ഭാഷാചിന്ത

പാറുക്കുട്ടി: ‘ആശാനു സ്നേഹം വിട്ടുള്ള ദേഷ്യം ഒരുത്തരോടും ഇല്ലെന്ന് എനിക്കറിയാം. ഞാന്‍ വന്നതു വേറെ ഒരു കാര്യത്തിനാണ്.’

ആശാന്‍: ‘എന്തെന്നു പറയാത്ത താമതം. തീക്കുഴിയില്‍ വേണമെങ്കില്‍ കിഴവന്‍ ചാടുമല്ലോ.’

കാര്‍ത്ത്യായനിയമ്മ: ‘ആയുധപ്പുര ഒന്ന് തുറന്ന് കല്ലറയില്‍ കിടക്കുന്നവരെ പുറത്തു വരുത്തണം. അതാണ് തങ്കത്തിന്‍റെ ആഗ്രഹം.’

ആശാന്‍ (വിഷമിച്ച് ): ‘കുഞ്ഞേ, ആണുങ്ങള്‍ക്ക് ചേര്‍ന്നതാണോ അത്? പെറ്റ അന്നേ തിന്നണ ചോറിനെ വഞ്ചിക്കാമോ?’ എന്ന് ചോദിച്ചു.

പാറുക്കുട്ടി: ‘ഞങ്ങള്‍ അന്യവീട്ടുകാറാണോ ആശാന്‍?’

ആശാന്‍: ‘ഇതെന്തൊരു വീണ്‍ചണ്ടയാണ്? ഈ വീട്ടുകാറല്ലെന്നു വല്ലോരും പറഞ്ഞോ? മൂത്തപിള്ള അല്ലയോ കാരണോര് ?’

പാറുക്കുട്ടി: ‘അതിനെന്ത് അമ്മാവന്‍ ചോദിക്കുമ്പോള്‍ ഉത്തരം അനന്തിരവള്‍ ഞാന്‍ പറഞ്ഞു കൊള്ളാം.’

ആശാന്‍: ‘എന്‍റെ കൈയില്‍ തന്ന താക്കോലിനെ എന്‍റെ ചീവന്‍പോണം വയ്ക്കണമെങ്കില്. കുഞ്ഞുപോയി ഉറങ്ങിന്‍.’

പാറുക്കുട്ടി : ‘വെറുതെ സാധുക്കളെ ഉപദ്രവിക്കുന്നതില്‍ ആശാനും ചേരുന്നോ?’

ആശാന്‍: ‘കാരിയവും കാരിയക്കേടും മൂത്ത പിള്ളയ്ക്കേ അറിയാവൂ. ചൊല്ലിയതിനെ ഞാന്‍ കേക്കും.’

പാറുക്കുട്ടി: ‘ആശാന്‍ താക്കോല്‍ ഇങ്ങു തരണം.’
കാര്‍ത്ത്യായനിയമ്മ: ‘സിദ്ധാന്തിക്കാതെ മകളേ. നാളെ ആകട്ടെ. നേരം പത്തു നാഴിക ഇരുട്ടി.’
പാറുക്കുട്ടി: ‘ഞാന്‍ ഇന്ന് ഉറങ്ങണമെങ്കില്‍ താക്കോല്‍ തരുവിക്കണം.’
കാര്‍ത്ത്യായനിയമ്മ: ‘താക്കോല്‍ എവിടെ? ഞങ്ങള്‍ തുറന്നുകൊള്ളാം. ആശാന്‍ തുറന്നുതരണ്ട. ‘
ആശാന്‍: ‘ഇതെന്തൊരു കളിയെന്നേ! കാലം കൊള്ളാം. ആയുധപ്പെരക്കാര് അവിച്വാതക്കേടു തുടങ്ങിയാല്‍ രാചൃം കാണുമോ?’
പാറുക്കുട്ടി: ‘അമ്മാ, അപ്പുറത്തൂന്ന് ആരെയെങ്കിലും ഇങ്ങോട്ടൊന്നു വിളിക്കണം.’
ആശാന്‍: ( തൊണ്ട വിറച്ചുംകൊണ്ട്) ‘അപമാനിക്കാന്‍. താക്കോല് അതാ കിടക്കുന്നു. എടുത്തു കൊള്ളിന്‍. നിങ്ങളെ പാട്. ആയുതപ്പുര ഞാന്‍ തൊട്ടതേഅല്ല.’

