ഭാഷയും സംസ്‌കാരവും

സംസ്‌കാരത്തിന്റെ തായ്‌വേരോടുന്ന മണ്ണാണ് ഭാഷ. ഭാഷ ആര്‍ജ്ജിക്കുക എന്നതിനര്‍ഥം സംസ്‌കാരം കൂടി ആര്‍ജ്ജിക്കുക എന്നതാണ്. മാനവിക മൂല്യങ്ങള്‍, ജനാധിപത്യബോധം എന്നിങ്ങനെയുള്ള വസ്തുതകളില്‍നിന്ന് അറിവുകളും കഴിവുകളും മനോഭാവങ്ങളും സമാഹരിക്കുന്നതിനും അതത് നാടിന്റെ ശ്രേഷ്ഠമായ സാംസ്‌കാരിക ചരിത്ര പാരമ്പര്യത്തെ പുതുതലമുറയ്ക്ക് അനുഭവപ്പെടുത്തുന്നതിനും ഭാഷാപഠനം അനിവാര്യമാകുന്നു.

പുറം കേരളീയര്‍ക്കുള്ള ഭാഷാപഠന പദ്ധതിയാണ് മലയാളം മിഷന്‍ നടപ്പാക്കുന്നത്. മാതൃഭാഷയുടെ ജൈവപരമായ സാംസ്‌കാരിക മൂല്യം, ഗൃഹാതുരത്വം, വൈകാരികത എന്നിവ പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്ന തരത്തില്‍ സാംസ്‌കാരിക വിനിമയമാണ് മലയാളം മിഷന്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ മലയാള ഭാഷാപഠനത്തിന്റെ അടിസ്ഥാനശിലയായി നാം കണക്കാക്കുന്നത് മലയാളത്തിന്റെ സംസ്‌കാരം ലോകമാകെ പടര്‍ത്തുക എന്നുള്ളതാണ്.

നമ്മുടെ നാട്ടിലെ സാംസ്‌കാരിക, സാമൂഹിക സവിശേഷതകളുടെ മലയാളത്തിലുള്ള ഫലപ്രദമായ വിനിമയമാണ് മലയാളം മിഷന്‍ അധ്യാപകരും കുട്ടികളും മലയാളം മിഷന്‍ ഭാരവാഹികളും രക്ഷിതാക്കളും നിര്‍വ്വഹിക്കുന്നത് അഥവാ നിര്‍വ്വഹിക്കേണ്ടത്.
‘ലോകമലയാളി’ എന്ന ചിന്തയും വിശ്വമാനവന്‍ എന്ന കാഴ്ചപ്പാടും പ്രാദേശി സംസ്‌കൃതിയിലെ സമാനതകളും വ്യത്യസ്തതകളും തിരിച്ചറിഞ്ഞുതന്നെ പഠിക്കുന്ന കുട്ടികള്‍ മലയാള ഭാഷയും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നത് അഭിമാനകരമാണ്.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ മനോഹര പുഷ്ങ്ങളുടെ ഇതളുകളിലൂടെ മിഷന്‍ പഠിതാക്കളില്‍ സന്നിവേശിപ്പിക്കുന്നതും മറ്റൊന്നല്ല എന്ന തിരിച്ചറിവ് സര്‍വ്വപ്രധാനമാണ്.

നമ്മുടെ ഭാഷ നമ്മുടെ ജീവനാണ്,
ജീവിതമാണ്, സ്വപ്മാണ്…
സംസ്‌കാരമാണ്…
മലയാളികള്‍ ഉള്ളിടത്തെല്ലാം തന്നെ
അതിനെ നെഞ്ചേറ്റുക…
കരളില്‍ കൊരുക്കുക…
അഭിമാനിക്കുക…

 

എം. സേതുമാധവൻ രജിസ്ട്രാർ, മലയാളം മിഷൻ

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content