ന്റെ തുഞ്ഞിപ്പെണ്ണേ…

നാളെ വിദ്യാരംഭമാണ്. കുഞ്ഞിപ്പെണ്ണിനെ എഴുത്തിനിരുത്തണം. കോവിഡ് കാലമായതിനാല്‍ അമ്പലങ്ങളിലൊന്നും കൊണ്ടു പോകുന്നില്ല. അച്ഛന്‍ സനൂപും അമ്മ മീനാക്ഷിയും അതുറപ്പിച്ചു. സനൂപിന്‍റെ അച്ഛന്‍റെ പരിചയക്കാരനായ സാഹിത്യകാരന്‍ കുറുപ്പു മാഷെന്ന മോഹനക്കുറുപ്പാണ് കുഞ്ഞിപ്പെണ്ണിനെ എഴുത്തിനിരുത്താന്‍ വരുക.

അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും ആന്‍റിയമ്മയും കൂടി കുഞ്ഞിപ്പെണ്ണിന് ചടങ്ങിനെപ്പറ്റി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയാണ്.

‘നാവില്‍ ഹരിശ്രീ എഴുതുമ്പോള്‍ കരയാതിരുന്നാല്‍ കുഞ്ഞിപ്പെണ്ണിന് മൊബൈലില്‍ അണ്ണാരക്കണ്ണന്‍റെ പുതിയ വീഡിയോ കാണിച്ചു തരാം ‘എന്ന് ആന്‍ററിയമ്മ.

‘ഹായ്! അണ്ണാരത്തണ്ണന്‍… എനിത്തു താണണം…നാന്‍ തരയൂല…’ കുഞ്ഞിപ്പെണ്ണ്.

‘കുറുപ്പ് മാഷാണേ വരുക. മാഷിന്‍റെ മടിയില്‍ മോള് നല്ല കുട്ടിയായിരിക്കണേ…’ അച്ഛമ്മ

‘തുറുപ്പ് മാശോ ? തുഞ്ഞിപ്പെണ്ണ് നല്ല തുട്ടിയാ…’ കുഞ്ഞിപ്പെണ്ണിന്‍റെ മറുപടി.

ഇതു കേട്ടപ്പോള്‍ എല്ലാവരും കൂട്ടച്ചിരിയായി.. എന്തിനാണ് എല്ലാവരും ചിരിക്കുന്നതെന്നറിയാതെ, നാവില്‍ ‘ക’ എന്ന അക്ഷരം വഴങ്ങാത്ത കുഞ്ഞിപ്പെണ്ണും കൂട്ടത്തില്‍ ചിരിയോടു ചിരി.

കുഞ്ഞരിപ്പല്ലു കാട്ടിയുള്ള ആ ചിരി കണ്ടപ്പോള്‍ എല്ലാവരും ചിരിക്കിടയിലൂടെ ഒരുമിച്ചു വിളിച്ചു.

‘ന്‍റെ തുഞ്ഞിപ്പെണ്ണേ…’

റീന വാക്കയില്‍
ന്യൂ ഡല്‍ഹി

0 Comments

Leave a Comment

FOLLOW US