(ലഘുനാടകം)
കുറുക്കന്‍ രാജാവായാല്‍…!

“അടുത്ത തിങ്കളാഴ്ച പഠനോത്സവമാണ്. പ്രവര്‍ത്തനങ്ങളില്‍ ഒരിനം നാടകാവതരണമാണ്. നമ്മുടെ ക്ലാസില്‍ ആകെ മുപ്പത്തിയഞ്ചു കുട്ടികളുണ്ട്. നമുക്ക് ഏഴു പേരടങ്ങിയ അഞ്ചു ഗ്രൂപ്പുകളായി മാറാം. ഓരോ സംഘവും പത്ത് – പതിനഞ്ച് മിനിറ്റു ദൈര്‍ഘ്യമുള്ള വ്യത്യസ്ത നാടകങ്ങള്‍ അവതരിപ്പിക്കണം. അതിന് ആദ്യം കഥ വേണം. എത്ര കഥകളാ ഓരോരുത്തരുടെയും മനസ്സില്‍. അതില്‍ ഏതുമാകാം. പിന്നെ നടീനടന്മാര്‍… അവര്‍ക്കു സംഭാഷണം… ആവശ്യത്തിന് വേഷവിധാനങ്ങള്‍… എല്ലാം നിങ്ങള്‍ തന്നെ തീരുമാനിക്കണം.”

ടീച്ചര്‍ പറഞ്ഞുകഴിഞ്ഞതും ഞങ്ങള്‍ക്കുത്സാഹമായി. ഞാന്‍ ഉള്‍പ്പെട്ടത് ഗ്രൂപ്പ് സി യിലായിരുന്നു. ഞങ്ങള്‍ ഏഴുപേര്‍ ഒത്തുകൂടി ചര്‍ച്ചയായി. ഏതു കഥ വേണം?

– മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥയായാലോ?
– തന്യക്കുരങ്ങന്‍ കീലിലൊട്ടി കരിങ്കുരങ്ങായ കഥയോ..?
– ആമയും കുരങ്ങും വാഴ നട്ട….
– ഇതൊന്നും വേണ്ട. എല്ലാറ്റിലും കഥാപാത്രങ്ങള്‍ കുറവാ.
– എങ്കില്‍ കാട്ടിലെ മൃഗങ്ങള്‍ പന്തയം വച്ചതായാലോ?
– പിരിമുറുക്കം പോര.- കുറുക്കന്‍ രാജാവായ കഥ…
– മതിയേ മതി.

അങ്ങനെ കഥയായി കഥാനായകന്‍ കുറുക്കന്‍. പുറമേ, ആന, കടുവ, കുരങ്ങന്‍, മുയല്‍, പട്ടികള്‍ തുടങ്ങി കാട്ടിലെ മൃഗങ്ങള്‍ കഥാപാത്രങ്ങളും. ഞങ്ങള്‍ക്ക് അരങ്ങിലെത്താന്‍ വേണ്ട തരാതരം വാലുകളും മുഖംമൂടികളും ഞങ്ങള്‍ തന്നെ തയാറാക്കി. തുണിയും, നൂലും കാര്‍ഡ്ബോര്‍ഡും ഇത്തിരി ചായവുമുണ്ടെങ്കില്‍ ഏതുരൂപവും തീര്‍ക്കാം. എന്നാല്‍… വരൂ…. ഞങ്ങള്‍ കാണിച്ചുതരാം.
ഇന്ന് പഠനോത്സവമാണ്. ഇതാ ഞങ്ങളുടെ നാടകം തുടങ്ങുകയാണ്. ഈ അരങ്ങിലേക്ക് എല്ലാ കുട്ടികള്‍ക്കും സ്വാഗതം. കുട്ടിത്തമുള്ള മുതിര്‍ന്നവര്‍ക്കും ഒരു പോലെ സ്വാഗതം. 

അരങ്ങ് – ചുറ്റും ഭയന്നു നോക്കിയും വിശന്നു കരഞ്ഞും വരുന്ന കുറുക്കന്‍. 