(മാര്‍ത്താണ്ഡവര്‍മ്മ)

…………………………………………………………..

ചില്വാനം മേടിച്ച് കുപ്പുവച്ചന്‍ പുറത്തിറങ്ങി.

തടുക്കപ്പായ നീക്കിയിട്ട് കേശി രവിയുടെ അരികെ വന്നിരുന്നു.

‘എപ്പള്ം പറയ്ം, അപ്പന്‍, ‘ അവള്‍ സംഭാഷണം തുടങ്ങി , ‘ഒര് തെവസം ഉണ്ണാമ്പിളിയ്ക്കണംന്ന്.’

രവി എന്തോ ഭംഗിവാക്ക് പറഞ്ഞു.

‘കേശീടെ ഭര്‍ത്താവ് ഏര്‍ക്കാട്ടിലോ മറ്റോ ആണെന്ന് കുപ്വച്ചന്‍ പറഞ്ഞിരുന്നു.’ രവി പറഞ്ഞു

‘ഓ, ആ. പോയിട്ടൊരുപാടായി. നാനെന്‍റെ വീട്ട്ലാടന്നു. പിന്നെ അപ്പന്‍ ഇങ്ങ്ട് വന്ന് പാര്‍ക്കാമ്പറഞ്ഞു.’
കുപ്പുവച്ചന്‍ എസെന്‍സുമായി തിരിച്ചെത്തി. കേശി രണ്ടു പിഞ്ഞാണക്കോപ്പകള്‍ അവരുടെ മുന്‍പില്‍ വെച്ചു.

‘നിയ്ക്കി വേണ്ടെീ?’ കുപ്പുവച്ചന്‍ ചോദിച്ചു.

കേശി കഴുത്തു വെട്ടിച്ചു, ‘ഹായ്, ഈ അപ്പന്‍!’
‘മോന്തിയ്ക്കാണീ, കുട്ടീ,’കുപ്പുവച്ചന്‍ പറഞ്ഞു, ‘ബ്ക്കെം.’
കുപ്പി പകുതിയായി.

‘കുട്ടി ഇരിയ്ക്കീ, നാമ്പോയി മീന്ങ്കൊണ്ട് വരാ.’
‘മീനും കൊണ്ട് വര് ഏ?’ രവി ചോദിച്ചു.

‘കഴായി ക്ട്ടെി നിറ്ത്തീട്ട്ണ്ട്. ഒറ്റല്ങ്കൊണ്ട് പുഗ്ഗേ വ്ണ്ടേൂ.’
കുപ്പുവച്ചന്‍ ഒറ്റലുമെടുത്ത് പുറപ്പെട്ടു.

‘പത്തേ പത്ത് മിന്ട്ട്, കുട്ടീ.’

കുപ്പുവച്ചന്‍ ചായപ്പീടികയിലെത്തിയപ്പോഴും അലിയാര്‍ ഇരുന്നുകണക്കു കൂട്ടുകയായിരുന്നു. ചായക്കുറ്റിയിലെ കണലുകളെല്ലാം കെടുത്തിക്കഴിഞ്ഞിരുന്നു.

‘നായര് കുട്ടിയെവടയാണ്ടാ രാവ്ത്തച്ചെക്കോ?’ കുപ്പുവച്ചന്‍ ചോദിച്ചു.
‘അയാള് വര്ണല്ലാവേ,’ അലിയാര്‍ പറഞ്ഞു, ‘ഞമ്മളൂല്ല.’

‘ഹൈ, ദ്ദെ ന്താദ്!’ കുപ്പുവച്ചന്‍ പിണങ്ങി, ‘ഞമ്മള്‍നെ എ്ളക്കി വ്ട്ടങ്ങാണ്ട് — ‘
‘ഞിങ്ങ തന്നേ എ്ള്ക്യതല്ലേന്നും?’ അലിയാര്‍ പറഞ്ഞു, ‘നങ്ങ ആരെങ്കില്ം ച്ണെിച്ചോ?’

‘ഹൈ, പ്ള്ളര് കളമ്പം കാട്ടാതെ. വന്നാണ് നിയ്യ്.’

‘തൊല്ലയായല്ലോ ഒടയതമ്പിരാനേ!’

