കോപ്പുണ്ണ്യാര് ശപഥം

(താളം: പാണ്ടൻ നായുടെ പല്ലിനു ശൗര്യം)

കോവിഡങ്ങനെ കത്തി കയറി
കോലാഹലമത് തീർത്തീടുമ്പോൾ
വീട്ടിലിരുന്നു മടുത്തൊരു പാവം
കോപ്പുണ്ണ്യാർക്കൊരു മോഹമുദിച്ചു.

പണ്ടെങ്ങാണ്ടോ തിന്നു രസിച്ചോ
രയിലക്കറിയുടെ കിടിലൻ സ്വാദ്
തലയിൽ വരച്ചൊരു കാലക്കേടിന്
കോപ്പുണ്ണ്യാരുടെ നാവിലുദിച്ചു

പാറൂട്ട്യമ്മടെ വീറ്റോ പൊട്ടി-
ച്ചപ്പോൾ തന്നെ ചന്തേ പോയി
ചോര പൊടിക്കുന്നയിലയുമായി
വെടക്കൻ നായര് വീടത് പൂകി.

തലയും കൊടലും മാറ്റി പിന്നെ
സമ സമമായി കഷ്ണിച്ചങ്ങനെ
കുടംപുളിയിട്ടൊരു കൂട്ടാനായി
മീൻചട്ടിയിലേക്കിട്ടു കൊടുത്തു.

പാറൂട്ട്യമ്മടെ പാചക വിദ്യയിൽ
മീൻകറിയങ്ങു സ്വയമ്പനുമായി
അയലോക്കത്തെഅമ്മ്യാരമ്മടെ
വായിൽ കൂടൊരു കപ്പലുമോടി

കിണ്ണം നിറയെ ചോറുമെടുത്ത്
കിണ്ണങ്കാച്ചി കറിയും കൂട്ടി
ആർത്തി പിടിച്ചൊരു മണ്ടൻ നായർ
കിണ്ണം മൂന്നതു കാലിയുമാക്കി

വിരലൊന്നല്പം തൊണ്ടയിലിട്ടാൽ
അവസാനത്തെ അയിലക്കഷണോം
തോണ്ടിയെടുക്കാമെന്നായപ്പോൾ
ഊണും നിർത്തി നായരെണീറ്റു.

ഉച്ചക്കുണ്ടോരൂണിന് തുല്യം
രാത്രിയുമന്നൊരു ചാമ്പല് ചാമ്പി .
പെരുവയറുന്തി മുഴച്ചൊരു നായര്
മെത്തയിലോട്ടങ്ങാഞ്ഞു പതിച്ചു.

തൽക്ഷണമങ്ങു തുടങ്ങീ നായര്
കൂർക്കംവലിയുടെ പടഹ ധ്വനികൾ.
തട്ടിയുരുട്ടി പതിവതുപോലെ
പാറൂട്ട്യേമ തിരിഞ്ഞു കിടന്നു.

നേരമതങ്ങൊരു നാലുമണിക്ക്
കോപ്പുണ്ണ്യാരുടെ നിദ്ര മുറിഞ്ഞു.
പിന്നീടുള്ളൊരു കോലാഹലമതു
പറയുക വയ്യേ കൃഷ്ണങ്കുട്ട്യേ.

ഗുൽമൻ കയറിയ നായർക്കപ്പോൾ
നിൽക്കാൻ വയ്യ കിടക്കാൻ വയ്യ .
തിക്കും മുട്ടി പാവം നായര്
പുരയിൽ തന്നെ തുള്ളി നടന്നു.

കുത്തിക്കേറ്റിയ ഗുൽമൻ ഗുളികേം
തേവി നിറച്ചൊരു ജീരക ജലവും,
തോറ്റു കുളിച്ചൂ തൊപ്പിയുമിട്ടൂ
നായര് പുനരപി തക തക ധീംl..

പാത്തിക്കിരിയെ കണ്ടൂ പിന്നെ
ഊശിയൊരാറും ഗുളികകൾ പലതും,
കാശ്. മുടക്കിയടിച്ചു കയറ്റി
ഗുൽമവധത്തിന് കർട്ടൻ വീണു.

ഗുൽമനിറങ്ങിയ കോപ്പുണ്ണ്യാരഥ
ഗൗരവമുള്ളൊരു ശപഥമെടുത്തു.
“അയിലപ്പെണ്ണേ ഇനിയൊരു നാളും
തൊടില്ല നിന്നെ കട്ടായം ഞാൻ “.

 

സതീഷ് തോട്ടശ്ശേരി മലയാളം മിഷൻ ബാംഗ്ലൂർ

0 Comments

Leave a Comment

FOLLOW US