ഓർമ്മക്കുറിപ്പ്
ഓണത്തപ്പനും ഒപ്പനയും

പത്തുനാല്പത്തഞ്ച് വര്‍ഷം മുമ്പ് ഓണവും റംസാന്‍ നോമ്പും ഒന്നിച്ചു കണ്ടുമുട്ടിയ നാളുകള്‍ …

അരിമാവുകൊണ്ട് അണിയിച്ച്, അതില്‍ പച്ച ഈര്‍ക്കിലില്‍ കോര്‍ത്ത പലനിറമുള്ള ചെണ്ടുമല്ലി കുത്തി കുട ചൂടിച്ച ചെമ്മണ്ണ് കുഴച്ചുണ്ടാക്കിയ മാതോര് (ഓണത്തപ്പന്‍).

മുറ്റത്തും, പറമ്പിലും, വേലികളില്‍ നിന്നും ഞങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും പറിച്ച നാനാവിധ പൂക്കളിട്ട് പൂക്കളമൊരുക്കിയ മുറ്റം, പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിലുള്ള മാങ്ങോട് എന്ന, ചുറ്റുവട്ടത്തിലൊന്നും മതിലുകള്‍ പോലുമില്ലാതിരുന്ന എന്റെ ഗ്രാമത്തിലെ മാരീച്ചന്റെ വീട്ടുമുറ്റം.

തുമ്പിച്ചിറ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥിയായിരുന്ന ഞാനും ഈരണ്ടു ക്ലാസ്സ് മുകളില്‍ പഠിക്കുന്ന ചേച്ചിമാരും നാട്ടിലെ സമപ്രായക്കാര്‍ക്കൊപ്പം മാരീച്ചന്റെ വീട്ടുമുറ്റത്ത് മാതോരിനു ചുറ്റും കളിക്കാന്‍ എത്തിയിരുന്നു (എന്റെ ഇത്തമാര്‍ക്കോ ഉമ്മയ്‌ക്കോ മാത്രമല്ല , നാട്ടിലെ ഒട്ടുമിക്ക മുസ്ലിം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇന്നത്തെ പോലെ മതാടയാളമായ ആടകളില്ലായിരുന്നു).

അസിമാമയുടെ ടേപ്‌റെക്കോഡറിലൂടെയും, പള്ളിയിലെ മൈക്കിലൂടെയും പാടിയ ആ രാജ്യത്തെ ‘പ്രഗല്‍ഭ’ ഗായകനായിരുന്ന എന്നെക്കൊണ്ട് ശിവാജി ഗണേശന്‍ അഭിനയിച്ചു തകര്‍ത്ത ‘തങ്കപ്പതക്ക’ത്തിലെ ‘സോതനൈ മേല്‍ സോതനൈ’ (മലയാളമല്ല ,തമിഴാണ് )
കര്‍ണ്ണനിലെ ‘കണ്ണാ …നീയും നാനുമാ കണ്ണാ ‘ തുടങ്ങിയ തമിഴ് പാട്ടുകളും
‘മാണിക്ക വീണയുമായെന്‍ ..’തുടങ്ങിയ മലയാള ഗാനങ്ങളും പാടിക്കുന്ന മാരീച്ചനും ഭാര്യ മാതൂച്ചിക്കും ഞാന്‍ നബിദിനത്തിന് പള്ളിയിലെ മൈക്കിലൂടെ പാടിയ മുത്തുനബിയെ പുകഴ്ത്തുന്ന മാപ്പിളപ്പാട്ടുകളും കേള്‍ക്കണം.

പൂക്കളവും മാതോരുമാണ് പശ്ചാത്തലം അഥവാ സ്റ്റേജ്. വട്ടക്കളികള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമം പ്രഖ്യാപിച്ചുകൊണ്ടാണ്, ഇടയ്ക്കിടെ മാതൂച്ചി, ആണ്‍കുട്ടികള്‍ക്ക് പാടാനുള്ള വേദി ഒരുക്കിത്തരുന്നത്.

നാട്ടിലെ പ്രമാണികളുടെ വീട്ടു മുറ്റത്തെ മാതോര് അനാഥമായി കിടക്കുമ്പോള്‍ അഷ്ടിക്ക് കഷ്ടിയായി ജീവിച്ചു പോകുന്ന മാരീച്ചന്റെ വീട്ടുമുറ്റം നാട്ടിലെ മക്കളെക്കൊണ്ടും പൂക്കളെ കൊണ്ടും അവരുടെ അമ്മമാരെക്കൊണ്ടും നിറഞ്ഞിരുന്നു.

