2021 പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്ട്ര വര്‍ഷം

“ചക്കേം മാങ്ങേം മുമ്മൂന്നു മാസം” എന്നൊരു ചൊല്ലു കേട്ടിട്ടില്ലേ?

മൂന്നു മാസം വീതം സുഭിക്ഷമായി ചക്കയും മാങ്ങയും കിട്ടിക്കൊണ്ടിരുന്ന കാലത്തെ ഓര്‍മ്മിപ്പിക്കുന്നു ഇത്. ഈ അവസ്ഥയ്ക്ക് ഇപ്പോള്‍ കുറേ മാറ്റമൊക്കെ വന്നിട്ടുണ്ട് എന്നതു ശരി തന്നെ. കേരളത്തിന്‍റെ സംസ്ഥാന ഫലമാണ് ചക്ക. ഇന്ത്യയുടെ ദേശീയ ഫലമാണ് മാമ്പഴം. ചക്കയും മാങ്ങയും വാഴപ്പഴവും കൈതച്ചക്കയും പേരക്കയും ചാമ്പങ്ങയും ഞാവല്‍പ്പഴവും പപ്പായയും സപ്പോട്ടയുമൊക്കെ പല വീടുകളുടെയും തൊടിയില്‍ കാണുന്നവയാണ്. വിപണിയിലാവട്ടെ പല നാടുകളില്‍ നിന്നും വരുന്ന പഴ വര്‍ഗ്ഗങ്ങളും സുലഭം. വെണ്ട, വഴുതനങ്ങ, ചീര, പയര്‍, വെള്ളരി, കുമ്പളങ്ങ, പാവയ്ക്ക, പീച്ചിങ്ങ, പടവലം, മുരിങ്ങക്കായ, തക്കാളി, കോവക്ക തുടങ്ങിയ പച്ചക്കറികളും നമുക്കേറെ പരിചിതം.

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ പോലും ചെടിച്ചട്ടികളിലും വീടിന്‍റെ മട്ടുപ്പാവിലുമൊക്കെ കൃഷി തുടങ്ങിയിട്ടുണ്ടാവും അല്ലേ? പയര്‍, കടല പോലുള്ള ധാന്യങ്ങള്‍ മുളപ്പിച്ച് ഒന്നോ രണ്ടോ ആഴ്ച വളര്‍ത്തി അതിന്‍റെ ഇല കൊണ്ട് സ്വാദിഷ്ഠമായ തോരന്‍ ഉണ്ടാക്കി കഴിച്ചിട്ടുമുണ്ടാവും. പോഷകങ്ങളുടെ കലവറയാണ് പഴങ്ങളും പച്ചക്കറികളും. ശരിയായ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇവ കഴിക്കേണ്ടത് അത്യാവശ്യമാണ്. 2021 പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് യു.എന്‍. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയാണ് വര്‍ഷാചരണത്തിന് നേതൃത്വം നല്‍കുന്നത്.

പോഷകക്കുറവ് പരിഹരിച്ച് ആരോഗ്യം നിറഞ്ഞ ഒരു ജീവിതം സാധ്യമാക്കുന്നതില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും പങ്കിനെക്കുറിച്ച് ലോകമെങ്ങുമുള്ള ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്നത് വര്‍ഷാചരണത്തിന്‍റെ ഒരു പ്രധാന ലക്ഷ്യമാണ്. നാരുകളും ജീവകങ്ങളും വിവിധ ധാതുക്കളുമൊക്കെ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണ ശീലങ്ങളുടെ ഒരു ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഒരാളുടെ നിത്യേനയുള്ള ഭക്ഷണത്തില്‍ 400 ഗ്രാം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ലോകത്ത് ജനങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കുമ്പോള്‍ പോഷകാഹാരക്കുറവു മൂലം കഷ്ടപ്പെടുന്ന വലിയൊരു വിഭാഗമുണ്ട് എന്നത് വേദനിപ്പിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. കാര്‍ഷിക രംഗത്ത് സുസ്ഥിരത കൈവരിക്കാനായാലേ ലോകത്തിന്‍റെ വിശപ്പും പോഷകക്കുറവും മാറ്റാനും ഭക്ഷ്യസുരക്ഷ യാഥാര്‍ഥ്യമാക്കാനും സാധിക്കുകയുള്ളൂ.

