കവിത രചിച്ചു പഠിക്കാം – കവിയും സഹൃദയനും

(കേൾക്കുവാനായി താഴെ ക്ലിക്ക് ചെയ്യുക)

 

വിയെക്കുറിച്ചാണ് കഴിഞ്ഞ തവണ നാം ചിന്തിച്ചത്. കവിക്കുണ്ടാകേണ്ട ഗുണഗണങ്ങൾ പരിശോധിച്ചു. കവിയോടൊപ്പം പരിഗണിക്കേണ്ട മറ്റൊരാളുണ്ട്. അതാണ് സഹൃദയൻ. സഹൃദയനില്ലെങ്കിൽ കവിയില്ല. ആരാണ് സഹൃദയൻ. എന്താണ് സഹൃദയന്റെ ലക്ഷണങ്ങൾ. ഒരു വസ്തുവിനു സൗന്ദര്യമുണ്ടാകുന്നത് ആസ്വാദകൻ അത് ആസ്വദിക്കുമ്പോഴാണ്. ഒരാൾ അണിഞ്ഞൊരുങ്ങുന്നതു പോലും മറ്റൊരാൾ കാണുന്നതിനു വേണ്ടിയാണ്. കാണാനാളില്ലെങ്കിൽ ചമയത്തിനെന്തു പ്രസക്തി.
 
കണ്ടു കണ്ടാണ് കടലിത്ര വലുതായത്, എന്നു പറയുന്നതു പോലെ താജ് മഹലിന് ഇത്രയും സൗന്ദര്യം കിട്ടിയത് സന്ദർശകരുടെ ആധിക്യം കൊണ്ടാകാം. ഒരു കൃതിക്ക് മേന്മയുണ്ടാകുന്നത് വായനക്കാരന്റെ അഭിപ്രായം പരിഗണിച്ചാണ്. ഒരാളും വായിക്കാൻ ഇഷ്ടപ്പെടാത്ത ഒരു കൃതി എങ്ങനെ നല്ലൊരു കൃതിയാകും. അതേസമയം വളരെയധികം പേർ വായിച്ചതു കൊണ്ടു മാത്രം ഒരു കൃതി മേന്മയുള്ളതാകുമോ. വായിക്കുന്ന ആൾ എങ്ങനെയുള്ള ആളെന്നു കൂടി പരിഗണിക്കുന്നതു നന്നായിരിക്കും.

പൊന്ന് മിന്നുന്നതാണെങ്കിലും മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറയുന്നതു പോലെ എല്ലാ കൃതികളും നല്ലതാവണമെന്നില്ല. ഒരു രത്നവ്യാപാരിക്ക് കാണുമ്പോഴേക്കും ശരിയായ രത്നത്തെ തിരിച്ചറിയാനാകും. അതുപോലെ ഒരു കവിത വായിച്ചാൽ ഒരു നല്ല വായനക്കാരന് അതു മികച്ചതാണോയെന്ന് പെട്ടെന്നു പറയാൻ സാധിക്കും. അതൊരു വൈദദ്ധ്യം കൂടിയാണ്. ആ നൈപുണ്യമുള്ള വായനക്കാരനെ സഹൃദയൻ എന്നു വിളിക്കാം.
 
സഹൃദയൻ എന്ന വാക്കിനർത്ഥം സമാന ഹൃദയമുള്ളവൻ എന്നാണ്. ആർക്കു സമാനമായ ഹൃദയം എന്നാണ് അടുത്ത ചോദ്യം. കവിക്കു സമാനമായ ഹൃദയം എന്നാണതിന് ഉത്തരം. കവി ഒരു കവിത എഴുതുമ്പോൾ അനുഭവിക്കുന്ന വികാരവിചാരങ്ങളും അനുഭൂതി തലങ്ങളും വായിക്കുന്ന വേളയിൽ ആർക്കാണോ ലഭിക്കുന്നത് അയാളാണ് യഥാർത്ഥ സഹൃദയൻ.
 
