സിദ്ധാർത്ഥ് വീടു വിട്ടിറങ്ങുന്നു.!

മുരളി മാഷ്ക്ക് നന്ദി. ഇന്ന് മാഷ് വന്നപ്പോൾ അർജന്റീനയുടെ പത്ത് അപൂർവ തപാൽ സ്റ്റാമ്പുകളാണ് കൊണ്ടു വന്നത്. മാഷ് അങ്ങനെയാണ്. കൊവിഡ് മഹാമാരി കാരണം കുട്ടികളുടെ പഠനം മുടങ്ങരുത് എന്നു കരുതി സർക്കാർ തുടങ്ങിയ ഓൺലൈൻ ക്ലാസ്സ് എല്ലാ കുട്ടികളും പ്രയോജനപ്പെടുത്തുന്നില്ലേ എന്നറിയാൻ ആഴ്‌ചയിലൊരിക്കലെങ്കിലും മാഷ് തന്റെ കുട്ടികളുടെ വീടുകളിലെത്തും. പഠനപുരോഗതി മനസ്സിലാക്കും. സംശയ നിവൃത്തി വരുത്തും. വരുമ്പോൾ ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് കഥാപുസ്തകം, ക്രയോൺ, ക്രിക്കറ്റ് ബോൾ തുടങ്ങി എന്തെങ്കിലും ഉപഹാരങ്ങളും കരുതിയിരിക്കും.

കൊവിഡ് കാരണം മുരളിമാഷ്ടെ പതിവുക്ലാസ്സുകൾ നഷ്‌ടപ്പെട്ടല്ലോ എന്ന സങ്കടമാണ് കുട്ടികൾക്കെല്ലാം. സിദ്ധാർത്ഥിന് സ്റ്റാമ്പ് ശേഖരണത്തിലാണ് കമ്പം എന്ന് മാഷ് മനസ്സിലാക്കിയിട്ടുണ്ട്. കൂട്ടുകാരി നദീറയ്ക്കും സ്വന്തമായി സ്റ്റാമ്പ് ശേഖരണമുണ്ട്. അവളുടെ പച്ച അയർലന്റിന്റെ ഏതാനും അപൂർവ്വസ്റ്റാമ്പുകൾ അവൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. അവയിൽ ഒരേയിനം ഒന്നിൽക്കൂടുതൽ സ്റ്റാമ്പുകളുണ്ട്. അധികമുള്ളവ സിദ്ധാർത്ഥിനു നല്കാം എന്നവൾ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. മുരളിമാഷ് തന്ന സ്റ്റാമ്പുകളിലും ചിലവ ഒരേയിനം തന്നെയാണ്. അധികമുള്ള അർജന്റീനിയൻ സ്റ്റാമ്പുകൾ നദീറയ്ക്കും നല്കണം.

സിദ്ധാർത്ഥിനു ധൃതിയായി. സമയം അഞ്ചുമണിയോടടുക്കുന്നു. ഓഫീസ് വിട്ട് അമ്മ വീടണയാൻ ആറുമണിയെങ്കിലും ആവും. ഏഴുമണിക്കിപ്പുറം അച്ഛനെ നോക്കുകയേ വേണ്ട. രണ്ടുപേരും രാവിലെ വീടു വിട്ടിറങ്ങുമ്പോൾ പ്രത്യേകം ചട്ടം കെട്ടിയതാണ്. പുറത്തേക്കൊന്നും പോകരുത്. മൊബൈലിൽ കളിക്കരുത്. ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞാലും ഇരുന്നു പഠിക്കണം. കൂട്ടുകാരെ വിളിച്ചു കേറ്റി ടി.വി. കണ്ട് ഇരിക്കരുത്. അവരറിഞ്ഞാൽ ചീത്ത പറയും. അതുകൊണ്ട് അമ്മ എത്തുന്നതിനുമുമ്പ് നദീറയുടെ വീട്ടിൽ പോയി മടങ്ങി വരാം. അങ്ങോട്ടൊരോട്ടം. ഇങ്ങോട്ടൊരോട്ടം. സ്റ്റാമ്പുകൾ കൈമാറാം. കുശലം ചോദിക്കാം. അവളെ കണ്ടിട്ടും ഒരു പാടു നാളായി.

സിദ്ധാർത്ഥ് പിന്നെ ഒന്നും ആലോചിച്ചില്ല. വീടിന്റെ മുൻവാതിലടച്ചു. നേരെ നദീറയുടെ വീട്ടിലേക്കു കുതിച്ചു. നദീറയുടെ മമ്മ നല്ല വാത്സല്യമുള്ള കൂട്ടത്തിലാണ്. അവർ സിദ്ധാർത്ഥിനെ സ്നേഹകുശലങ്ങൾ കൊണ്ടു പൊതിഞ്ഞു പത്തിരിയും കോഴിക്കറിയും നല്കി സൽക്കരിച്ചു. സമയം പോയത് അറിഞ്ഞില്ല. തിരിച്ച് വീട്ടിലെത്തിയപ്പോൾ അകത്തു കയറാനാവാതെ അമ്മയുണ്ട് കലിതുള്ളി സിറ്റ് ഔട്ടിൽ നില്ക്കുന്നു. വാതിലടച്ച് നീ എങ്ങോട്ടാടാ പോയത്? നിനക്ക് നല്ല ചുട്ട അടികിട്ടാത്തതിന്റെ കുറവാണ്. സിദ്ധാർത്ഥ് വിക്കി വിക്കി കാര്യം പറയാൻ ശ്രമിച്ചു. പക്ഷെ അങ്ങയുടെ കലി അടങ്ങിയില്ല. അച്ഛനിങ്ങു വരട്ടെ. രണ്ടിലൊന്ന് അറിഞ്ഞിട്ടുമതി നീ വീട്ടിൽ കയറുന്നത്. സിദ്ധാർത്ഥ് വീട്ടിലേക്കു വച്ച കാൽ പിറകിലേക്കു വലിച്ചു.