കാര്‍ഷിക സുസ്ഥിരത കൈവരിക്കാന്‍ നൂതന ആശയങ്ങളും സാങ്കേതിക വിദ്യയുടെ സഹായവുമൊക്കെ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കോവിഡ്-19 മഹാമാരി ലോകത്തെ നിശ്ചലമാക്കുന്ന കാഴ്ചയാണ് മാസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇത് കാര്‍ഷിക രംഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ആഗോളതാപനവും ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങളും ജലക്ഷാമവും കൃഷിഭൂമിയുടെ വിസ്തൃതി കുറയലുമൊക്കെ പഴം, പച്ചക്കറി കൃഷി രംഗം നേരിടുന്ന വലിയ ഭീഷണികളാണ്. പഴം, പച്ചക്കറി ഉല്പാദനം, അവയുടെ വിതരണം, സംഭരണം തുടങ്ങിയ മേഖലകളില്‍ ഇനിയും ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഈ വര്‍ഷാചരണം ഓര്‍മ്മിപ്പിക്കുന്നു. വിളവെടുപ്പിനും വിതരണത്തിനും ഉപയോഗത്തിനും ഇടയില്‍ വലിയ തോതില്‍ പാഴായിപ്പോവുന്ന പഴങ്ങളും പച്ചക്കറികളും വലിയൊരു പ്രശ്നം തന്നെയാണ്. ഇതു കുറയ്ക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കും വിരല്‍ചൂണ്ടുന്നുണ്ട് പഴം-പച്ചക്കറി വര്‍ഷാചരണം.

ഭക്ഷ്യവസ്തുക്കളുടെ പാഴാകലും ഭക്ഷ്യ മാലിന്യ പ്രശ്നവും കുറയ്ക്കേണ്ടത് പല കാരണങ്ങള്‍ കൊണ്ടും അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളുമൊക്കെ പാഴായിപ്പോവുന്നത് തടയാന്‍ കഴിഞ്ഞാല്‍ അത് ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകും. ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചാലാവട്ടെ അത് ജീര്‍ണ്ണിക്കുമ്പോള്‍ പുറത്തു വരുന്ന മീഥേന്‍ പോലുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ കഴിയും. വികസ്വര രാജ്യങ്ങളില്‍ വിളവെടുപ്പിനും വിതരണത്തിനും ഇടയില്‍ അമ്പതു ശതമാനത്തോളം പഴങ്ങളും പച്ചക്കറികളും പാഴായിപ്പോവുന്നുവെന്ന് ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും സുരക്ഷയും ഗുണമേന്മയും ഉറപ്പുവരുത്തിക്കൊണ്ടുതന്നെ അവ ഏറെ നാള്‍ കേടാവാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന നൂതന
വിദ്യകള്‍ ഏറെ അത്യാവശ്യമാണ്.

ലോകമെങ്ങുമുള്ള രാജ്യങ്ങളില്‍ പഴം, പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കേണ്ടതും കാര്‍ഷിക മേഖലയ്ക്ക് കരുത്തു പകരേണ്ടതും ചെറുകിട കര്‍ഷകര്‍ക്ക് പ്രോല്‍സാഹനം നല്‍കേണ്ടതും കാലത്തിന്‍റെ ആവശ്യമാണ്. കുടുംബ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതും ഏറെ അത്യാവശ്യമാണ്. കുടുംബകൃഷിയുടെ പ്രാധാന്യം ലോകമെങ്ങും എത്തിക്കാന്‍ 2019 മുതല്‍ 2018 വരെ യു.എന്‍ കുടുംബ കൃഷി ദശാബ്ദമായിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതു പോലെ 2016 മുതല്‍ 2025 വരെ പോഷകാഹാരത്തിന്‍റെ പ്രാധാന്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദശാബ്ദമായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയ്ക്കൊക്കെ കരുത്തു പകരാന്‍ കൂടിയാണ് 2021 പഴങ്ങളുടെയും പച്ചക്കറികളുടെയും അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. തൊടിയില്‍ കുറച്ചു പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളുമൊക്കെ നട്ടുവളര്‍ത്തി നമുക്കും അന്താരാഷ്ട്ര പഴം, പച്ചക്കറി വര്‍ഷാചരണത്തില്‍ പങ്കു ചേരാം. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കും കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്കും ചെടിച്ചട്ടികളിലും മട്ടുപ്പാവിലുമൊക്കെ ചെറിയ തോതില്‍ ഇവ നട്ടുവളര്‍ത്താവുന്നതേയുള്ളൂ.

സീമ ശ്രീലയം അധ്യാപിക, ശാസ്ത്ര എഴുത്തുകാരി

0 Comments

Leave a Comment

FOLLOW US