അൻപ്
‘അൻപ്’ എന്ന പട്ടിക്കുട്ടിയെ കുപ്പത്തൊട്ടിയിൽനിന്നു കിട്ടിയതാണ്. അച്ഛൻ കൃഷ്ണദാസൻ ഒരിക്കൽ മാളുമോളെയുംകൊണ്ട് പുഴക്കരയിലേക്കു പോകുന്ന വഴിയാണ്, ഒരു പട്ടിക്കുട്ടി വിശന്നിട്ട് കുപ്പത്തൊട്ടിയിൽ ഭക്ഷണം തെരയുന്നതു കണ്ടത്. അപ്പോൾ മാളുവിന് അവനെ ഒന്ന് തലോടണമെന്നു പറഞ്ഞു വഴക്കുണ്ടാക്കി.
“വേണ്ട മോളേ, കില്ലപ്പട്ടിയാ.”
“കില്ലപ്പട്ടിയെന്നുവച്ചാ എന്താ അച്ചാ?”
“തെരുവിലൊക്കെ അലഞ്ഞുനടക്കുന്ന വർഗ്ഗമാ.”
പക്ഷേ മാളു വിട്ടില്ല. അവൾ ചിണുങ്ങിക്കരഞ്ഞു. അച്ഛനു ദേഷ്യം വന്നെങ്കിലും അമ്മയില്ലാത്ത അവളുടെ ഇഷ്ടത്തിനു വഴങ്ങി. അയാൾ അവളെയും കൊണ്ട് ആ നായയുടെ അടുത്തേക്കു നടന്നു. പേടിച്ചിട്ടാണെങ്കിലും അവൾ തലയിൽ തലോടിയപ്പോൾ ആ നായ്ക്കുട്ടി വേഗത്തിൽ വാലാട്ടിക്കൊണ്ട് സ്നേഹം പ്രകടിപ്പിച്ചു.
“അച്ചാ, നമുക്കീ പട്ടിയെ വീട്ടിൽക്കൊണ്ടുപോകാം. പാവം… അതിനു വിശക്കുന്നുണ്ട്.”
“മോളേ, ഇതു തെരുവുനായയാ. തെരുവുനായ്ക്കളെ ആരും വീട്ടിൽ കൊണ്ടുപോകില്ല.”
അതുകേട്ടപ്പോൾ മോൾക്കു സങ്കടം സഹിക്കാൻ പറ്റാതെ ഉറക്കെ കരഞ്ഞുകൊണ്ടു പറഞ്ഞു:
“അച്ചാ, നമുക്കു കൊണ്ടുപോകാം… എന്തെങ്കിലും ഭക്ഷണം കൊടുത്തിട്ടു വിടാം.”
അവൾ വാശി പിടിച്ചു. ദാസിന്റെയും മനസ്സലിഞ്ഞെങ്കിലും അയാൾ വിഷയം മാറ്റാനായി പറഞ്ഞു:
“അപ്പോൾ നമുക്കു പുഴക്കരയിൽ പോകണ്ടേ? കുഞ്ഞു പുഴമീനിനെ ചൂണ്ടയിട്ടു പിടിക്കണ്ടേ? നിന്റെ ചിലച്ചിമുത്തശ്ശി കാത്തിരിക്കും.”
“വേണ്ടച്ചാ… ഇന്നു മീൻ പിടിക്കണ്ട. നമുക്കു പട്ടിയേയും കൊണ്ടു വീട്ടിൽ പോകാം. അല്ലെങ്കിൽ ഈ പട്ടിക്കുട്ടി വിശന്നു ചത്തുപോകും.”
മനസ്സില്ലാമനസ്സോടെ ദാസൻ സമ്മതം മൂളി.
അങ്ങനെ പട്ടിക്കുട്ടിയുമായി അവർ വീട്ടിലേക്കു നടന്നു. വീട്ടിലെത്തിയപ്പോൾ, ചിലച്ചി വല്യമ്മയ്ക്ക് അത്ര പിടിച്ചില്ല. അവർ ദാസനോട് എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു:
“തള്ളയില്ലാത്തതിന്റെ കുഴപ്പമാ… അപ്പനും മോളുംകൂടി എങ്ങാണ്ടുകിടന്ന കില്ലപ്പട്ടിയേയും കൊണ്ടു വന്നിരിക്കുന്നു!”
“ചുമ്മാതല്ല, നാട്ടുകാരൊക്കെ ഈ മുത്തശ്ശിയെ ചിലച്ചിമുത്തശ്ശി എന്നു വിളിക്കുന്നത്. വായിൽ തോന്നിയതൊക്കെ തുരുതുരാന്നു പറഞ്ഞുകൊണ്ടിരിക്കും…”
എന്നൊക്കെ മാളു ഓർത്തെങ്കിലും അവളൊന്നും പറഞ്ഞില്ല.