തിരുവോണത്തലേന്ന് മാരീച്ചന്റെ വീട്ടില്‍ ഉച്ചയ്ക്ക് എല്ലാര്‍ക്കും സദ്യയൊരുക്കും.

മുന്‍ വശത്തു നീണ്ടുകിടക്കുന്ന തിണ്ണയിലും മഴയില്ലെങ്കില്‍ പരമ്പ് വിരിച്ചു മുറ്റത്തും നിരക്കനെ കുട്ടികളെ ഇരുത്തി, വിഭവങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും മാരീച്ചനും മാതൂച്ചിയും ഓടിനടന്ന് ഓരോ ഇലയിലും എല്ലാക്കറികളും എത്തിക്കാന്‍ കാണിക്കുന്ന വെപ്രാളം മുതിര്‍ന്ന ശേഷം ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്.

കാണികളായി വന്ന അമ്മമാര്‍ സദ്യ ഉണ്ടാക്കാന്‍ സഹായിക്കും. പക്ഷെ വിളമ്പാന്‍ ആരേയും മാരീച്ചനും മാതൂച്ചിയും അനുവദിക്കില്ല. അവര്‍ തന്നെ വിളമ്പും. അന്ന് അടുക്കളയിലെ പണികള്‍ക്കിടയില്‍ ആരോ പറഞ്ഞറിഞ്ഞ് മാതൂച്ചി മാരീച്ചന്റെ ചെവിയിലെന്തോ പറഞ്ഞു. മാരീച്ചനും മാതൂച്ചിയും ചേച്ചിയെ കൂട്ടത്തില്‍ നിന്നും മാറ്റി വിളിച്ചു. ഞാനും അവള്‍ക്കൊപ്പം ഓടി. മാതൂച്ചി ചേച്ചിയെ ചേര്‍ത്തു പിടിച്ചു.

‘മക്‌ളേ നിങ്ങുക്ക് ഒന്നും കഴിക്കാന്‍ പാങ്ങില്ലേ?’

‘ഇല്ല നോമ്പല്ലെ, പകലൊന്നും കഴിക്കാന്‍ പാടില്ല’ എന്ന് ചേച്ചി പറഞ്ഞത് കേട്ട് മാരീച്ചന്‍ മാതൂച്ചിയുടെ മുഖത്തേക്ക് നോക്കി. മാതൂച്ചി തിരിച്ചും. പാതി തുറന്ന വായയില്‍ വിരലുകള്‍ ചേര്‍ത്ത് എന്തോ അത്യാഹിതം കേട്ടപോലുള്ള മാരീച്ചന്റെ നില്‍പ്പും മുഖവും ഇപ്പോഴും കണ്മുന്നിലുണ്ട്.

‘അല്ലാ, ത്തിരി പായസം കുടിച്ചൂടെ, പായസം മാത്രം ?’

മാരീച്ചന്റെ ചോദ്യത്തിന് തുപ്പല് കൂടി വിഴുങ്ങാന്‍ പാടില്ല എന്ന് ചേച്ചി പറഞ്ഞപ്പൊ

‘ആംന്ന്, ഇനി വെളക്ക് വെക്കുമ്പൊ വാങ്ക് കൊട്ക്കില്ലേ പള്ളീല് ? അപ്പളേ എന്തെങ്കിലും കഴിക്കാന്‍ പാങ്ള്ളു’ മാതൂച്ചി നോമ്പിനെക്കുറിച്ചുള്ള തന്റെ അറിവ് മാരീച്ചന് വിളമ്പി.

‘ന്നാ, ദാ നോക്ക് ഞാനൊന്ന് പറയട്ടെ മാതൂ …’
ഉയരം കുറഞ്ഞ മാതൂച്ചി, നെടുനീളനായ മാരീച്ചനെ കേള്‍ക്കാന്‍ മുകളിലേക്ക് നോക്കി.

‘അതേ ഇന്ന് നമുക്ക് ഉച്ചക്ക് ചദ്യ വേണ്ട മോന്തിക്ക് മതി’

‘നാനും അത് പറയാന്‍ തുടങ്ങാണ് …’ മാതൂച്ചി പറയുന്നതിനിടയില്‍ ചേച്ചി ഇടപെട്ടു;

‘വേണ്ട ,നിങ്ങള് കഴിക്കിന്‍ ഞങ്ങക്ക് അതൊന്നും കൊഴപ്പൊല്ല .’

ഇണ്ട്, കൊഴപ്പണ്ട്.., മക്കള് വെശന്നിരിക്കുമ്പൊ ഞങ്ങക്ക് ചദ്യ ഉണ്ണണ്ട, ഉണ്ടാ എറങ്ങില്ല .’

