കാട് കിളിർക്കുന്ന വിധം

“ഹൊ! ചുട്ടു പൊള്ളിയിട്ടു വയ്യ”.

കുട്ടൂസ് തല മണ്ണിലേക്കു തന്നെ പൂഴ്ത്തി. മാസങ്ങളായി ഒരു പച്ചപ്പു കണ്ടിട്ട്. ഈ കാട്ടുതീ എന്നണയുമോ എന്തോ! എങ്ങോട്ടു നോക്കിയാലും പുക മാത്രം. മരങ്ങളും, മൃഗങ്ങളും, മണ്ണുമൊക്കെ കത്തി എരിഞ്ഞ മണം.

പുറത്ത് എന്തൊക്കെയോ ബഹളങ്ങൾ നടക്കുന്നുണ്ട്. അവന് ശ്വാസം മുട്ടി.

” കൂട്ടൂസേ… വാ… നമുക്കൊന്ന് മുരുക്കിൻ ചോട്ടിൽ പോയി വരാം.” അമ്മ വിരൽ നീട്ടി.

കുരിപ്പയും കൊണ്ടുള്ള പോക്കാണ്. കാക്കത്തൊള്ളായിരം തവണയാണ് ഒരു ദിവസം മുരുക്കിൻ ചോട്ടിലേക്ക് പോകുന്നത്.

“എനിക്ക് പേടിയാ… ഞാനില്ല.” അവൻ മണ്ണിനുള്ളിൽ ചുരുണ്ടു കൂടി.

“ചക്കിക്കുരുവിയുടെ ചിറകടിയൊച്ച ഇടയ്‌ക്കൊന്ന് കേട്ട പോലെ….” അമ്മ പതുക്കെ പറഞ്ഞു.

ചക്കി വന്നിട്ടുണ്ടാവുമോ? നല്ല ചോന്ന മുരുക്കിൻ പൂവിന്റെ ഇതളിനുള്ളിലേക്ക് കൊക്കിറക്കി അവൾ തേനൂറ്റുന്നതു കാണാൻ എന്തു രസമാണ്! ഇടയ്ക്കവൾ എന്നെ നോക്കി ഒരു കണ്ണിറുക്കലുണ്ട്. അപ്പൊ അവളൂറ്റിയ ഒരു തേൻതുള്ളിയുടെ രുചി എന്റെ നാവിൽ തുളുമ്പും.

എത്ര നാളായി അവളെ ഒന്ന് കണ്ടിട്ട്! കുട്ടൂസ് അമ്മയോടൊപ്പം മുകളിലേക്കിഴഞ്ഞു.

വേരിന്റെ പടർപ്പുകളിൽ അവന്റെ മേലുരസി. ഒരു മൺതരിയോളം കുളിരു പോലുമില്ല. തീച്ചൂട് വേരിനെ പോലും പൊള്ളിച്ചിരിക്കുന്നു.

മണ്ണ് കുലുങ്ങുന്നുണ്ടോ?! അവൻ എത്തിനോക്കി.

” ചിന്നൂ, നീ എങ്ങോട്ടാണ് ഇങ്ങിനെ ഭൂമി കുലുക്കി പായുന്നത്?”

” പറഞ്ഞു നിൽക്കാൻ നേരമില്ല കൂട്ടൂസേ…ഇല്ലിക്കാട്ടിലെ കാഞ്ഞിരമരത്തിന്റെ തീയണയ്ക്കാൻ ഒരു നൂറു തുമ്പി വെള്ളം കൂടി മതി.” ഒറ്റശ്വാസത്തിൽ പറഞ്ഞ് ചിന്നുവാന ഒറ്റയോട്ടം.

“ചക്കി എവിടെ”? ചുറ്റും നോക്കി.

“എന്തായാലും വന്നില്ലേ? ഇനി കുരിപ്പയിട്ടിട്ടു പോകാം”. അമ്മ പറഞ്ഞു.

“ഹും..ഈയമ്മയ്ക്ക് ഇതു മാത്രമേ ചിന്തയുള്ളൂ.”

