ചരിത്രത്തിൻെറ ഒപ്പം നടന്ന വർഷം

കുറെ നേരമായി ടീച്ചറമ്മ എന്തോ ആലോചനയിലാണ്. നിധിനും നിധികയും വന്നത് അറിഞ്ഞിട്ടേയില്ല. ടീച്ചറമ്മയെ അലേസരപ്പെടുത്തേണ്ട എന്നു കരുതി ഇരുവരും നിശബ്ദരായി ഇരുന്നു. കസേരയിൽ ചാരികിടക്കുകയാണ് ടീച്ചറമ്മ. കണ്ണുകൾ അടച്ചിരുന്നു. കൈകൾ കസേരയിൽ അലക്ഷ്യമായി കിടന്നു. ശാന്തത കളിയാടുന്ന മുഖം പക്ഷേ ഉറങ്ങുകയല്ല എന്തോ ആലോചനയിലാണെന്ന് കണ്ടാലറിയാം. നിധിൻ ഒന്ന് തുമ്മി. ശബ്ദം കേട്ട് ടീച്ചറമ്മ കൺതുറന്നു. സാവധാനം തലയുയർത്തി മുഖത്ത് ഒരു ചിരി വിടർന്നു.

വന്നിട്ട് കുറേ നേരമായോ?
ടീച്ചറമ്മ എന്തോ ആലോചനയിലാണല്ലോ?
മറുപടിയായി നിധിക മറ്റൊരു ചോദ്യം ഉയർത്തി.
ഉംം… എന്ന് മൂളികൊണ്ട് ടീച്ചറമ്മ ഒന്നു കൂടി നിവർന്നിരുന്നു. ഡിസംബര്‍ മാസമായില്ലേ? 2020 ഡിസംബര്‍. ഈ വർഷത്തിൻെറ പ്രാധാന്യം അറിയുമോ? എല്ലാ വർഷവും ചരിത്രമാണ്. എന്നാൽ ചില വർഷങ്ങൾ ലോക ചരിത്രത്തിൽ പ്രാധാന്യത്തോടെ അറിയപ്പെടും. ചരിത്ര പ്രാധാന്യമുള്ള വർഷം. ആ ഗണത്തിലേക്കാണ് 2020 ഉൾപ്പെടുന്നത്.

പല വർഷങ്ങളുടെയും പ്രാധാന്യം വളരെ കാലങ്ങൾക്കു ശേഷമാണ് തിരിച്ചറിയുന്നത്. 1914 ൽ യുദ്ധം ആരംഭിക്കുമ്പോൾ അതിന് ഒന്നാം ലോക മഹായുദ്ധമെന്ന് പേരുവരുമെന്നും ലോകചരിത്രത്തിൽ പ്രധാനപ്പെട്ടതാവുമെന്നും കരുതിയിട്ടുണ്ടാവില്ല. ഇന്ത്യയുടെ ചരിത്രത്തെ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ശേഷം എന്നിങ്ങനെ വേർതിരിച്ച് പറയാറുണ്ട്. 1947 ന് മുമ്പ് ശേഷം എന്ന രീതിയിൽ. ഓരോ രാജ്യത്തിനും ഇതുപോലെ പറയാൻ ചില വർഷങ്ങൾ ഉണ്ടാവും. ലോകം മുഴുവൻ ചരിത്രത്തെ വേർത്തിരിക്കാൻ ഉപയോഗിക്കുന്ന ഒരു നാഴികകല്ല് വർഷമായി ഉപയോഗിക്കുന്നതാണല്ലോ കോമൺ ഇറ. നാം കോമൺ ഇറക്കു മുമ്പ് ശേഷം എന്ന് ചരിത്രത്തെ വിഭജിക്കുന്നു. കുറച്ചു കാലം കഴിഞ്ഞാൽ ആധുനിക ചരിത്രത്തെ വേർത്തിരിക്കുന്നതിന് ഉപയോഗിക്കുന്ന പല മാനദണ്ഡങ്ങളിൽ ഒന്ന് കോവിഡ്19 ന് മുമ്പ് ശേഷം എന്നാവാൻ ഇടയുണ്ടെന്നാണ് പല പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്‍ഞരും പറയുന്നത്. സാപിയൻസ് എന്ന പുസ്തകത്തിൻെറ രചനയിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ യുവാൽ നോവ ഹരാരി അതിൽ ഒരാളാണ്. ടീച്ചറമ്മ ഒരാവേശത്തിൽ പറഞ്ഞുകൊണ്ടിരുന്നു. കുട്ടികൾ ശ്രദ്ധാപൂർവം കേട്ടുമിരുന്നു. 65 വർഷത്തെ എൻെറ ജീവിതത്തിനിടക്ക് ഇത്രയും പ്രധാനപ്പെട്ട വർഷം തിരിച്ചറിയുന്നത് ആദ്യമായാണ്.

