രാത്രിമഴയോടു ഞാൻ പറയട്ടെ

സുഗതകുമാരി ടീച്ചറിനെ ടീച്ചറമ്മ എന്നു വിളിക്കാനാണ് എനിക്കിഷ്ടം.
കാരണം എന്റെ അമ്മമ്മയുടെ സാമ്യമുള്ള മുഖവും മുഖഭാവവുമാണ് ടീച്ചറിന്റേത്.
അതുകൊണ്ടാവും ടീച്ചറമ്മയെ ഒരുപാട് തവണയൊന്നും കണ്ടിട്ടില്ല എങ്കിലും എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ പോലെ തോന്നുന്നത്.

ഡിസംബർ 23, 2020 ൽ ടീച്ചറമ്മ നമ്മെ വിട്ടുപിരിഞ്ഞു. ടീച്ചറിനെ ആദ്യമായി ഞാൻ കാണുന്നത് തിരുവനന്തപുരത്തെ പുത്തരികണ്ടം മൈതാനത്ത് വച്ചായിരുന്നു. അന്ന് ദൂരെ മാത്രമുള്ള കാഴ്ച. എനിക്ക് ചെറുപ്പം മുതൽ തന്നെ വളരെ പരിചിതമായിരുന്നു സുഗതകുമാരി ടീച്ചർ എന്ന പേരും ആ മുഖവും. എന്റെ അച്ഛൻ പറഞ്ഞു കേട്ടാണ് ഞാൻ ടീച്ചറിനെകുറിച്ച് കൂടുതൽ അറിയുന്നത്. എന്റെ അച്ഛൻ ഒരു നാടൻപാട്ടുകലാകാരനാണ്. ടീച്ചറുടെ സാന്നിധ്യമുണ്ടായിരുന്ന ചില പരിസ്ഥിതി സംരക്ഷണ സമരങ്ങളിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്.

അവസാനമായി അച്ഛൻ പറഞ്ഞു കേട്ടത് പത്തനംതിട്ട ആറന്മുളയിൽ നടന്ന പരിസ്ഥിതി പ്രവർത്തകരുടെ ഒരു പ്രതിഷേധ സമരത്തെ കുറിച്ചായിരുന്നു. അന്ന് സ്റ്റേജിൽ പാട്ടു പാടുന്ന അച്ഛനെ നോക്കി ഇരിക്കുന്ന ടീച്ചറിനെ ഞാൻ പിന്നീട് ഫോട്ടോയിലും കണ്ടു. മുഖാമുഖങ്ങളിലൂടെയും കവിതകളിലൂടെയുമായിരുന്നു സുഗതകുമാരി ടീച്ചർ എന്ന വ്യക്തിയെ ഞാൻ കൂടുതൽ അടുത്തറിയാൻശ്രമിച്ചത്.

രാത്രിമഴയോടു ഞാൻ
പറയട്ടെ, നിന്‍റെ
ശോകാർദ്രമാം സംഗീത-
മറിയുന്നു ഞാൻ; നിന്‍റെ-
യലിവും അമർത്തുന്ന
രോഷവും, ഇരുട്ടത്തു
വരവും, തനിച്ചുള്ള
തേങ്ങിക്കരച്ചിലും
പുലരിയെത്തുമ്പോൾ
മുഖം തുടച്ചുള്ള നിൻ
ചിരിയും തിടുക്കവും
നാട്യവും ഞാനറിയും;
അറിയുന്നതെന്തുകൊ-
ണ്ടെന്നോ? സഖീ,ഞാനു-
മിതുപോലെ,
രാത്രിമഴപോലെ!

രാത്രിമഴ എന്ന കവിതയിലെ എന്നെ വളരെയധികം സ്പർശിച്ച വരികളാണിവ. എത്രയോ തവണ ഇതു ഞാൻ വായിച്ചു കഴിഞ്ഞു. എന്നാലും ഇപ്പോഴും ഇതെനിക്കു വായിക്കാൻ ഇഷ്ടമാണ്. ടീച്ചറമ്മയുടെ ഇഷ്ടമുള്ള കവിതകൾ വേറെയുമുണ്ട്.