‘ഹായ്, വന്നാണ് നിയ്യ്.’

അങ്ങനെ അവസാനം അവര്‍ പുറപ്പെട്ടു.

(ഖസാക്കിന്‍റെ ഇതിഹാസം)

………………………………………………………

പ്രിയപ്പെട്ട കുഞ്ഞുങ്ങളെ മുകളില്‍ വായിച്ചത് എന്താണെന്നോ എന്തെന്തു സവിശേഷതകള്‍ നിറഞ്ഞ സംഭാഷണങ്ങളാണെന്നോ നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞുവോ?

മലയാളഭാഷാ സാഹിത്യ ചരിത്രത്തില്‍ എക്കാലവും അനശ്വരമായി നിലനില്‍ക്കുന്ന നോവല്‍ സാഹിത്യത്തിലെ വിവിധ കാലങ്ങളെ അനാവരണം ചെയ്യുന്ന മഹത് കൃതികളിലെ വരികളാണവ.

ചരിത്ര കഥാപാത്രങ്ങള്‍ നോവലുകളില്‍ കടന്നു കൂടിയപ്പോള്‍ സാങ്കല്‍പ്പികതയുടെ മാധുര്യവും ചേര്‍ത്ത് സി വി രാമന്‍പിള്ള എന്ന മഹാനായ ആഖ്യായികാകാരന്‍ രചിച്ച കൃതിയാണ് ‘ മാര്‍ത്താണ്ഡവര്‍മ്മ’. തിരുവിതാംകൂറിന്‍റെ ചരിത്രം അന്വേഷിക്കുന്നവര്‍ക്ക് വളരെ വലിയൊരു മുതല്‍കൂട്ട് തന്നെയായിരിക്കും മാര്‍ത്താണ്ഡവര്‍മ. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറും പരിസരപ്രദേശങ്ങളും ഭാഷാസംസ്കാരവും സാമൂഹിക പരിതസ്ഥിതികളും എല്ലാം ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു.

ആധുനികതയുടെ കടന്നു വരവ് മലയാളഭാഷയില്‍ എപ്രകാരമാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നതിനുള്ള ഉത്തമോദാഹരണമാണ് വിഖ്യാത നോവലിസ്റ്റായ ഒ.വി. വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസം’. ഒരു ആഖ്യായിക ഏതെല്ലാം തരത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതാണ് എന്നും വായനക്കാരന്‍റെ ഏതൊക്കെത്തരം അഭിരുചികളെ തിരിച്ചറിയേണ്ടതാണെന്നും ഈ നോവല്‍ കാണിച്ചുതരുന്നു. ഭാഷ, സംസ്കാരം, സാമൂഹികം, പരിസ്ഥിതി, ജീവിതരീതി എന്നിങ്ങനെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നുണ്ട് ഖസാക്കിന്‍റെ ഇതിഹാസം .

ഈ രണ്ടുനോവലുകളിലെയും ഭാഷാരീതി പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്‍റെ ഉദ്ദേശം. അതോടൊപ്പം നമ്മളോരോരുത്തരും നമ്മള്‍ക്കിടയില്‍ നിന്നു തന്നെ പ്രാദേശികഭേദങ്ങളോടുകൂടിയ ധാരാളം പദങ്ങള്‍ കണ്ടെത്താനും ഇതൊരു അവസരമാക്കേണ്ടതാണ് .

1. എന്‍റെ വീട്ടിലെ പ്രാദേശിക പദങ്ങള്‍

2. എന്‍റെ സുഹൃത്തിന്‍റെ വീട്ടിലെ പ്രാദേശിക പദങ്ങള്‍

3. എന്‍റെ വിദ്യാലയത്തിലെ കൂട്ടുകാരുടെ പ്രാദേശിക പദങ്ങള്‍

എന്നിങ്ങനെ പട്ടികപ്പെടുത്തി നോക്കൂ. രസകരമായ ഈ കളിയില്‍ സുഹൃത്തുക്കളെ ഉള്‍പ്പെടുത്താന്‍ മറക്കല്ലേ….!

 

ഡോ.കെ.ബീന റിസർച്ച് അസിസ്റ്റന്റ് കേരള ചരിത്ര ഗവേഷണ കൗൺസിൽ തിരുവനന്തപുരം

0 Comments

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content