ഒരു കാര്യം നമ്മൾ എങ്ങനെ അനുഭവിക്കുമോ ആ മട്ടിൽ തന്നെ അനുഭവിക്കാൻ ശേഷിയുള്ളവൻ ആണ് സഹൃദയൻ എന്നൊരു നിർവചനമുണ്ട്. സൗന്ദര്യം ആസ്വദിക്കാൻ മനസ്സുകൊണ്ട് തയ്യാറെടുപ്പു വേണം. സ്ഥലകാല പരിമിതികളെ വിസ്മരിക്കേണ്ടിവരും. വർണിക്കപ്പെടുന്ന വൈകാരിക പ്രപഞ്ചത്തിലേക്ക് ഇറങ്ങി മുങ്ങേണ്ടിവരും.
 
കവിത വായിച്ച് വായിച്ച് ഒരു പരിചയം നേടിയ ആളാണ് സഹൃദയൻ. അതിനെ കാവ്യ സംസ്കാരമെന്നു വിളിക്കാം. അങ്ങനെയുള്ള ഒരാളുടെ അഭിപ്രായമാണ് കവിതയുടെ മൂല്യം നിശ്ചയിക്കുന്നത്. കവിതയിൽ നിന്ന് ആസ്വാദകൻ എന്താണ് പ്രതീക്ഷിക്കുന്നത്. അത് ആസ്വാദനത്തിന് കാരണമാകുന്നുണ്ട്. കവിത ഭാഷ കൊണ്ടുള്ള ഒരു വിദഗ്ദ്ധന്റെ ലീലയാണെന്നു പറയാം.
 
കവിത ചിലപ്പോൾ കഥ പറയും. പ്രസ്താവന ചെയ്യും. ആശയം അവതരിപ്പിക്കും. ചിലപ്പോൾ ഒരു ഭാവത്തിലേക്കു നയിക്കും. ഇതിൽ ഏതെങ്കിലും ഒന്നു മാത്രമേ ആകാവൂ എന്ന് ആസ്വാദകൻ ശഠിക്കുകയുമരുത്. കവിതയിൽ തത്ത്വചിന്തയുണ്ടോ, വിപ്ലവത്തിന്റെ തീപ്പൊരിയുണ്ടോ എന്നൊന്നുമല്ല ഒരു നല്ല സഹൃദയൻ പരിശോധിക്കുന്നത്.
 
കവിതയിൽ കവിതയുണ്ടോ എന്നു തിരക്കുന്നവനാണ് സഹൃദയൻ. കവിത ആസ്വദിച്ച് ശീലമുള്ള പരിപക്വമായ മനസ്സാണ് സഹൃദയന് ഉള്ളത്. ആ മനസ്സിൽ സുഖദുഃഖങ്ങളും വിചാരവികാരങ്ങളും ഉളവാക്കാൻ ഒരു നല്ല കാവ്യത്തിന് കഴിയും. നല്ല സഹൃദയനാണ് നല്ല നിരൂപകനും നല്ല വിമർശകനുമായി മാറുന്നത്. കവി പ്രതിഭാശാലിയാണ്.
 
സഹൃദയനും പ്രതിഭാശാലിയാണ്. കവിയിൽ ഒരു സഹൃദയൻ ഉണർന്നിരിക്കുന്നു. എഴുതിയ കവിത ആദ്യം ആസ്വദിക്കുന്നതും വിലയിരുത്തുന്നതും ആ സഹൃദയനാണ്. അവിടെ നിന്നുള്ള അംഗീകാരം കിട്ടിയതിനു ശേഷമേ ഒരു നല്ല കവി മറ്റുള്ളവർക്ക് സ്വന്തം കവിത കൈമാറുകയുള്ളു. ഇങ്ങനെ വരുമ്പോൾ നമുക്കു പറയാം. 

ഒരു നല്ല കവി തീർച്ചയായും ഒരു നല്ല സഹൃദയനാണ്.
ഒരു നല്ല സഹൃദയൻ ഉറപ്പായും ഒരു കവി കൂടിയാണ്.

എടപ്പാൾ സി.സുബ്രഹ്മണ്യൻ

0 Comments

Leave a Comment

FOLLOW US