മാതൂച്ചി പറഞ്ഞു നിര്‍ത്തുമ്പഴക്കും ആരുടെയൊക്കെയോ മുണ്ടും തോര്‍ത്തുമൊക്കെ തട്ടമായും കാച്ചിയായും ഉടുത്തൊരുങ്ങി മാതോരിനു ചുറ്റും നില്‍ക്കുന്ന ഒപ്പനക്കാര്‍ക്കിടയില്‍ നിന്നും ലക്ഷ്യൂച്ചന്റെ മകള്‍ നാരായണി കൈയിലൊരു തോര്‍ത്തുമായി വന്ന് ചേച്ചിയുടെ തലയിലിട്ടു.

ഈര്‍ക്കിലി കഷ്ണം കൊണ്ട് കുത്തിനിര്‍ത്തി, ചേച്ചിയെ വലിച്ചുകൊണ്ടുപോയി.

വിശക്കുന്നവര്‍ അവരവരുടെ വീട്ടില്‍ പോയി ഉണ്ടു വരാന്‍ മാരീച്ചനും മാതൂച്ചിയും പറഞ്ഞുനോക്കി. കളിയുടെ ഹരം കൊണ്ട് കുട്ടികളാരും പോയില്ല. വീട്ടില്‍ പ്രായമുള്ളവരുള്ള ചില അമ്മമാര്‍ മാത്രം പോയി വന്നു.

നോമ്പു കാലത്തു സാധാരണ ഉണ്ടാവാറുള്ള ദാഹം പോലും ഓര്‍മ്മയിലെത്താതെ വൈകുന്നേരം വരെ കളി തുടര്‍ന്നു. ഉച്ചഭക്ഷണം മറന്ന് മാരീച്ചനും മാതൂച്ചിയും ഞങ്ങള്‍ക്കൊപ്പം ഓരോ കളികഴിഞ്ഞാല്‍, ഓരോ പാട്ടുകഴിഞ്ഞാല്‍ അടുത്തതിന് കോപ്പുകൂട്ടാന്‍ കൂടെക്കൂടി.

അങ്ങനെ അസ്തമന മാനം കരിമ്പനക്ക് പുറകില്‍ തെളിഞ്ഞു മറഞ്ഞു.

കരിപ്പാലി പള്ളിയില്‍ നിന്നും നോമ്പു തുറക്കുവാനുള്ള ബാങ്കുവിളി മാരീച്ചന്റെ പുറകിലെ തൊടിയിലൂടെ മുറ്റത്തെത്തി. ചേച്ചി മാരീച്ചന്റെ അടുക്കളയിലേക്ക് ഓടിച്ചെന്നു. വെള്ളം കൊണ്ടുവന്നു, ഒരു ഭാഗത്തിരുന്നു നോമ്പുതുറക്കാനുള്ള നിയ്യത്ത് ചൊല്ലി വെള്ളം കുടിച്ചു. മറ്റുള്ളവരും വെള്ളം കുടിച്ച് ഞങ്ങളുടെ നോമ്പുതുറയില്‍ പങ്കുകൊണ്ടു. (ഇത്തരം ഒരു സമൂഹ നോമ്പുതുറ ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം)

മാരീച്ചന്റെ നീണ്ട തിണ്ണയില്‍ നാട്ടിലെ മക്കള്‍ക്കു മുന്നില്‍ തൊടിയിലെ വാഴയില, കഷ്ണങ്ങളായി നിരന്നു. വിളമ്പിയ ചോറിലും കറികളിലും റാന്തല്‍ വെട്ടം തീര്‍ത്ത പൊന്‍തിളക്കം ഇന്നും മങ്ങാതെ മായാതെ ഓര്‍മ്മയില്‍ തിളങ്ങുന്നു!

അന്ന് നോമ്പിന് വേണ്ടി സദ്യ മാറ്റിവെച്ചതിനു മാരീച്ചന്റെ കുടുംബമൊ ഓണത്തപ്പന്റെ മുന്നിലിരുന്ന് നോമ്പ് തുറന്നതിന് ഞങ്ങളുടെ വീട്ടിലോ അസ്വാരസ്യങ്ങളുടെ ചെറു ഭാവം പോലും ഉണ്ടായില്ല.

