ജീവിതം തന്നെ പുസ്തകം

“ഞാൻ നല്ലൊരു അധ്യാപികയാണ്.” മായ ആഞ്ജലു തന്റെ തൊഴിൽ മികവിനെക്കുറിച്ച് പറയുന്നു.
“എന്റെ സന്ദേശം ശ്രോതാക്കളിലേക്കെത്തിക്കാൻ എന്തുമാർഗ്ഗവും ഞാൻ കൈക്കൊള്ളും. ചിലപ്പോൾ പാട്ടുപാടിയെന്നിരിക്കും. ക്ലാസ് തുടങ്ങുന്നതിന് വളരെ മുൻപ് തന്നെ വിദ്യാർഥികൾ ഹാജരാകും. ഒരു മനുഷ്യന് സ്വയം വിദ്യാഭ്യാസമാർജ്ജിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുകയാണ് ഒരു അധ്യാപകന്റെ/അധ്യാപികയുടെ ദൗത്യം.”

മായ ആഞ്ജലു അധ്യാപന ജോലിക്ക് നിർവചനം നൽകുന്നതിങ്ങനെ: “ഏറ്റവും മികച്ച അധ്യാപകൻ ഒരു മനുഷ്യനെ ഉണർത്തുന്നു , കുലുക്കി ഉണർത്തി ബോധവാനാക്കുന്നു, അവനെ വിശപ്പുള്ള വനാക്കുന്നു.”

മായ ആഞ്ജലു

ഗൗരവപൂർണ്ണമായ വിഷയങ്ങൾ എഴുതുവാൻ മായയ്ക്ക് സാധിക്കുമെങ്കിലും അവർ ഒട്ടും ഗൗരവം പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന കൂട്ടത്തിൽ അല്ല. ഒരിക്കൽ ഒരു അഭിമുഖത്തിൽ ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അവളെ എന്ത് പഠിപ്പിക്കുമായിരുന്നു എന്ന അഭിമുഖകാരിയുടെ ചോദ്യത്തിന് ഒരിക്കലും പരാജയപ്പെടാൻ പാടില്ല എന്ന സിദ്ധാന്തം പഠിപ്പിക്കുന്നതോടൊപ്പം എന്തു കാര്യത്തിനേയും ചിരിച്ചുകൊണ്ട് നേരിടുവാൻ താനവളെ പരിശീലിപ്പിക്കും എന്നാണ് പ്രതികരിച്ചത്. ഏറ്റവും നിസ്സാരമായ കാര്യം മുതൽ ഏറ്റവും ഗൗരവമുള്ള കാര്യംവരെ പൊട്ടിച്ചിരിച്ചുകൊണ്ട് സ്വീകരിക്കണമെന്ന് മായ അഭിപ്രായപ്പെടുന്നു. ജീവിതത്തെ ശക്തിയായി സ്നേഹിക്കുവാനായിരിക്കും താൻ അവളെ പഠിപ്പിക്കുകയെന്ന് മായ അർഥശങ്കയില്ലാത്തവിധം വ്യക്തമാക്കി.

മായ ആഞ്ജലുവിന്റെ ജീവിതത്തിനുള്ള വൈവിധ്യമാർന്ന മുഖങ്ങൾ ആർക്കും അധികം പരിചിതമല്ലാത്തവയാണ്. ഗായിക, സംഗീത സംവിധായിക, നർത്തകി, അഭിനേത്രി, പൗരാവകാശ പ്രവർത്തക, പത്രപ്രവർത്തക, ടെലിവിഷൻ തിരക്കഥാകൃത്ത്, സംവിധായക, ചരിത്രകാരി, കവി എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ബഹുമുഖ പ്രതിഭയാണ് മായാ ആഞ്ജലു. ലോകമെമ്പാടുമുള്ള നിരവധി സർവകലാശാലകളിൽ അവർ മികച്ച പ്രഭാഷണങ്ങൾ നടത്തി. പ്രശസ്തമായ ടോക്ക് ഷോ(Talk Show)കളിൽ അതിഥിയായി പങ്കെടുത്തു.