മനസ്സില്ലാമനസ്സോടെ വെന്തു കിടന്ന ഒരു പച്ചിലയുടെ മറവിൽ അവൻ കുരിപ്പയിട്ടു .

പെട്ടെന്ന് ഒരു ഇലയിളക്കം.

” തങ്കിയമ്മേ… നീയിതെങ്ങോട്ടാ?”

സഞ്ചിയിൽ എന്തോ നിറഞ്ഞു തുളുമ്പുന്നുണ്ട്. രണ്ടു വശവും ചേർത്ത് പിടിച്ചാണ് കംഗാരുപെണ്ണിന്റെ ചാട്ടം. എത്ര ദൂരത്തിലാണ് അവൾക്ക് ചാടാൻ കഴിയുന്നത്!”

“പതിനൊന്നാമത്തെ സഞ്ചി വെള്ളമാ കൂട്ടൂസേ… നമ്മുടെ കള്ളിപ്പാലയിലെ കനൽ ഇതോടെ കെടും.” ഒറ്റക്കുതിപ്പിൽ ഒരു മുരിക്കിൻ ദൂരം ചാടി അവൾ പറഞ്ഞു.

ഒരിളം കാറ്റ്, തലയ്ക്കു മീതെ. അതെ… ചക്കിയാണ്. കരിഞ്ഞു തുടങ്ങിയ മുരിക്കിൻ ചില്ലയിൽ ഇരുന്ന് അവൾ കൊക്കിലെ വെള്ളം തുള്ളി തുള്ളിയായി വേരിലേക്ക് ഇറ്റിച്ചു.

” നിൽക്കാൻ സമയമില്ല കൂട്ടൂസേ.. പോയി കൊക്കു നിറയ്ക്കട്ടെ”.
അവൾ ചിറകടിച്ചു.

ഒന്നും മിണ്ടാതെ കുട്ടൂസ് മണ്ണിനുള്ളിലേക്ക് ഇഴഞ്ഞിറങ്ങി.

“എന്തു പറ്റി കൂട്ടൂസേ…?” അവന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് അമ്മ ചോദിച്ചു.

“ഞാനെങ്ങനെ വെള്ളമെടുക്കും?! എങ്ങിനെ തീയണയ്ക്കും?! എന്റെ കാടിന് വേണ്ടി എനിക്കൊന്നും ചെയ്യാൻ കഴിയില്ല. എനിക്കു മാത്രം ഒരു കഴിവുമില്ല”.
അവൻ പൊട്ടിക്കരഞ്ഞു.

അമ്മ അവനെ ചേർത്തു പിടിച്ചു.

“കൂട്ടൂ… നിനക്കറിയുമോ… നീ ചെയ്യുന്നത് നമ്മുടെ കാടിന്റെ വീണ്ടെടുക്കലാണ്. നീയിടുന്ന കുരിപ്പകളുടെ തണുപ്പിലാണ് പുതിയ വിത്തുകൾ മുളച്ചു പൊങ്ങുന്നത്. പുറമേ കരിഞ്ഞ മണ്ണിലേക്ക് നനവ് നിറയ്ക്കാൻ നമ്മൾ ഞാഞ്ഞൂലുകൾക്കാണ് കഴിയുക. ആ നനവിലാണ് പുതിയ കാട് കിളിർക്കുക!”

അതു കേട്ട് അവന്റെ കണ്ണുകൾ വിടർന്നു.

” ഓരോ ജീവിയ്ക്കും ഓരോരോ കഴിവുകളുണ്ട്. ഓരോരുത്തരും അത് സ്വയം തിരിച്ചറിഞ്ഞ് ഉപയോഗിക്കണം.”

അമ്മ പറഞ്ഞു തീരും മുന്നേ കൂട്ടൂസ് മുകളിലേക്കിഴഞ്ഞു…. പുതിയ കാടു കിളിർത്താൻ …..!

 

വാണി പ്രശാന്ത്

0 Comments

Leave a Comment

FOLLOW US