കുറുക്കന്‍ : വിശന്നിട്ടു വയ്യ. എത്ര നാളായി എന്തെങ്കിലും കഴിച്ചിട്ട്. ഉറങ്ങാനേ നിവൃത്തിയില്ല. എവിടേക്കു തിരിഞ്ഞാലും പട്ടികള്‍ മാത്രം. (മോങ്ങുന്നു. പിന്നില്‍ നിന്നും പട്ടികളുടെ കുര. കുറുക്കന്‍ ഞെട്ടി വിറയ്ക്കുന്നു.) അതാ… അവര്‍ ഇവിടേയുമെത്തി. (ചുറ്റും നോക്കി)  എവിടെയാണ് ഒന്ന് ഒളിക്കുക. (മൂലയിലിരിക്കുന്ന തൊട്ടികണ്ട്) ഇതാ… ഇതില്‍ കയറി ഒളിക്കാം. (ഒളിക്കുന്നു)

പട്ടി (ഒന്ന്) : ഭൗ… ഭൗ… ഇത്തവണ ആ കള്ളക്കുറുക്കനെ ശരിക്കും പിടിക്കാമായിരുന്നു. 
പട്ടി (രണ്ട്) : അടുത്തെവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാകും. (പട്ടികള്‍ മറവിലും കുഴിയിലും നോക്കി നടക്കുന്നു. തൊടി കാണുന്നു. എത്തിവലിഞ്ഞു നോക്കുന്നു. ഭയന്നു പിന്മാറുന്നു)
പട്ടി (ഒന്ന്) : പൈ… പൈ… ഇതെന്തു ജീവി….!
പട്ടി (രണ്ട്) : ഇതിനു മുമ്പ് ഇത്തരമൊരു ജീവിയെ നമ്മള്‍ കണ്ടിട്ടേയില്ലല്ലോ. ഇവന്‍ ഉപദ്രവിച്ചേക്കും. നമുക്കു സ്ഥലം വിടാം. (പട്ടികള്‍ പോകുന്നു)
കുറുക്കന്‍ : (തൊട്ടിയില്‍ നിന്നും തലനീട്ടി, തന്നോടുതന്നെ) അല്പം മുമ്പ് എന്നെ ഓടിച്ച പട്ടികള്‍ ഇപ്പോള്‍ പേടിച്ചോടുന്നു. ഇതെന്തുപറ്റി? (പുറത്തുവരുന്നു. അടിമുടി നീലനിറം) അങ്ങനെ വരട്ടെ. നീലത്തൊട്ടിയില്‍ വീണതുകൊണ്ട് ദേഹമാകെ നീലയായി. വെറുതെയല്ല പട്ടികള്‍ പേടിച്ചോടിയത്?  (മൃഗങ്ങളുടെ കലപില. ആട്, മുയല്‍, കുരങ്ങന്‍ തുടങ്ങിയവര്‍ തേങ്ങിക്കരഞ്ഞും സംസാരിച്ചും വരുന്നു)
ആട് : പോ… േ… േ… േ…യ… മ്മ് ….. ഹ് എ …. എ…. (മുയലും കുരങ്ങനും കരച്ചിലില്‍ കൂടെ ചേരുന്നു. ആനയും കടുവയും വരുന്നു)
ആന : നിശ്ശബ്ദം….! നമ്മള്‍ ഈ യോഗം വിളിച്ചതിന്റെ ഉദ്ദേശം എല്ലാവര്‍ക്കും അറിയാമല്ലോ!
എല്ലാവരും ഒന്നിച്ച് : അറിയാം… (കരയുന്നു)
ആന : നമ്മുടെ രാജാവ്…. മഹാനായ വീരശൂര ശിങ്കപരാക്രമി മണ്‍മറഞ്ഞു പോയിരിക്കുന്നു. (ദുഃഖം സഹിക്കാതെ പൊട്ടിക്കരയുന്നു) 
മൃഗങ്ങള്‍ : (കൂടെ കരയുന്നു) അയ്യോ…. പോയേ… അയ്യയ്യോ…
ആന : രാജവംശം ആളില്ലാതെയും ആയിരിക്കുന്നൂ… (കരയുന്നു)
മൃഗങ്ങള്‍ : ഞങ്ങള്‍ അനാഥരായോ േ… േ… േ… യ… കാട് അനാഥമാ േ… േ… േ… യേ… (കരയുന്നു)
ആന : (തന്റെ കണ്ണീര് തുടയ്ക്കാന്‍ കുരങ്ങനോട് ആവശ്യപ്പെടുന്നു. കുരങ്ങന്‍ അനുസരിക്കുന്നു) കരയാതിരിക്കൂ… ആരും കരയാതിരിക്കൂ… ഇനി നമുക്ക് പുതിയ രാജാവിനെ വേണം.
മൃഗങ്ങള്‍ (ഒന്നിച്ച്) : വേണം… വേണം….
