അനുഭവ നർമ്മം
കേശവന്റെ തിരോധാനം
കേശവന്‍ അന്നും ഉച്ചക്ക് ചുട്ട പപ്പടവും കൂട്ടി കഞ്ഞിയും കുടിച്ചു കൈ കഴുകി ട്രൗസറിന്റെ മൂട്ടില്‍ തുടച്ച് അടുക്കളയില്‍ നിന്നും പോകുന്നത് രാശമ്മ ചേച്ചി കണ്ടതാണ്. ചെക്കനെ ആവശ്യത്തിനും അനാവശ്യത്തിനും കാവേരിമുത്തി അവന്റെ ഇടത്തെ ചെവിക്കു പിടിച്ചു രണ്ടുമൂന്ന് തിരുമ്മു തിരുമ്മി തലയില്‍ ടെ ടെ ന്നു ചൊട്ടുന്നതിനോട് എല്ലാവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. മുത്തി ഈര്‍ക്കിലി പരുവമാണെങ്കിലും ചൊട്ടിനു നല്ല അമരമായിരുന്നു. പിന്നെ സരസ്വതി വാക്കും പ്രാക്കും അകമ്പടി ഉള്ള കാരണം ചൊട്ടുശബ്ദം കേള്‍ക്കണമെങ്കില്‍ അതീവ ജാഗരൂകരായിരിക്കണം.
അമ്മയില്ലാത്ത കുട്ടിയാണെന്ന പരിഗണന തീരെ ഇല്ലായിരുന്നു. അമ്മയില്ലാത്ത കുട്ടിക്ക് സാധാരണയില്‍ കവിഞ്ഞ ലാളനയും സ്‌നേഹവും കിട്ടേണ്ടതാണെന്ന അറിവ് മുത്തിക്ക് ഇല്ലാതെ പോയതെന്താണ് എന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. മണ്ടയില്‍ മര്‍ദ്ദനമേല്‍ക്കുമ്പോഴും കേശവന്‍ കമാന്നൊരക്ഷരം മിണ്ടാറില്ല. വേദന കൊണ്ട് കണ്ണില്‍ നിന്നും കണ്ണുനീര്‍ മുത്തുകള്‍ ഇറ്റിറ്റു വീഴുമ്പോഴും പാവം കേശവന്‍ മൗനിയായിരിക്കും. ബാല്യം ഇത്രയേറെ വേദനാപൂര്‍ണ്ണമായിട്ടും കേശവന് ആരോടും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് പെങ്ങള്‍ ദേവിയുമായി തല്ലുണ്ടാക്കുമെന്നല്ലാതെ കേശവന്‍ ശാന്തനും ലേശം അമാന്തക്കാരനും നിര്‍ദ്ദോഷിയുമായിരുന്നു.
ദേവി സ്‌നേഹപൂര്‍വ്വം ‘ഉണ്ണീഷ്ണാ’ ന്നെ വിളിക്കൂ. ദേഷ്യം വരുമ്പോള്‍ ചൊക്കറേ, കൊശവ എന്നെല്ലാം വിളിക്കും. അത് കാര്യം വേറെ. അന്നും കഞ്ഞിക്കു മുന്‍പ് ചില്ലറ കശ പിശ ഉണ്ടായി എന്നുള്ളത് സത്യമാണ്. തെറ്റ് ആരുടെ പക്ഷത്തായാലും മുത്തിയുടെ കൈ കേശവശിരസ്സിനെ ലക്ഷ്യം വെച്ചേ നീങ്ങുകയുള്ളു. എന്തോ കാന്തവും ഇരുമ്പും പോലെ ഒരു അട്ട്രാക്ഷന്‍. അന്നത്തെ ചൊട്ടു കൊണ്ട് മുഴച്ച മൊട്ടത്തല തടവിക്കൊണ്ട് പോയ കേശവനെ കാണാനില്ല എന്ന വാര്‍ത്തയാണ് പിന്നെ കേട്ടത്.
വീട്ടുകാര്‍ കരച്ചിലും പിഴിച്ചിലും നെഞ്ചത്തടിയും നിലവിളിയും തുടങ്ങിയപ്പോഴാണ് തോട്ടശ്ശേരി നിവാസികള്‍ വിവരം അറിയുന്നത്. പിന്നെ ഒറ്റക്കും സംഘം ചേര്‍ന്നും അന്വേഷണം ആയി. ചെക്കന്‍ വല്ല കടുംകൈയും ചെയ്തിരിക്കുമോ എന്ന ശങ്ക എല്ലാവരെയും അലട്ടി. വാട്ടര്‍ വര്‍ക്സിലും ചാമിയാരുടെ തോട്ടത്തിലും എല്ലാം തിരഞ്ഞിട്ടും കേശവന്റെ പൊടിപോലും കിട്ടിയില്ല. ഓട്ടത്തിനിടയില്‍ പാറുക്കുട്ടിമുത്തി വീണു കൈയിന്റെയും കാലിന്റെയും മുട്ട് ചിരകി ചോരപൊടിച്ചു. പടിക്കലെ രാമേട്ട ഇടത്തെ കൈയിന്റെ ചൂണ്ടു വിരലിനും നടുവിരലിനും ഇടയിലെ ഗ്യാപ്പില്‍ കൂടി മുറുക്കി തുപ്പി വളമടയില്‍ മുളങ്കോലിട്ടു കുത്തി തിരച്ചില്‍ തുടങ്ങി.
