സഞ്ജീവനിപ്പൂവുകള്‍
കാറ്റുവന്ന് കാതില്‍ ചൊല്ലി
ഒരു ശോകമൂകം ഗീതം മെല്ലെ…
അറിഞ്ഞതില്ലേ ലോകം കിതച്ചതൊന്നും?
പകച്ചതല്ലേ ജനം വിറച്ചതില്ലേ??
വിരുന്നുവന്നു വൈറസ്സൊന്നെവിടെനിന്നോ
വൈദ്യരറിയാ രേണു പുതിയതത്രേ
വ്യാധി സര്‍വ്വം, എങ്ങും രോഗഗ്രസ്തം ജീവശ്വാസം
പാഴ്ക്കിനാവോ ഇത് പേക്കിനാവോ?
കേട്ടവര്‍ കണ്മിഴിചാശ്ചര്യഭരിതരായി
കേട്ടൊരുകഥയിലെ ഭൂതമോ, അല്ലെനി
ശാസ്ത്രീയശാലയില്‍ ഉയിര്‍കൊണ്ട വികൃതിയോ?
ആലിപ്പഴംപോലെ താണിങ്ങിറങ്ങിയോ??
ആര്‍ക്കറിയാം നിജസത്യങ്ങളൊക്കവേ!?
ഓര്‍ത്താല്‍ കുഴയുന്നു, ഭീതി ചുഴലുന്നുചുറ്റിലും!?
കാട്ടുതീപോലെ പരക്കുന്ന കോവിഡിന്‍
കവചമായി ലോക്ഡൌണ്‍ പ്രതീക്ഷാപരീക്ഷകള്‍
പൂട്ടുന്നു വാതിലുകള്‍ നാടും നഗരങ്ങള്‍
വീടും, വഴിയിടം, വാണിഭം ഒക്കവേ
വീട്ടിലിരിക്കണമേവരും എങ്കിലോ
വീട്ടുവാതില്‍ കടക്കില്ല രോഗാണു..!
ആറടിമണ്ണിന്‍റെ ജന്മി നമ്മള്‍
ആറടി ദൂരം കുറിച്ചിടേണം തമ്മില്‍
സോപ്പുപതക്കണം കൈകളില്‍ ഭദ്രമായ്
സദാവദനം മറയ്ക്കണം സുരക്ഷക്കായി
പാര്‍ത്താല്‍ കോവിഡിന്‍ നീതി വിചിത്രമാം
പാരില്‍ ജീവ നുജാഗ്രത അതിഗൗരവം, ചിന്തിതം?
മാസങ്ങള്‍ വേഗം കൊഴിഞ്ഞുപോയ്
ഋതു, വിഷു പോയൊരോണവും മാബലി
ചിങ്ങവും കന്നിയും കാര്‍ക്കശ്യകര്‍ക്കടം
ചേലില്‍ വരുമിനിയും പൂക്കാലം പലവട്ടം
ചേലയും കോടിയും, പൂവിളി പൂക്കളം
ചേരനാട്ടിന്‍ പുകഴ്പെറ്റ തോറ്റങ്ങള്‍…
വാനിലെ താരകള്‍ മറക്കില്ല പുഞ്ചിരി
വരാനിധിയില്‍ ഒടുങ്ങില്ല തിരയൊലി
വ്യുത്പത്തിയേകും വെളിച്ചത്തിന്‍ ശക്തി
വിയര്‍പ്പിന്‍റെ സ്വപ്നം സമത്വത്തിന്‍ പൂവനം
കിഴക്കിന്‍റെ ദേവന്‍ ഉദിക്കുന്ന നാളുകള്‍
കിനാവിന്‍റെ തോട്ടം വാടികരിയുമോ?
അരുതരുതൊരുതെല്ലുമാശങ്ക, വാടില്ല
അണയില്ല, ഉയിരിന്‍ തുടിപ്പുകള്‍ ഭൂവിലൊരുനാളുമേ..!
അമ്മയാം നന്മ, ധരിത്രിയുടെ മാറില്‍ വിടരുമിനി
അതിജീവനത്തിന്‍റെ മണമുള്ള പൂവുകള്‍, സഞ്ജീവനി
അംബരം ചോക്കും, തുടിക്കും ഹൃദയങ്ങള്‍
അനശ്വരം മാനവീയത്തിന്‍റെ ഇതിഹാസഗാഥകള്‍.
ഡോ. എം.പി.ദാമോദരന്‍
ജോയിന്‍റ് സെക്രട്ടറി
മലയാളം മിഷന്‍ തമിഴ്‌നാട് ഘടകം