കവിത രചിച്ചു പഠിക്കാം – കവിതയിലെ അലങ്കാരങ്ങള്‍

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

വിതയില്‍ അലങ്കാരങ്ങള്‍ ആവശ്യമുണ്ടോ? കാവ്യക്കളരിയില്‍ സംശയമുയരുന്നു. ജീവിതത്തില്‍ അലങ്കാരങ്ങള്‍ വേണമോ. നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും ആഭരണങ്ങള്‍ അണിയുന്നതും മുഖത്തു പൗഡര്‍ പൂശുന്നതും എന്തിനാണ്? സ്വതവേ ഉള്ള സൗന്ദര്യത്തെ ഒന്നുകൂടി മെച്ചപ്പെടുത്താന്‍ അവയ്ക്കു കഴിയുന്നു. അല്ലേ? അതു തന്നെയാണ് കവിതയിലും അലങ്കാരങ്ങളുടെ ധര്‍മം. കവിതക്കു ഭംഗി കൂട്ടാം. ശക്തി കൂട്ടാം. മനസ്സില്‍ മായാതെ നില്‍ക്കാന്‍ അലങ്കാരങ്ങള്‍ സഹായിക്കുന്നു. എന്താണ് അലങ്കാരം? ഏ.ആര്‍.രാജരാജവര്‍മ ആധികാരികമായി അതിനെക്കുറിച്ചു
പറയുന്നതിങ്ങനെയാണ്.

ശബ്ദാര്‍ത്ഥങ്ങളില്‍ വച്ചൊന്നില്‍
വാച്യമായിട്ടിരുന്നീടും
ചമല്‍ക്കാരം ചമയ്ക്കുന്ന
മട്ടലങ്കാരമായത്.

മഹാകവികളുടെ കൃതികള്‍ വായിക്കുമ്പോള്‍ എന്തോ ഒരു ആഹ്ലാദം നമുക്ക് അനുഭവപ്പെടാറുണ്ട്. ഈ ആഹ്ലാദം അനുഭവിക്കാന്‍ കഴിവുള്ളവര്‍ സഹൃദയന്മാര്‍. സഹൃദയന്മാരില്‍ ആഹ്ലാദം ജനിപ്പിക്കുന്ന കവിതാ ധര്‍മം ചമല്‍ക്കാരം. ചമല്‍ക്കാരത്തിനു കാരണമാകുന്ന വാക്യ ഭംഗി അലങ്കാരം. ഇതു ശബ്ദം കൊണ്ടും അര്‍ത്ഥം കൊണ്ടും സാധിക്കാം.

സാമ്യം, അതിശയം, വാസ്തവം, ശ്ലേഷം എന്നിങ്ങനെ നാലെണ്ണമാണ് എല്ലാ അലങ്കാരങ്ങളുടെയും അടിസ്ഥാന ഘടകങ്ങളെന്നു കൂടി അദ്ദേഹം പറയുന്നുണ്ട്.

ഭാഷയെന്ന മാധ്യമത്തിലൂടെ ഈ ലോകത്തിലില്ലാത്ത ഒരു ആനന്ദത്തെ ഉണ്ടാക്കുന്നവനാണു കവി. കവിയുടെ കൗശലമാണ് വായനക്കാരില്‍ അനുഭൂതി തരംഗങ്ങളെ ഉണര്‍ത്തുകയെന്നത്. സൗന്ദര്യ മയമായ ഒരു പുതിയ ലോകത്തെ എഴുത്തുകാരന്‍ പ്രതിഭ കൊണ്ട് നിര്‍മിക്കുന്നു. സൗന്ദര്യവും ആനന്ദവും മാത്രമേ, കവി സൃഷ്ടിക്കുന്ന ലോകത്ത് കാണാന്‍ കഴിയൂ. ഇതിന് കവിയെ പ്രാപ്തനാക്കാന്‍ ഏറെ സഹായിക്കുന്നതാണ് അലങ്കാരങ്ങള്‍.

സാമ്യം അലങ്കാരങ്ങളുടെ അക്ഷയ ഖനിയാണ്. രാജാവിന്റെ മുഖത്തു നോക്കി പണ്ടേ കവി പറഞ്ഞു. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം. പ്രഭോ അങ്ങയുടെ മുഖം ചന്ദ്രബിംബം തന്നെയാണ് എന്ന് പിന്നീടതിനു ശക്തി കൂട്ടി. മഹാരാജാവേ അങ്ങയുടെ മുഖം താമരപ്പൂവാണോ പൂര്‍ണ ചന്ദ്രനാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് വീണ്ടും കവി പറയുന്നു. മുഖത്തു ചന്ദ്രനുദിച്ചെന്നും കണ്ണുകളില്‍ നക്ഷത്രങ്ങള്‍ തിളങ്ങുന്നുണ്ടെന്നും പറയുമ്പോള്‍ സാമ്യത്തില്‍ നിന്ന് അതിശയത്തിലേക്ക് കടക്കുന്നതു കാണാം. എല്ലാ അലങ്കാരങ്ങളിലും അല്പം അതിശയോക്തി ഉണ്ടെന്നു മനസ്സിലാക്കുക. വാസ്തവത്തിലും അതിശയം ചാലിച്ചാലേ ഭംഗി കൈവരൂ എന്ന് കവിക്കറിയാം.