അപകടം മണത്ത ബപ്പി നായ വയ്യെങ്കിലും കഴിയാവുന്നത്ര ഉച്ചത്തില്‍ കുരച്ചു കൊണ്ടും വാലാട്ടിക്കൊണ്ടും വലംകാല്‍ കൊണ്ട് ഇടയ്ക്കു ചൊറി മാന്തിക്കൊണ്ടും തിരച്ചിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുഞ്ചു മുത്തിയുടെ നാമജപം അന്ന് ആദ്യമായി ശബ്ദരൂപം കൈക്കൊണ്ടു. നാരായണ മാമ ഉച്ചയുറക്കം ഉപേക്ഷിച്ചു. ചെക്കനെ കണ്ടുകിട്ടിയാല്‍ കുറുമ്പ ഭഗവതിക്കൊരു കടും പായസം കഴിക്കാമെന്ന് നേര്‍ന്നു. അച്ഛേമ കിണറ്റില്‍ നിന്നും കുമിള വരുന്നത് കണ്ടു എന്ന് പറഞ്ഞ്, മുങ്ങല്‍ വിദഗ്ദ്ധന്‍ ചീര്‍മ്പനെ വിളിക്കാന്‍ സദാനന്ദനെ തലവട്ടാം പാറക്ക് ഓടിച്ചു. തങ്കോച്ചേമ വേലി ചാടുന്നതിനിടയില്‍ മുണ്ടു കീറി വണ്ണക്കാലില്‍ മുള്ളു കൊണ്ട് ഈശ്വരാ.. ഗുരുവായൂരപ്പാന്നു പറഞ്ഞു കൂക്കി വിളിച്ചു. എന്തിനു പറയുന്നു സിംഹം മുത്തശ്ശന്‍ വരെ ധൈര്യം എവിടന്നൊക്കെയോ ചോര്‍ന്നൊലിക്കുന്നതുപോലെ തോന്നി സ്തബ്ധനായി നോക്കിനിന്നു. പിന്നെ എല്ലാവരും ഒന്ന് രണ്ടു മണിക്കൂര്‍ നേരത്തെ സമഗ്രവും സമ്പൂര്‍ണവുമായ തിരച്ചില്‍ നിര്‍ത്തി വാട്ടര്‍ വര്‍ക്സിനു മുന്‍പില്‍ ഊഹാപോഹങ്ങളുടെ കൊടുമുടി കയറവെ അത് സംഭവിച്ചു.
വീട്ടിലെ കട്ടിലിനടിയില്‍ ദുരുദ്ദേശങ്ങളൊന്നുമില്ലാതെ വെറുതെ കിടന്നുറങ്ങിയ കേശവന്‍ ഉണര്‍ന്നപ്പോള്‍ ആരെയും കാണാതെ ഇതെന്തു കഥ എന്നാലോചിച്ചു കണ്ണും തിരുമ്പി ആള്‍ക്കൂട്ടത്തിലെത്തി. കേശവ ശിരസ്സ് ലക്ഷ്യമാക്കി നീളാന്‍ തുടങ്ങിയ കാവേരിമുത്തിയുടെ വലംകൈ അന്നാദ്യമായി നിഷ്‌ക്രിയമാകുകയും ഉദ്ദിഷ്ട കാര്യത്തില്‍ നിന്നും പിന്‍വാങ്ങുകയും ഉണ്ടായി.
സംഭവം അറിഞ്ഞശേഷം ഡ്രൈവര്‍ ശശി ‘എവെരി സിംഗിള്‍ മിനിറ്റ് മാറ്റേഴ്‌സ്, എവെരി സിംഗിള്‍ ചൈല്‍ഡ് മാറ്റേഴ്‌സ്, എവെരി സിംഗിള്‍ ചൈല്‍ഡ്ഹുഡ് മാറ്റേഴ്‌സ്’ എന്ന് കൈലാഷ് സത്യാര്‍ഥിയെ ഉദ്ധരിച്ചു.

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