ആന : അതിനു കഴിവുള്ളവര്‍ കഴിവുകള്‍ ഇവിടെ പറയട്ടെ.
കുരങ്ങന്‍ : (കുട്ടിക്കരണം മറിഞ്ഞ് മുന്നോട്ടു വന്നു നില്‍ക്കുന്നു) ഈ കാട്ടിലെ ഏതു മരത്തിന്റെ തുഞ്ചത്തും ഞാന്‍ എളുപ്പം കയറും. അങ്ങനെ ദൂരെയുള്ള ശത്രുക്കളെ കാണാന്‍ കഴിയും. ഞാനാവാം രാജാവ്. (മുന്നിലെ മരത്തിലേക്ക് ഒരു ചാട്ടം. ചാട്ടം പിഴച്ച് മറിഞ്ഞു വീഴുന്നു. എല്ലാ മൃഗങ്ങളും ചിരിക്കുന്നു.)
മുയല്‍ : (ചാടിച്ചാടി മുന്നോട്ടുവന്ന്) ഞാനാണ് മുന്തിയ ഓട്ടക്കാരന്‍. ഞാനാവാം രാജാവ്. 
ആന : (പരിഹാസം) പണ്ട് ആമയോട് ഓട്ടപ്പന്തയത്തില്‍ തോറ്റവനല്ലേ നീ….! (തുമ്പിക്കൈകൊണ്ട് തൂക്കി പിന്നിലേക്കെറിയുന്നു. എല്ലാവരും ചിരിക്കുന്നു)
കഴുത : ബുദ്ധിയില്‍ ഞാനാണ് മുമ്പന്‍. രാജാവാകാന്‍ യോഗ്യന്‍ ഞാന്‍ തന്നെ.
ആന : (പരിഹാസം) കഴുതപ്പുത്തി…. (എല്ലാവരും ചിരിയോടു ചിരി)
കുറുക്കന്‍ : (പിന്നണിയില്‍, ആത്മഗതം) ഒരു കൗശലം പ്രയോഗിച്ചാല്‍ ഇവരുടെ രാജാവാകാം. 
ആന : രാജാവാകാന്‍ യോഗ്യതയുള്ള വേറെ ആരെങ്കിലും…. (മൃഗങ്ങള്‍ക്കിടയില്‍ അങ്കലാപ്പ്) ആരും ഇല്ല, അല്ലേ?  അതുകൊണ്ട് ഞാന്‍ തന്നെ രാജാവ്!  (കുറുക്കന്‍ ശബ്ദം കനിപ്പിച്ചു കൂവുന്നു. ആനയും കൂട്ടരും കുറുക്കനെ കാണുന്നു)
ആന : (ഭയം) ആ… ആ… ആരാണ്? (മൃഗങ്ങള്‍ ആനയുടെ പിന്നില്‍ ഒതുങ്ങുന്നു)
കുറുക്കന്‍ : (മുന്നോട്ടുവന്ന്) ങ്ഹൂം… നോം മൃഗങ്ങളുടെ ദൈവം പറഞ്ഞയച്ചവന്‍…. നിങ്ങളുടെ പുതിയ രാജാവ്…! (എല്ലാവരും പേടിച്ച് ഓച്ഛാനിച്ചു നില്‍ക്കുന്നു)
കുറുക്കന്‍ : ഭരണം തുടങ്ങും മുമ്പ്… നമുക്ക് രണ്ട് മന്ത്രിമാരെ ആവശ്യമുണ്ട്. ഒന്ന് ആനയാവട്ടെ. രണ്ടാമന്‍ കടുവയും. (ആനയും കടുവയും കുറുക്കന്റെ ഇടവും വലവും വന്നു നില്‍ക്കുന്നു) ഇനി ചില ഉത്തരവുകള്‍….!
ഉത്തരവ് ഒന്ന് – കടുവയും പുലിയുമൊക്കെ ഇനി പുല്ലു മാത്രമേ ഭക്ഷിക്കാവൂ. (ആനയും കടുവയും ഏറ്റു പറയുന്നു)
ഉത്തരവ് രണ്ട് – കാട്ടില്‍ ക്രമസമാധാനം തകര്‍ക്കുന്ന കള്ളക്കുറുക്കന്മാരെ മുഴുവന്‍ കാടുകടത്തണം. ഒറ്റയെണ്ണത്തിനെയും എങ്ങും കണ്ടുപോകരുത്. (മന്ത്രിമാര്‍ ഏറ്റുപറയുന്നു) തല്‍ക്കാലം പിരിഞ്ഞുപോകാം. (കുറുക്കന്‍ രാജാവ് മന്ത്രിമാരോടൊപ്പം ഗമയില്‍ നടന്നു മറയുന്നു) (മൃഗങ്ങള്‍ ചിതറുന്നു. അവര്‍ പരസ്പരം ‘പഴയ ഭരണത്തേക്കാള്‍ കഷ്ടം പുതിയ ഭരണം’ എന്നു പിറുപിറുക്കുന്നു. മറയുന്നു.) (കുറുക്കന്‍ പാത്തും പതുങ്ങിയും കടന്നുവരുന്നു)