അച്ഛൻ വീടണഞ്ഞപ്പോൾ ഇരുട്ടു പരന്നു കഴിഞ്ഞിരുന്നു. അതുവരേയും സിദ്ധാർത്ഥ് കാർഷെഡിൽ ഇരുട്ടിൽ പതുങ്ങി ഇരിക്കുകയായിരുന്നു. അകത്തുനിന്നും അച്ഛൻ ‘സിദ്ധാർത്ഥ് എവിടെ’ എന്ന് അന്വേഷിക്കുന്നതു കേട്ടു. തുടർന്ന് അമ്മ അച്ഛന്റെ മുന്നിൽ മകനെ കുറിച്ചുള്ള ആവലാതിയുടെ കെട്ടഴിച്ചു. സ്കൂൾ ഇല്ലാതായതോടെ അവന് താന്തോന്നിത്തം കൂടിയിട്ടുണ്ട്. ഇപ്പൊ പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവും. വിശക്കുമ്പോൾ തീൻമേശക്കു മുന്നിൽ എത്താതിരിക്കില്ല. അച്ഛന്റെ ഈ വാക്കുകൾ കൂടി കേട്ടതോടെ സിദ്ധാർത്ഥിനു കരച്ചിൽ വന്നു. ഉള്ളിലെന്തോ വിങ്ങിപ്പൊട്ടി. ‘ഇവർക്കെന്നെ വേണ്ട… ഇവർക്കെന്നെ വേണ്ട’ അവൻ തേങ്ങി.

പിന്നെ ഒന്നും ആലോചിച്ചില്ല. അവൻ ഗേറ്റു തുറന്ന് ഇരുട്ടിലേക്ക് ഇറങ്ങി നടന്നു. എത്ര നടന്നെന്നറിയില്ല. കാലുകൾ കുഴയാൻ തുടങ്ങിയിരുന്നു. ശരീരം തളരാൻ തുടങ്ങിയിരുന്നു. ശരീരം തളരാൻ തുടങ്ങിയിരുന്നു. വിശപ്പും ദാഹവും വേട്ടയാടാൻ തുടങ്ങിയിരുന്നു. എത്തിയത് വീട്ടിൽനിന്നും നാലഞ്ചു കിലോമീറ്റർ അകലെയുള്ള പട്ടണത്തിലാണെന്ന് സിദ്ധാർത്ഥിനു മനസ്സിലായി. മുമ്പ് പലപ്പോഴും അച്ഛനോടൊപ്പം ഇവിടെ വന്നതാണല്ലോ. കടകൾ അടഞ്ഞു തുടങ്ങിയിരുന്നു. ബസ് സ്റ്റാന്റിൽ ഏതാനും ബസ്സുകൾ അയവിറക്കി കിടക്കുന്നു, റിക്ഷാസ്റ്റാന്റിൽ ഇപ്പോൾ രണ്ടോ മൂന്നോ ഓട്ടോറിക്ഷകൾ മാത്രമേയുള്ളൂ. പരിചയമില്ലാത്ത പലരും സിദ്ധാർത്ഥിനെ തുറിച്ചുനോക്കി. അവന് അല്പം പേടി തോന്നി. അവൻ വെളിച്ചത്തിലേക്കു മാറി വെയിറ്റിംഗ് ഷെഡിലെ സിമന്റു ബഞ്ചിൽ ഇരുന്നു.

പെട്ടെന്ന് എവിടെ നിന്നാണ് ചുമലിൽ ഒരു സാന്ത്വനം പതിഞ്ഞത് അവൻ അത്ഭുതപ്പെട്ടു. മോനെന്താ ഇവിടെ? ഈ നേരത്ത്? മുന്നിൽ ദൈവം പോലെ മുരളി മാഷ്! മുരളി മാഷ് സിദ്ധാർത്ഥുമൊത്ത് തുറന്നു കണ്ട ഒരു ഹോട്ടലിൽ കയറി. അവന് ചായയും പലഹാരവും വാങ്ങി നല്കി. സാവകാശം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വാ, നമുക്ക് വീട്ടിൽ പോകാം. എല്ലാം പറഞ്ഞു ശരിയാക്കാം. അവർ ഓട്ടോറിക്ഷ വിളിക്കാൻ റിക്ഷാസ്റ്റാന്റിൽ എത്തിയപ്പോഴേക്കും അച്ഛനും അമ്മയും മറ്റു ചിലരും അവനെ അന്വേഷിച്ച് കാറിൽ അവിടെ എത്തിയിരുന്നു.

തുടർപ്രവർത്തനം

1. മുതിർന്നവർ പലരും, പ്രത്യേകിച്ചും അച്ഛനും അമ്മയും അദ്ധ്യാപകരും, പലപ്പോഴും നിങ്ങളെ ശരിക്കു മനസ്സിലാക്കുന്നില്ല എന്ന് കൂട്ടുകാർക്ക് തോന്നിയിട്ടുണ്ടോ? എങ്കിൽ അത്തരം ഒരു അനുഭവം എഴുതി നോക്കൂ. മെച്ചപ്പെടുത്തി പൂക്കാലത്തിന് അയച്ചുതരൂ.
2. ഈ കഥയിലെ മുരളിമാഷെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ? നിങ്ങളുടെ മനസ്സിലെ മാതൃകാദ്ധ്യാപികയെക്കുറിച്ച് ഒരു കുറിപ്പ് എഴുതൂ.

എം. വി. മോഹനൻ

0 Comments

Leave a Comment

FOLLOW US