കടങ്കഥക്കെട്ട്

ല്ലാവരും മലയാള ഭാഷാ വാരാചരണത്തിലാണ്. നമ്മൾ മലയാളം മിഷൻ കൂട്ടുകാർക്ക് പിന്നെ അത് മാസം മുഴുവനും വർഷം മുഴുവനും അങ്ങനെ തന്നെയാണല്ലോ.
ഭാഷയെയും നാടിനെയും അടുത്തറിയാനും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും രസകരമായ പല വഴികളുമുണ്ട്.
പലതും നിങ്ങൾ മലയാളം മിഷൻ ക്ലാസ്സുകളിൽ പരിചയിച്ചു കാണും.
അക്കൂട്ടത്തിൽ കടങ്കഥകൾ ഉണ്ടായിരുന്നോ?
കടങ്കഥകൾ നിങ്ങൾ എങ്ങനെയാണ് പരിചയപ്പെട്ടത് ?
എത്ര കടങ്കഥകൾ നിങ്ങൾക്കറിയാം?

കൊക്കിരിക്കും കുളം വറ്റി വറ്റി.
കടങ്കഥയാണ്. ഉത്തരം പറയാമോ ?


വിളക്ക്.
വിളക്കെന്നു പറഞ്ഞാൽ എണ്ണയും തിരിയുമിട്ടു കത്തിക്കുന്ന വിളക്ക്. തിരിയാണ് കൊക്ക്. എണ്ണ കുളവും. തിരി കത്തുന്നതിന് അനുസരിച്ച് എണ്ണ വറ്റി വറ്റി തീരും. അതിൽ നിന്നാണ് ഈ കടങ്കഥ ഉണ്ടായിട്ടുള്ളത്.

ഇന്നത്തെ കാലത്ത് എത്ര കുട്ടികൾ വിളക്ക് കണ്ടിട്ടുണ്ടാവും?
പണ്ടുകാലത്താണെങ്കിൽ ആർക്കും എളുപ്പം ഇത്തരം പറയാൻ കഴിയുമായിരുന്നു. അന്ന് എല്ലാവർക്കും വിളക്ക് പരിചയമുണ്ടായിരുന്നു. ഇന്നിപ്പോൾ ഉത്തരം പറഞ്ഞ് തന്നാലും അതെങ്ങനെയാണ് ശരിയാവുക എന്ന് മനസ്സിലാകില്ല.

മറ്റൊരു കടങ്കഥ പറയാം
അടി പാറ നടുവടി മേലേ കുട ?
ഉത്തരം അറിയാമോ?


ചേനച്ചെടിയാണ് ഉത്തരം.
മണ്ണിനടിയിലുള്ള ചേനയാണ് പാറ. നടുവിലെ ഒറ്റത്തണ്ട് വടി. മുകളിൽ വിരിഞ്ഞ് നിൽക്കുന്ന ഇലകൾ കുടയും . ചേന വളർന്ന് നിൽക്കുന്നതോ വിളവെടുക്കുന്നതോ കണ്ടിട്ടുണ്ടെങ്കിൽ കാര്യം മനസ്സിലാകും.

പറഞ്ഞു വന്നത്… കടങ്കഥകൾ വെറും നേരം കൊല്ലികൾ മാത്രമല്ല എന്നാണ്. ഓരോ കടങ്കഥയിലും ജീവിതത്തിൽ നിന്ന് ഒരേടുണ്ടാവും. ഇനി നമുക്ക് ഒരു കടങ്കഥക്കെട്ടുണ്ടാക്കാം.

അകം എല്ലും തോലും പുറം പൊന്തം പൊന്തം


ഉത്തരം വൈക്കോൽ തുറു.

പശുവിന് കൊടുക്കാനായും മറ്റും വൈക്കോൽ ശേഖരിച്ചു വയ്ക്കുന്ന രീതിയാണത്.

അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.


വെറ്റില മുറുക്കൽ.
പച്ച നിറമുള്ള വെറ്റില അടക്കയും ചുണ്ണാമ്പുമൊക്കെ ചേർത്ത് വായിലിട്ട് ചവയ്ക്കുന്നു. പുറത്തേക്ക് തുപ്പുമ്പോൾ അതിന് ചുവപ്പ് നിറമായിരിക്കും.

മുറ്റത്തെ ചെപ്പിനടപ്പില്ല.


കിണർ.

ഇനിയും ഒരുപാട് ഒരുപാട് കടങ്കഥകൾ ഉണ്ട്. കടങ്കഥകൊണ്ട് ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാം. മത്സരങ്ങളുമാവാം.
ഏറ്റവും കൂടുതൽ കടങ്കഥകൾ ശേഖരിക്കുക.
രണ്ടോ മൂന്നോ സംഘങ്ങളായി തിരിഞ്ഞ് കടങ്കഥകൾ ചോദിച്ച് മത്സരം.
കടങ്കഥകളിലെ കഥയും കാര്യവും കണ്ടെത്തൽ അങ്ങനെ അങ്ങനെ .

അപ്പോൾ പിന്നെ കടങ്കഥകൾ ശേഖരിക്കുകയല്ലേ.
വിവിധ ഭാഷകളിലെ കടങ്കഥകളും തിരയാം. അവയ്ക്ക് ചേർന്ന കടങ്കഥകൾ മലയാളത്തിൽ ഉണ്ടോ എന്ന് നോക്കാം. പ്രാദേശികവും അല്ലാത്തതതുമായ കടങ്കഥകളെ വേർതിരിക്കാം.

ഒന്ന് ശ്രമിച്ചു നോക്കൂ, ഒരു കടങ്കഥക്കെട്ടുണ്ടാക്കാം.

ചിഞ്ജു പ്രകാശ്

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content