രാത്രി അമ്മയ്ക്കരുകില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങുമ്പൊ പടച്ചവനോട് ചില ആവശ്യങ്ങള്‍ ഉണര്‍ത്തിക്കുന്ന പ്രാര്‍ത്ഥന ഉമ്മ എല്ലാര്‍ക്കും ചൊല്ലി തരാറുണ്ട്. അതില്‍ നല്ല പഠിപ്പ്, നല്ല ആരോഗ്യം, നല്ല മനസ്സ് അങ്ങിനെ ഒരേ ആവശ്യങ്ങളാണ് എന്നും ഉമ്മ പറഞ്ഞു തരാറ്. അന്ന് നല്ല മനുഷ്യന്മാരായ മാരീച്ചനും മാതൂച്ചിക്കും സുബര്‍ക്കത്തിലൊരിടം കൊടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു വാചകം കൂടി ഉമ്മ പ്രാര്‍ത്ഥനയില്‍ ചേര്‍ത്തു…

ഇന്നതൊക്കെയാലോചിക്കുമ്പൊ അകം വിങ്ങി കണ്ണ് നിറയുന്നു. കാലം വരുത്തിയ വടുക്കളിലെ വേദന മാറാന്‍ മാരീച്ചനും മാതൂച്ചിയും എന്റെ ഉമ്മയും ഉപ്പയുമൊക്കെ പുനര്‍ജനിച്ചാല്‍ മാത്രം മതിയാവുമൊ.. ?

ഫറൂഖ് അബ്ദുള്‍ റഹ്‌മാന്‍ (ചലച്ചിത്രസംവിധായകന്‍)

ഇത് ഒരു ചലച്ചിത്ര സംവിധായകന്റെ ഫെയ്‌സ് ബുക്ക് പേജിലെ ഓണത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പാണ്.

കുഞ്ഞുങ്ങളെ ഈ കുറിപ്പ് നമ്മുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചില്ലേ? അതുപക്ഷേ, സങ്കടം കൊണ്ടല്ല. സന്തോഷത്താലും കണ്ണ് നിറയുന്ന അവസ്ഥ ഇത്തരം അനുഭവക്കുറിപ്പുകള്‍ സമ്മാനിക്കാറുണ്ട് എന്ന് മനസ്സിലായില്ലേ?

ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും നിറത്തിന്റെയും മതിലുകള്‍ തീര്‍ത്ത് സ്വയം വീര്‍പ്പുമുട്ടുകളിലേക്ക് കൂപ്പുകുത്തുന്ന ചിന്താഗതിക്കാരോട് നമ്മള്‍ക്കൊന്നും പറയാനില്ല. എന്നാല്‍ അറിഞ്ഞുകൊണ്ട് അരുതായ്മകളെ മുറുകെപ്പിടിക്കുന്നവരെ തിരികെ കൊണ്ടുവരേണ്ടത് നമ്മളോരോരുത്തരുടെയും കര്‍ത്തവ്യമാണ്. അതിലേക്ക് നയിക്കുന്നതാവണം നമ്മുടെ ചിന്താലോകം. വായന, ചലച്ചിത്രം, മാധ്യമങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം നമുക്ക് ലഭ്യമാകുന്ന എത്രയെത്ര സദ്ചിന്തകളാണ് സൗകര്യപൂര്‍വ്വം നമ്മള്‍ മറന്നു കളയുന്നത്.

മുകളില്‍ വായിച്ച അനുഭവം നമ്മളില്‍ ഉണര്‍ത്തിയ വികാരത്തെ ഏതെല്ലാം തരത്തില്‍ ആവിഷ്‌കരിക്കാനാവും. നാടകമായോ കഥാപാത്രനിരൂപണങ്ങളായോ ഒക്കെ ഇതിലൂടെ കൂടുതല്‍ ആഴത്തില്‍ സഞ്ചരിക്കുന്നത് സ്വയമൊരു വിലയിരുത്തലിനും കൂടി ഉപകരിക്കുക തന്നെ ചെയ്യും.

‘നീലക്കുറിഞ്ഞി’യിലെ മൂന്നാമത്തെ യൂണിറ്റായ ഉത്സവകേരളത്തിലെ ഏറെ ഹൃദ്യമായ ഒരു പാഠഭാഗമാണ് ‘ ഡിസംബറിലെ നക്ഷത്രങ്ങള്‍’. ഈ പാഠഭാഗവുമായി ബന്ധിപ്പിച്ച് ‘ ഓണത്തപ്പനും ഒപ്പനയും ‘വയിക്കുകയാണെങ്കില്‍ അത് എത്രമേല്‍ ആസ്വാദ്യകരമായിരിക്കുമെന്ന് ഒരു താരതമ്യക്കുറിപ്പ് കൂടി ഇവിടെ കുറിക്കാന്‍ മറക്കല്ലേ !

അപ്പോള്‍ ഈയൊരു പാഠഭാഗത്തെ അടിസ്ഥാനമാക്കി നാടകം, കഥാപാത്രനിരൂപണം, താരതമ്യക്കുറിപ്പ് എന്നിവയിലൂടെ കൂട്ടുകാര്‍ സഞ്ചരിക്കുമല്ലോ?

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content