മനുഷ്യനെയും പ്രകൃതിയെയും വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും ഒരുപോലെ സ്നേഹിച്ച കവികൾ മലയാളത്തിൽ വേറെയുണ്ടോ എന്നെനിക്കറിയില്ല. വിഷാദവും നന്മയും പ്രണയവും ഉന്മാദവും പ്രതിഷേധവും ഒക്കെയായി മാറിമാറി വരുന്ന ഭാവതലങ്ങളാണ് ടീച്ചറമ്മയുടെ കവിതകളെ പിന്നെയും പിന്നെയും വായിക്കാൻ തോന്നിപ്പിക്കുന്നത്.

കൃഷ്ണാ “നീയെന്നെയറിയില്ല ” എന്ന കവിത രാത്രി മഴയെ പോലെ ഞാനിഷ്ടപ്പെടുന്ന മറ്റൊരു കവിതയാണ്. ഈ അടുത്തു പ്രസിദ്ധീകരിച്ച മറ്റൊരു കവിതയാണ് മഴ നനഞ്ഞ കുട്ടി. ടീച്ചർ തന്റെ കുട്ടിക്കാലത്ത് എഴുതിയതാണെന്ന പ്രത്യേകതകൂടി ഈ കവിതയ്ക്കുണ്ട്. ഇങ്ങനെ എടുത്തുപറയേണ്ട എത്രയെത്ര കവിതകൾ.

പ്രകൃതിയെ സ്നേഹിച്ച്, മനുഷ്യനെ സ്നേഹിച്ച്, കവിതകൾക്കൊപ്പം നടന്ന ടീച്ചറമ്മയെ പിന്നീട് അടുത്ത് കാണുവാൻ കഴിഞ്ഞില്ല എന്ന ദു:ഖമാണ് എനിക്കിപ്പോഴുള്ളത്. കവിയ്ക്ക് കവിതയും വാക്കുകളും മാത്രമല്ല ജീവിതം എന്നു പഠിപ്പിച്ചുതന്ന മനുഷ്യസ്നേഹി ആയിരുന്നു സുഗതകുമാരി ടീച്ചർ. നന്മയുള്ള മനസ് ആയിരുന്നു അവരുടെ ആയുധവും കരുത്തും.

1985 ൽ ആയിരുന്നു ടീച്ചർ തിരുവനന്തപുരത്ത് ‘അഭയ’എന്ന സ്ഥാപനം ആരംഭിച്ചത്. നിരാലംബരായ കുട്ടികൾക്കും സ്ത്രീകൾക്കും ഒരു അഭയസ്ഥാനം. കഠിനമായ ജീവിതയാഥാർഥ്യങ്ങളും തീവ്രമായ വേദനയും മനസിലേറ്റി വരുന്നവരെ ടീച്ചർ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അവർക്ക് സ്നേഹം നിറഞ്ഞ ഒരു കൂടൊരുക്കി, സമൂഹത്തിൽ തലയുയർത്തി പിടിച്ച് നിൽക്കുവാൻ അവരെ കെല്പുള്ളവരാക്കി.
ഇത്തരം ഘട്ടങ്ങളിൽ മുഖം തിരിക്കുന്നവരാണ് നമ്മളിൽ അധികവും, പക്ഷെ ടീച്ചർ, അവരിലേക്കിറങ്ങിച്ചെന്നു. അനേകം മക്കൾക്ക്‌ അമ്മയായി അഗതികളായ സ്ത്രീകൾക്ക് ആശ്വാസമായി, മാനസികാസ്വാസ്ഥ്യം ബാധിച്ചവർക്ക് ആത്മബലം നൽകി ടീച്ചറമ്മ സമൂഹത്തിന് മാതൃകയായി, സ്ത്രീകൾക്ക് അഭിമാനമായി എന്നും ഓർമിക്കപ്പെടും. വാക്കുകളെ ജീവിതയാഥാർഥ്യങ്ങളിലേക്കിറക്കി വിട്ട്, മനുഷ്യനോടും പ്രകൃതിയോടും ഒരുപോലെ നന്മയും സ്നേഹവും കരുതലും പ്രവൃത്തിയിലൂടെ കാട്ടിതന്ന മഹത് വ്യക്തിത്വത്തിന് പ്രണാമം.

ഗൗരി ജയചന്ദ്രൻ
പ്ലസ് വൺ വിദ്യാർത്ഥിനി
ഗവ: മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ
പട്ടം,തിരുവനന്തപുരം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content