വക്രോക്തി അഥവാ വാക്കുകളുടെ വളവ് അലങ്കാരങ്ങളില്‍ പൊതുവേ കാണുന്ന പ്രത്യേകതയാണ്.
രാമന്‍ രാവണനെ കൊന്നു എന്നത് നേരെ പറയുന്ന ഒരു കാര്യമാണ്. വളഞ്ഞത് രാമന്റെ വില്ല്, മുറിഞ്ഞത് രാവണന്റെ തല എന്നു പറയുമ്പോള്‍ അവിടെ ചമല്‍ക്കാരം കയറി വരുന്നു. രാത്രിയായി. ചന്ദ്രനും നക്ഷങ്ങളും തെളിഞ്ഞു. അവ കടലില്‍ പ്രതിബിംബിച്ചു. ഇത് സഹൃദയ ഹൃദയം കവരുന്നില്ല. എന്നാല്‍ ഇതു തന്നെ അല്പം വക്രതയിലൂടെ അവതരിപ്പിച്ചാലോ? .ജി.ശങ്കരക്കുറുപ്പിന്റെ സാഗര സംഗീതം എന്ന കവിത വായിച്ചു നോക്കുക.

അമ്പിളിച്ചഷകത്തില്‍
നുരയും ദിവ്യാനന്ദം
അമ്പിലേന്തിക്കൊണ്ടെത്തി
ശുക്ല പഞ്ചമി മന്ദം.

രാത്രി വധുവും സമുദ്രം വരനുമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കവി അങ്ങനെ സങ്കല്പിച്ച് വധു വരന്റെ അടുത്തേക്കു ചെല്ലുന്നതും വരന്‍ മതിമറന്നു പാടുന്നതും അവളുടെ മുടിക്കെട്ടഴിഞ്ഞ് മുല്ലപ്പൂക്കള്‍ ചിതറി വീഴുന്നതും ഒരു സിനിമയിലെന്നപോലെ നമുക്കു കാണിച്ചു തരുന്നു.

ദൃശ്യ ഭംഗി പോലെ ശബ്ദം, സ്പര്‍ശം, രൂപം, ഗന്ധം, രസം തുടങ്ങിയ അനുഭവങ്ങളെ പകര്‍ന്നു നല്‍കാന്‍ അലങ്കാരങ്ങള്‍ക്ക് കെല്പുണ്ട്. അമൂര്‍ത്തമായതിനെ മൂര്‍ത്തമാക്കാനും അലങ്കാരങ്ങള്‍ക്ക് കഴിയും.

പുളകം പോല്‍ കുന്നിന്‍ പുറത്തു വീണ
പുതുമൂടല്‍ മഞ്ഞല പുല്‍കി നീക്കി
പുലരൊളി മാമലശ്രേണികള്‍തന്‍
പുറകിലായ് വന്നു നിന്നെത്തി നോക്കി.

വാക്കു കൊണ്ട് വിളക്കു കൊളുത്താം. അകത്തും പുറത്തും. വാക്കുകള്‍ കൊണ്ട് മാലിന്യങ്ങളെ കരിച്ചു കളയാം. സമൂഹത്തില്‍ രോഗങ്ങള്‍ പരത്തുന്ന അഴുക്കുകളെ ഭസ്മമാക്കാം. വാക്കുകളില്‍ എങ്ങനെയാണ് വെളിച്ചവും ചൂടും നിറയ്ക്കുന്നത്.

കവികളെ പഠിക്കുമ്പോള്‍, കവിതകളെ പഠിക്കുമ്പോള്‍ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അലങ്കാരങ്ങളുടെ പങ്കും പഠന വിധേയമാക്കുന്നത് കാവ്യരചനക്ക് നല്ല മുതല്‍ക്കൂട്ടാണ്. പഴയ അലങ്കാരങ്ങളുടെ പുതിയ മുഖങ്ങളും കൂടി പരിചയപ്പെടുമ്പോള്‍ കവിയുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂടുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുക.

 

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US