽ ‘തിറയാട്ടം’ എന്നുപേർ. മണ്ണാൻ, വണ്ണാൻ, പാണൻ, തുടങ്ങിയ സമുദായങ്ങളാണ് തിറ കെട്ടിയാടുന്നത്. കരിയാത്തൻ, ഭൈരവൻ, ഗന്ധർവ്വൻ, ഗുളികൻ, പൊട്ടൻ, വേട്ടയ്ക്കൊരു മകൻ, നാഗക്കാളി, വസൂരിമാല തുടങ്ങിയ പല വേഷങ്ങളും തിറയാട്ടത്തിലുണ്ട്. തിറ നടത്തുന്നത് കാവുകളിലാണ്.

എം. വി. മോഹനൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content