നാളെയിലേക്കുറ്റുനോക്കുന്ന കിനാവഞ്ചി
വക്കുപൊട്ടിയ ചില്ലുപാത്രം
കണക്കെ ചിതറിത്തെറിച്ചയെന്‍
കിനാക്കളൊരായിരമുണ്ടിവിടെ
പാതയിലുടനീളം സ്വപ്നങ്ങളുടെ
കൂര്‍ത്ത മൂര്‍ത്ത ചീളുകളുമുണ്ട്
ഈ വഴിത്താരയിലൂടെ നടക്കുന്നവര്‍
ഹൃത്തടം മുറിവേല്‍ക്കാതെ –
സൂക്ഷിക്കുകയെന്നൊരു ഫലകം
കാലത്തിന്‍റെ കൈവരിയില്‍
അലംഭാവമില്ലാതെ തൂക്കിയിട്ടിട്ടുണ്ട്
സന്താപപ്പുഴയില്‍ കാലു വഴുതിവീണു
നനഞ്ഞൊട്ടിയ ഹൃദയം അയയില്‍
പിഴിഞ്ഞുണക്കാനായി തൂക്കിയപ്പോഴും
അക്ഷരക്കൂട്ടങ്ങളിറ്റിറ്റു വീഴുന്നുണ്ടീയിരുള്‍
കുടിച്ചിറക്കും മൂകമുറിയുടെ നെഞ്ചില്‍
വഴിതെറ്റി വന്ന നിന്നെയോര്‍ത്ത്
മാനമരച്ചുവട്ടിലിരുന്ന് ചിത്തത്തില്‍
വിരഹം ചാലിച്ചൊരു കവിതയെഴുതി
അതുകണ്ട് ദിനവും നെറ്റിയില്‍
വിരഹസിന്ദൂരം ചാര്‍ത്തുന്ന സന്ധ്യ
യെന്നെ നോക്കി തേങ്ങലമര്‍ത്തി
തീരങ്ങള്‍ തിരയെ നോക്കി വിതുമ്പി
പറവകള്‍ ചിറകു കുഴഞ്ഞു വീണു
ഇരുട്ട് പകലിനെയാര്‍ത്തിയോടെ വിഴുങ്ങി
കരപറ്റാത്തൊരു കിനാവഞ്ചി മാത്രം
ഓളങ്ങളില്‍ തട്ടി എങ്ങുമെത്താതെ
ഇന്നിന്നലെയുടെ തിരയിളക്കത്തില്‍
നാളെയിലേക്കുറ്റു നോക്കിയിളകുന്നുണ്ട്
സിന്ധു ഗാഥ