കൂട്ടിലടയ്ക്കപ്പെട്ട കിളി പാടുന്നതെന്തിനെന്ന് എനിക്കറിയാം – I Know Why the Caged Bird Sings- എന്ന ആത്മകഥയുടെ ആദ്യഭാഗം ലോകത്തിലെ എല്ലാ കറുത്തവർഗക്കാർക്കും വേണ്ടിയുള്ള അനുഭവസാക്ഷ്യമാണ്. 41-ാം വയസ്സിൽ ആത്മകഥയുടെ ആദ്യഭാഗം എഴുതുകയും തുടർന്ന് ഘട്ടം ഘട്ടമായി 7 ഭാഗം പ്രസിദ്ധപ്പെടുത്തി ലോകോത്തര സൃഷ്ടികളിലിടം നേടുകയും ചെയ്ത മായാ ആഞ്ജലുവിന്റെ ആത്മകഥയ്ക്ക് “കൂട്ടിലടയ്ക്കപ്പെട്ട കിളി പാടുന്നതെന്തിനെന്ന് എനിക്കറിയാം”എന്ന പേര് കണ്ടെടുത്തതെവിടെനിന്നെന്നോ? 34 വർഷം മാത്രം ജീവിച്ച ആഫ്രിക്കനമേരിക്കൻ വംശജനായ ആദ്യത്തെ കവി പോൾ ലോറൻസ് ഡൺബാർ രചിച്ച സിംപതി എന്ന കവിതയിൽ നിന്നാണ്. ചെറുപ്പം മുതലേ ഡൺബാറിന്റെ കവിതകളിലൂടെ വളർന്ന മായ ഈ തലക്കെട്ടിലൂടെ പറയുന്നത് കൂട്ടിലടയ്ക്കപ്പെട്ട കിളിയെക്കുറിച്ചല്ല, മറിച്ച് അത് ‘പാടുന്നു’ എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്.

“എന്റെ ജീവിതവും രചനകളുമെല്ലാം അതിജീവനത്തെക്കുറിച്ചാണ് പറയുന്നത്. നിരവധി പരാജയങ്ങളെ നമ്മൾക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പക്ഷേ, തോൽപ്പിക്കപ്പെടാൻ പാടില്ല എന്നു പറയുവാനാണ് എന്റെ രചനകൾ കൊണ്ട് ശ്രമിക്കുന്നത് ” എന്ന് മായ മുഖവുരയായി പറയുന്നു.

അമ്മൂമ്മയും അമ്മയും ജീവിതത്തിലെ അവിസ്മരണീയവും ഉത്തേജകാത്മകവുമായ ബിംബങ്ങളാണ് മായാ ആഞ്ജലുവിന്. മകളുടെ പടിപ്പടിയായുള്ള ഉയർച്ചകളിലും പോരാട്ടങ്ങളിലും അമ്മ ഏറെ സന്തുഷ്ടയായിരുന്നു.”നിന്നെപ്രതി ഞാൻ അഭിമാനം കൊള്ളുന്നു,നീ മഹതിയായ ഒരു സ്ത്രീയാണ്” എന്ന് അമ്മ അഭിനന്ദിച്ചത് മായയ്ക്ക് ജീവിതത്തിൽ ലഭിച്ച വിശേഷപ്പെട്ട ബഹുമതിയായി ആത്മകഥയിൽ ചേർത്തിരിക്കുന്നു.

നർത്തകിയായും അഭിനേത്രിയായും ലോകത്തിന്റെ വിവിധയിടങ്ങളിൽ സഞ്ചരിക്കവെയാണ് സാമൂഹിക പ്രവർത്തകയുടെ ഭാവപ്പകർച്ചയിലേക്കെത്തുന്നത്. മാർട്ടിൻ ലൂഥർ കിങ്, മാൽക്കം എക്സ് പിന്നീട് പിന്നീട് ഒബാമവരെയെത്തി നിൽക്കുന്ന സൗഹൃദ ലോകം മായയ്ക്ക് സ്വന്തമായി.

കാബറെ നർത്തകി, മദ്യശാലയിലെ പരിചാരിക, തുടങ്ങീ സാമൂഹികപ്രവർത്തക, ഗായിക, എഴുത്തുകാരി, അഭിനേത്രി എന്നീ നിലകളിലെല്ലാം ജീവിച്ച മായാ ആഞ്ജലു 2014 മെയ് 28 ന് തന്റെ എഴുപത്തി അഞ്ചാം വയസ്സിൽ ലോകത്തോടു വിടപറഞ്ഞു.

മായാ ആഞ്ജലുവിന്റെ ‘ജീവിതത്തിന്റെ കറുത്ത പുസ്തകം’ എന്ന ആത്മകഥ എന്നിലുണർത്തിയ വികാരമാണ് നിങ്ങൾ വായിച്ചത്. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യാപരിക്കുന്നവരുടെ ആത്മകഥകളുടെ മാനസിക സംഘർഷം ഹൃദയത്തെ തൊടുന്ന അവസ്ഥകൾ സംഭവിക്കാറുണ്ട്. അത്തരമൊരു വായനാനുഭവമാണ് മുകളിൽ നമ്മൾ പരിചയപ്പെട്ടത് .

ഇത്തരം അനുഭവസാക്ഷ്യങ്ങൾ രേഖപ്പെടുത്തുന്നതാവട്ടെ ‘പുകമറയ്ക്കപ്പുറം കാണുന്നത്’ എന്ന പാഠഭാഗത്തിലൂടെ ഓരോരുത്തരും ചെയ്യേണ്ടത്.

അതെ, കൂട്ടുകാരെ ഹൃദയസ്പർശിയായ ആത്മകഥകളെക്കുറിച്ച് പൂക്കാലത്തിൽ കുറിക്കുക.

 

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content