ആരാണ്?

ഒരു പാട്ടു പാടുന്ന പുള്ളിക്കുയിലിന്ന്
മറുപാട്ടു പാടുന്നതാരാണ്

പച്ചോലത്തുമ്പത്ത് ആയത്തിലാടുന്ന
പച്ച പനങ്കിളി തത്തയാണോ ?

ചക്കര മാമ്പഴം നൊട്ടി നുണയുന്ന
പൂവാലന്‍ അണ്ണാരക്കണ്ണനാണോ ?

ചെന്തൊപ്പി ചാര്‍ത്തി ഗമ കാട്ടി നില്‍ക്കുന്ന
അങ്കവാലന്‍ പൂവന്‍കോഴിയാണോ ?

പൂമണമൊക്കെയും കട്ടെടുത്തോടുന്ന
താന്തോന്നി കുഞ്ഞിളം കാറ്റാണോ ?

കാട്ടിലും മേട്ടിലും തല തല്ലിപ്പായുന്ന
വെള്ളിക്കൊലുസിട്ടോരരുവിയാണോ?

കണ്ണൊന്നു ചിമ്മിത്തുറക്കുന്ന മാത്രയില്‍
വേഷങ്ങള്‍ മാറുന്ന മേഘമാണോ ?

ആരാരും ചൊല്ലുന്നതില്ലേ പരമാര്‍ത്ഥം
ചൊല്ലിയാല്‍ സമ്മാനം നല്‍കാം.

തോട്ടു വരമ്പത്തെ കൈതപ്പൂ ചൊല്ലുന്നു
പാടിയതാരെന്നറിയാം.

കുഞ്ഞു പരലിനെ ചൂണ്ടയില്‍ കോര്‍ക്കുന്ന
വില്ലനാണാളെന്നറിയാം.

പി.ടി. മണികണ്ഠന്‍ പന്തലൂര്‍

0 Comments

Leave a Comment

FOLLOW US