അമ്മയുണ്ടായിരുന്നെങ്കിൽ അവളുടെയിഷ്ടത്തിന് എതിരൊന്നും പറയില്ലായിരുന്നു എന്നവൾക്കറിയാമായിരുന്നു. അവൾ മുത്തശ്ശിയുടെ വാക്കുകളൊന്നും ശ്രദ്ധിക്കാതെ, നായ്ക്കുട്ടിയുടെ തലയിൽ തലോടിക്കൊണ്ടിരുന്നു. ദാസൻ ഒരു പഴയ പാത്രത്തിൽ, തലേദിവസത്തെ ചോറെടുത്ത് അതിലിത്തിരി മീൻചാറുമൊഴിച്ച് നായയുടെ മുമ്പിൽ വച്ചു. അത് ആർത്തിപിടിച്ചു തിന്നുന്നതു കണ്ടുകൊണ്ട് മാളുവും അടുത്തിരുന്നു.
“ഭക്ഷണം കഴിച്ചിട്ട് എങ്ങോട്ടെങ്കിലും പൊയ്‌ക്കോട്ടെ. നമുക്കു പുഴക്കരയിലേക്കു പോകാം. കുഞ്ഞുമീനുകളെ പിടിക്കണം. അത്താഴത്തിനു മീൻ പൊരിച്ചതില്ലെങ്കിൽ മുത്തശ്ശി ആകെ പ്രശ്നമുണ്ടാക്കും.”
അവർ പുഴക്കരയിലേക്കു നടന്നപ്പോൾ നായയും അവരെ അനുഗമിച്ചു.
“കണ്ടോ, അവനും വരുന്നുണ്ട്. തെരുവുനായയാണെങ്കിലും തിന്ന ചോറിനു നന്ദിയുണ്ട്.”
അച്ഛൻ പറഞ്ഞു.
അന്നു മുതൽ കൂടെക്കൂടിയ നായ്ക്കുട്ടിക്ക് മാളു ഒരു പേരിട്ടു, അൻപ്. മുറ്റത്തെ പേരമരത്തിൽ വന്നു കൂടുവച്ച അമ്മക്കിളിക്കിട്ട പേരായിരുന്നു അത്. ചിലച്ചിമുത്തശ്ശിക്ക് ഇഷ്ടമില്ലെങ്കിലും, അവർ അൻപിനെ എന്നും പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ച് ഭക്ഷണവും കൊടുത്ത്, വീട്ടിലെ ഒരംഗത്തെപ്പോലെ വളർത്തി. കളിക്കൂട്ടുകാരാരുമില്ലാതിരുന്ന മാളുവിന് അൻപിനെ കിട്ടിയതിൽപ്പിന്നെ വലിയ സന്തോഷമായി. മാളു സ്‌കൂളിൽ പോകുമ്പോഴും അൻപ് കൂടെക്കൂടും. മാളുവിന്റെ ക്ലാസ്സ് കഴിയുന്നതുവരെ സ്‌കൂൾ ഗ്രൗണ്ടിൽ ചുറ്റിക്കറങ്ങും. മാളുവിനേയും കൂട്ടിയേ വീട്ടിലേക്കു വരാറുള്ളു. തെരുവുനായയായതുകൊണ്ട് ആരും അതൊന്നും ഗൗനിച്ചില്ല.
ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞപ്പോൾ, മാളുവിന്റെ ആറാമത്തെ ജൻമദിനത്തിന് കുറേ കൂട്ടുകാരെയൊക്കെ വീട്ടിൽ വിളിച്ചു. തകരവും പലകയുംകൊണ്ടു മറച്ചുണ്ടാക്കിയ, തോട്ടം തൊഴിലാളികളുടെ കൊച്ചു വീടായതുകൊണ്ട് മുറ്റത്ത് ബെർത്ഡേ പാട്ടൊക്കെ പാടി ആഘോഷമാക്കാമെന്നാണു വിചാരിച്ചത്. പക്ഷേ ശക്തമായ കാറ്റും മഴയും കാരണം, എല്ലാവരും വീടിനകത്തുതന്നെ തിക്കിത്തിരക്കി നിന്നു. അൻപു മാത്രം ഇടിമുഴക്കത്തിന്റെ ഒച്ചകേട്ടു പേടിച്ച്, പുഴക്കരയിലുള്ള ഏതോ മരപ്പൊത്തിൽ കയറിയിരുന്നു. കുട്ടികൾ കേക്കു മുറിച്ച് ‘ഹാപ്പി ബെർത്ഡേ’ പാടിക്കൊണ്ടിരുന്നപ്പോൾ, വലിയൊരൊച്ചയോടെ ഉരുൾ പൊട്ടി. മലയിൽനിന്ന് മണ്ണും വെള്ളവും ശക്തിയായി ഒലിച്ചിറങ്ങി. തൊഴിലാളികൾ പാർത്തിരുന്ന എല്ലാ വീടുകളും മലവെള്ളപ്പാച്ചിലിൽ തകർന്നു. കുട്ടികളും അവിടെത്താമസിച്ചിരുന്ന തൊഴിലാളികളും വീടുകളോടൊപ്പം ഒഴുകിപ്പോയി.