എന്താ ഈ വർഷത്തിന് ഇത്രയും പ്രാധാന്യം ഉണ്ടെന്നു പറയാൻ കാരണം? നിധിക കുറേ നേരമായി കടിച്ച് പിടിച്ച ചോദ്യത്തെ തുറന്നു വിട്ടു. ലോകത്തെ ഏതൊരു പ്രധാന സംഭവം എടുത്താലും അത് വിവിധ രാജ്യങ്ങളെ ബാധിച്ചിട്ടുള്ളത് ഒരു പോലെ ആയിരിക്കില്ല. 1939 – 45 ൽ നടന്ന രണ്ടാം ലോക മഹായുദ്ധം ജർമ്മനിയെ ബാധിച്ച പോലെ ആവില്ല മറ്റു രാജ്യങ്ങളെ ബാധിച്ചിട്ടുണ്ടാവുക. എന്നാൽ കോവിഡ് 19 ചലനം സൃഷ്ടിക്കാത്ത ഒരു രാജ്യവും ഭൂമുഖത്ത് ഉണ്ടാവാനിടയില്ല. മാത്രമല്ല മാസ്ക്, സോപ്പ്, സോഷ്യൽ ഡിസ്റ്റൻസ് എന്നത് ലോകം മുഴുവനും ഒരു പോലെ പ്രതിഫലിച്ച മുദ്രാവാക്യവുമാണ്. കോവിഡ്19 നെ കുറിച്ച് കേൾക്കാത്ത, ചർച്ച ചെയ്യാത്ത ഏതെങ്കിലും രാജ്യം ഉണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല അത് ജനങ്ങളിലുണ്ടാക്കിയ പ്രതിഫലനങ്ങൾ ഏകദേശം ഒരുപോലെയാണ്. അതുകൊണ്ടാണ് പറയുന്നത് കുറച്ചു കാലത്തിനു ശേഷം ലോക ചരിത്രം കോവിഡ്19 ന് മുമ്പ് ശേഷം എന്ന രീതിലാവും വിയിരുത്തുകയെന്ന്.

നിങ്ങൾ കുട്ടികൾക്കിത് തിരിച്ചറിയാൻ എളുപ്പമല്ല. അതുകൊണ്ട് നമുക്കൊരു പ്രവർത്തനം ചെയ്തു നോക്കാം. 2020 വർഷം നിങ്ങളുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കി എന്ന ഒരാലോചന നടത്താം. പെട്ടെന്ന് നിധിൻ പറഞ്ഞു ഒറ്റ വാക്കിൽ പറ‍ഞ്ഞാൽ ഒന്നും നടന്നില്ല എന്നാണ് ഉത്തരം. മറ്റു രണ്ടു പേരും അല്പ സമയം നിശബ്ദരായി. ടീച്ചറമ്മ വീണ്ടും പറഞ്ഞു തുടങ്ങി.

കഴിഞ്ഞ വർഷവും ഈ വർഷവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇതു വരെ നിങ്ങൾ കടന്നു വന്നതു പോലെ ആയിരുന്നോ 2020 ? ആ മാറ്റം നിങ്ങൾക്കു മാത്രം ഉള്ളതല്ല. ലോകത്തിലെ മിക്കവാറും കുട്ടികൾക്ക് സമാനമായ അവസ്ഥ ഉണ്ടായിരിക്കാനും ഇടയുണ്ട്. എന്നാൽ ഈ കെട്ടകാലത്തിനിടക്കും നിങ്ങൾ പലതും പഠിച്ചിട്ടുണ്ടാവും. തീർച്ചയായും എന്നു പറഞ്ഞു കൊണ്ട് നിധിക തുടങ്ങി വെച്ചു.
ഒറ്റക്കിരിക്കാൻ പഠിച്ചു, വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ദിവസങ്ങളോളം അടങ്ങിയിരിക്കാൻ…
അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ നിധിൻ കൂട്ടി ചേർത്തു.
പുതിയ കുറെ പുസ്തകങ്ങൾ വായിച്ചു, പാചകം ചെയ്യാൻ…
ടീച്ചറമ്മ അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു. ധാരാളം പറയാനുണ്ടെന്ന് അറിയാം. നല്ല വണ്ണം ആലോചിക്കുക. അതെല്ലാം ചേർത്ത് വിശദമായ കുറിപ്പ് തയ്യാറാക്കൂ. അടുത്ത ആഴ്ചയിൽ വരുമ്പോൾ നമുക്കതിനെ കുറിച്ച് ചർച്ച ചെയ്യാം.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ

0 Comments

Leave a Comment

FOLLOW US