വികൃതി രാമന്‍
സന്ദീപിന് വായിക്കാന്‍ മടിയാണ്. മുത്തശ്ശിയുടെ കഥ കേട്ടിരിക്കും എന്തെങ്കിലും കളിക്കാന്‍ കിട്ടുന്നതു വരെ. ചിലതെല്ലാം തുറന്നു നോക്കും ഉള്ളിലെന്താണെന്നു അറിയണമല്ലോ? ചെണ്ട കൊട്ടുന്ന കരടിപ്പാവ പൊളിച്ചതിനാണ് അമ്മ പിണങ്ങിയത്. ഇനി ഒരു കളിപ്പാട്ടവും വാങ്ങിത്തരില്ലാന്ന് ഉറപ്പിച്ചു പറഞ്ഞു.
ടി.വി യില്‍ ആണെങ്കില്‍ കണ്ട സിനിമകള്‍ തന്നെയാണ് എപ്പോഴും വരിക. കളിക്കാന്‍ കൂട്ടുകാരില്ലാതെ ആകെ മടുത്തു. സ്കൂള്‍ ഒന്ന് തുറന്നു കിട്ടിയാല്‍ മതി എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണ് അച്ഛന്‍ ഒരു കഥാപുസ്തകം തന്നത്. വികൃതി രാമന്‍, പേരിഷ്ടമായി. മുത്തശ്ശി അവനെ ഇടക്ക് വികൃതി രാമന്‍ എന്നു വിളിക്കാറുണ്ട്. പക്ഷേ തുറന്ന് നോക്കിയില്ല. പുറത്ത് ഒരു കുരങ്ങന്‍റെ ചിത്രം. മുത്തശ്ശി തന്നെ കുരങ്ങാ എന്നാണ് വിളിച്ചിരുന്നത് എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ നിന്നും വന്ന ചിരി മുഖത്ത് വിരിഞ്ഞു.
പുസ്തകം അവിടെ വെച്ച് കളിക്കാനായി പുറത്തിറങ്ങി. ആരെയും കാണാനില്ല. എപ്പോഴും തലങ്ങും വിലങ്ങും വാഹനങ്ങള്‍ ഓടിയിരുന്ന റോഡില്‍ ഒരു ഈച്ച പോലും പാറുന്നില്ല. കുറെ നേരം അങ്ങനെ നിന്നപ്പോള്‍ ബോറടിച്ചു. വീട്ടിലേക്ക് തിരിച്ച് കയറി. വീണ്ടും പുസ്തകം കൈയിലെടുത്തു. പി. നരേന്ദ്രനാഥ്. ഇതെഴുതിയ ആളാവും. നരേന്ദ്രന്‍ എന്ന് ഇതിനു മുമ്പ് കേട്ടിട്ടുണ്ടല്ലോ? എന്ന് ആലോചിച്ചു. ചുമരിലതാ കാവി പുതച്ച സന്യാസിയുടെ ചിത്രം. ഓ… അതുതന്നെ വിവേകാനന്ദ സ്വാമികളുടെ ചെറുപ്പത്തിലെ പേരാണ്. മുത്തശ്ശി വിവേകാനന്ദന്‍റെ കുറെ കഥകള്‍ പറയാറുണ്ട്. മുത്തശ്ശിക്കെവിടുന്നാ ഇത്രയും കഥകള്‍ കിട്ടുന്നത് എന്ന് സന്ദീപ് ഇടക്കിടെ ചോദിക്കും. പുസ്തകങ്ങള്‍ വായിച്ചിട്ടു തന്നെ, മുത്തശ്ശിക്ക് ഇനി മോന്‍ വേണം കഥ വായിച്ചു തരാന്‍.
സന്ദീപ് വികൃതി രാമനെ വെറുതെ മറിച്ച് നോക്കി. ഉള്ളിലും കുരങ്ങന്‍റെ ചിത്രങ്ങള്‍. ഒരു തമാശക്ക് കുറച്ചു വായിച്ചു. ഹ ഇതു കൊള്ളാമല്ലോ വികൃതി രാമന്‍. പിന്നെ കുറച്ചു കൂടി വായിച്ചു. കുരങ്ങന്‍റെ പിന്നാലെ കൂടി…
അമ്മ ഊണിന് വിളിച്ചപ്പോള്‍ സന്ദീപ് പറഞ്ഞു. ദാ ഇപ്പൊ… വരാം… കുറച്ചു കഴിഞ്ഞ് അമ്മ വീണ്ടും ഭക്ഷണം കഴിക്കാനായി സന്ദീപിനെ വിളിച്ചു. വീണ്ടും അതേ ഉത്തരം ദാ… ഇപ്പൊ വരാം…
അമ്മയുടെയും മുത്തശ്ശിയുടെയും ഊണു കഴിഞ്ഞു. എന്നിട്ടും സന്ദീപ് മാത്രം ഊണു കഴിക്കാന്‍ വന്നില്ല. അമ്മ സന്ദീപിനെ വിളിക്കാനായി വീണ്ടും എഴുന്നേറ്റു. സന്ദീപിന്‍റെ അമ്മയെ തടഞ്ഞു കൊണ്ട് മുത്തശ്ശി പറഞ്ഞു കുട്ടി എന്തെങ്കിലും വായിക്കുമ്പോള്‍ അവനെ എന്തിനാ ശല്യപ്പെടുത്തുന്നത്.
നിങ്ങള്‍ എത്ര കഥാപുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്? അടുത്ത കാലത്ത് വായിച്ച പുസ്തകം ഏതാണ്? പുസ്തകം വായനയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. രസകരമായ ഒരനുഭവം എഴുതുക. വായിച്ച് നോക്കി നല്ലതെന്നു തോന്നിയാല്‍ പൂക്കാലത്തിന് അയക്കുക.

പി. രാധാകൃഷ്ണൻ ആലുവീട്ടിൽ