കുറുക്കന്‍ (ഒന്ന്) : നമ്മുടെ കാര്യം ഏറെ കഷ്ടം. പുതിയ രാജാവിന് നമ്മെ കണ്ണെടുത്താല്‍ കണ്ടൂടാ… 
കുറുക്കന്‍ (രണ്ട്) : കാടു കടത്താനല്ലേ പുതിയ കല്‍പ്പന. 
കുറുക്കന്‍ (ഒന്ന്) : നമ്മള്‍ ഇനി എന്തു ചെയ്യും? (രണ്ടുപേരും കൂടിയിരുന്ന് ആലോചിക്കുന്നു)
കുറുക്കന്‍ (ഒന്ന്) : എനിക്കൊരു സംശയം.
കുറുക്കന്‍ (രണ്ട്) : എന്താ…?
കുറുക്കന്‍ (ഒന്ന്) : പുതിയ രാജാവ് നമ്മളെപ്പോലെത്തന്നെ ഊള വര്‍ഗ്ഗത്തില്‍ പെട്ടവനാണോ എന്ന്.
കുറുക്കന്‍ (രണ്ട്) : അതറിയാന്‍ എന്താണ് ഒരു വഴി…?
കുറുക്കന്‍ (ഒന്ന്) : വഴിയുണ്ട്. മൃഗങ്ങള്‍ സങ്കടമുണര്‍ത്താന്‍ നാളെ രാജാവിന്റെ അടുത്തേക്കു പോകുന്നുണ്ട്. ആ നേരം നമുക്കൊരു വേലയൊപ്പിക്കാം. രാജാവ് കുറുക്കനാണെങ്കില്‍ അപ്പോള്‍ അറിയാം. കുലദ്രോഹി! (അവര്‍ മറയുന്നു) (കുറുക്കന്‍ രാജാവും മന്ത്രിമാരും വരുന്നു. മൃഗങ്ങളുടെ ശബ്ദം. അവര്‍ പിന്നില്‍ വന്നു നിരക്കുന്നു)
ആന : (രാജാവിനോട്) തിരുമേനീ, പ്രജകള്‍ സങ്കടമുണര്‍ത്താന്‍ എത്തിയിട്ടുണ്ട്. 
രാജാവ് : വരാന്‍ പറയൂ.
ആന : ഓരോരുത്തരായി മുഖം കാണിക്കാം. തിരുമേനിക്ക് നിങ്ങളുടെ സങ്കടം നേരിട്ടു കാണാന്‍ തിടുക്കമുണ്ട്. 
മൃഗങ്ങള്‍ : (ഒന്നിച്ച്) പൊന്നേമാനേ… പുതിയ ഭരണം മൂലം ഞങ്ങള്‍ പട്ടിണി കിടന്ന് ചാകാറായി….കുറുക്കന്‍
രാജാവ് : അങ്ങനെയോ… എങ്കില്‍ ഒരു ഇളവു പ്രഖ്യാപിക്കുന്നു. ഇനി മുതല്‍ കടുവയ്ക്കും പുലിയ്ക്കും പഴം കൂടി ഭക്ഷിക്കാം.