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ആ രാത്രി മുഴുവൻ കാണാതായവർക്കായി തിരച്ചിൽ നടത്തി. കുറേ ആൾക്കാരെ കണ്ടുകിട്ടിയെങ്കിലും മാളുവിനെപ്പറ്റിയും അച്ഛൻ കൃഷ്ണദാസിനെപ്പറ്റിയും മാളുവിന്റെ കൂട്ടുകാരെപ്പറ്റിയും ഒരു വിവരവുമില്ലായിരുന്നു. അപ്പോഴാണ്, അൻപ് അവിടെയെല്ലാം മണത്തുമണത്തു നടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അവസാനം ഒരു മൺകൂനയിൽക്കയറി നിലയുറപ്പിച്ചുകൊണ്ട് അൻപ് ഉറക്കെ കുരയ്ക്കാൻ തുടങ്ങി. പോലീസിന്റെ നിർദ്ദേശമനുസരിച്ച് ആ മൺകൂന മുഴുവനും പതുക്കെ മാറ്റിയപ്പോൾ, തകർന്നുപോയ ഒരു വീടിന്റെ തടികളിൽത്തങ്ങി, ഒരു ഗുഹപോലെ തോന്നിക്കുന്ന വിടവിൽ മാളുവിന്റെ പാർട്ടിയിൽ പങ്കെടുത്ത എല്ലാ കുട്ടികളും ചിലച്ചിമുത്തശ്ശിയും സുരക്ഷിതരായി ഒന്നിനു മുകളിൽ ഒന്നായിക്കിടക്കുന്നു! ചിലർക്കൊക്കെ നിസ്സാരപരിക്കുകളുണ്ടായിരുന്നു.
മാളുവിനെക്കണ്ടപ്പോൾ, അൻപ് ഓടിച്ചെന്ന് അവളുടെ മുഖത്തും ദേഹത്തും സ്നേഹത്തോടെ നക്കി, വാലാട്ടിക്കൊണ്ട്, മൃദുവായി കുരച്ചുകൊണ്ടിരുന്നു. പെട്ടെന്ന് മാളു കണ്ണുതുറന്ന്, അൻപിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആരുമില്ലാത്ത പാവം മാളു ഉറക്കെക്കരഞ്ഞെങ്കിലും അച്ഛൻ ദാസനെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല. മുത്തശ്ശിക്കു മാത്രം ദേഹത്തു പരിക്കുകളൊന്നുമില്ലായിരുന്നു. അൻപ് ഒന്നും മനസ്സിലാകാതെ, മാളുവിനെ കണ്ടതിന്റെ സന്തോഷത്തിൽ വാലാട്ടിക്കൊണ്ട് അവളുടെ മടിയിൽ കയറിയിരുന്നു.
അപ്പോഴേക്കും ആംബുലൻസെത്തി, കുട്ടികളെയെല്ലാം കയറ്റിയെങ്കിലും മുത്തശ്ശി പോകാൻ കൂട്ടാക്കിയില്ല. അൻപിനേയും മുത്തശ്ശിയേയും കയറ്റാൻ മാളു കരഞ്ഞുപറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല. സൈറൻ മുഴക്കിക്കൊണ്ട്, കുട്ടികളേയുംകൊണ്ട് ആംബുലൻസ് അതിവേഗം അവിടെനിന്നുപോയി. അൻപ് കുരച്ചുകൊണ്ട് ആംബുലൻസിനെ അനുഗമിച്ചെങ്കിലും അവിടെ കൂടിയിരുന്നവരാരും ആ തെരുവുനായയെ കണ്ടതായി ഭാവിച്ചില്ല. പാവം അൻപ് കരഞ്ഞുകൊണ്ട് അവിടെയൊക്കെ ഓടിനടന്നു. അപ്പോഴേക്കും ചിലച്ചിമുത്തശ്ശി, അൻപിന്റെയടുത്തുവന്നു വിളിച്ച്, സ്നേഹപൂർവ്വം തലയിൽ മെല്ലെ തലോടി.
“വാ, നമുക്കു പോകാം… മാളു ഉടനേ വരും.” മുത്തശ്ശി പറഞ്ഞു.
ആ പട്ടിക്കുട്ടിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവൻ മുത്തശ്ശിക്കൊപ്പം ലക്ഷ്യമില്ലാതെ എങ്ങോട്ടേക്കോ നടന്നു.
(പെട്ടിമുടിയിൽ നടന്ന യഥാർത്ഥ സംഭവത്തെ അധികരിച്ചെഴുതിയത്)
തമ്പി ആന്റണി