മൃഗങ്ങള്‍ : അങ്ങനെ പറയരുത്.
കുറുക്കന്‍ രാജാവ് : കടന്നു പോകിന്‍. ഒരു കാര്യം കൂടി. ക്രമസമാധാനം തകര്‍ക്കാനായി കള്ളക്കുറുക്കന്മാരില്‍ ചിലര്‍ കാട്ടില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം കിട്ടിയിരിക്കുന്നു. അവരെ തുരത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ ശിക്ഷ കടുത്തതായിരിക്കും. (മൃഗങ്ങള്‍ പോകുന്നു. അകലെ നിന്നും കുറുക്കന്മാരുടെ ഓരിയിടല്‍. കുറുക്കന്‍ രാജാവ് ചുറ്റും നോക്കുന്നു. ഓരിയിടാനുള്ള ജന്മവാസന അടക്കാനാവുന്നില്ല. അടുത്താരുമില്ലെന്ന് ഉറപ്പുവരുത്തി ഇടം വലം നോക്കാതെ കണ്ണുമടച്ച് തല ചെരിച്ചു മേലോട്ടുയര്‍ത്തി നീട്ടി ഓരിയിടുന്നു) (കുറുക്കന്മാര്‍ കടന്നുവരുന്നു. കുറുക്കന്‍ രാജാവിനെ കാണുന്നു)
കുറുക്കന്മാര്‍ : എന്ത്! വെറും പീറക്കുറുക്കനായ നീയാണോ ഇത്ര കാലം ഞങ്ങളെ വിരട്ടി തുരത്തിയത്? നിന്നെ ഞങ്ങള്‍…. (കുറുക്കന്‍ രാജാവ് വാലുമടക്കി ഓടി രക്ഷപ്പെടുന്നു) (ആനയും മൃഗങ്ങളും കടന്നുവരുന്നു)
ആന : പെരുങ്കള്ളന്‍! ഓടി രക്ഷപെട്ടു! ഏതായാലും ഇനി മുതല്‍ നമുക്ക് രാജാവു വേണ്ട. എല്ലാവരും രാജാവ്. അല്ലെങ്കില്‍ എല്ലാവരും പ്രജകള്‍. എന്താ…!
മൃഗങ്ങള്‍ : ഹ…. ഹ…. ഹ…. (ചിരിച്ചാര്‍ത്തു തുള്ളിച്ചാടുന്നു)

(1) ഊളന്‍ – കുറുക്കന്‍

തുടര്‍ പ്രവര്‍ത്തനം

ഈ നാടകം എങ്ങനെയുണ്ട് കൂട്ടുകാരേ? ഇതുപോലെ എത്ര കഥകളുണ്ടെന്നോ നമുക്കു നാടകം കളിക്കാന്‍. പറ്റിയ പാഠഭാഗവും ആവാം. ഒന്നു ശ്രമിച്ചു നോക്കൂ.

എം.വി. മോഹനന്‍

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content